ഡീൻ ഹ്യൂസന് പിന്നാലെ ഡിഫൻഡർക്കായി റയൽ; ലക്ഷ്യം പ്രീമിയർ ലീഗ് താരങ്ങൾ
വില്യം സാലിബ, കൊണാട്ടെ എന്നിവരാണ് സ്പാനിഷ് ക്ലബിന്റെ റഡാറിലുള്ളത്.
പോയ സീസണിൽ ലാലിഗയിൽ മാത്രം റയൽമാഡ്രിഡ് വഴങ്ങിയത് 38 ഗോളുകളാണ്. ഫുട്ബോൾ അനലിസ്റ്റായ ഒപ്റ്റ പുറത്തുവിട്ട ഡേറ്റ പ്രകാരം 2024-25 സീസണിൽ ഡിഫൻസീവ് ഡ്യൂട്ടിയിൽ ലോസ് ബ്ലാങ്കോസ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ആദ്യ സ്ഥാനങ്ങളിലൊന്നും ഒരു സെൻട്രൽ ഡിഫൻഡറുമില്ല. റൈറ്റ്ബാക്കായും മിഡ്ഫീൽറായുമെല്ലാം കളിച്ച ഫെഡറികോ വാർവെർഡേയാണ് റയലിനായി കാര്യമായി പണിയെടുത്തത്. ഏറ്റവുമൊടുവിൽ റയൽ കളത്തിലിറങ്ങിയ പിഎസ്ജിക്കെതിരായ ക്ലബ് ലോകകപ്പ് സെമിയിലും ആദ്യ രണ്ട് ഗോളുകൾ വന്നതും ഡിഫൻസിലെ പിഴവിൽ നിന്നായിരുന്നു. ആടിഉലയുന്ന റയൽമാഡ്രിഡ് സെൻട്രൽബാക്ക് പൊസിഷനിലേക്കാണ് ഈ കണക്കുകളെല്ലാം വിരൽചൂണ്ടുന്നത്... ഇതോടെ സമ്മർ ട്രാൻസ്ഫറിൽ പ്രതിരോധത്തിൽ ചില സുപ്രധാന കരുനീക്കങ്ങൾക്ക് ഒരുങ്ങുകയാണ് റയൽ.
ഡീൻ ഹ്യൂസൻ. സാബി അലോൺസോ പരിശീലക ചുമതലയേറ്റെടുത്ത ശേഷം പ്രതിരോധത്തിലേക്കുള്ള സുപ്രധാന സൈനിങായിരുന്നു ഈ സ്പാനിഷ് താരത്തിന്റേത്. ആദ്യ പരീക്ഷണശാലയായ ക്ലബ് ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത 20 കാരൻ സാബിയുടെ പ്ലാനിലേക്ക് അതിവേഗം ഇഴകിചേരുന്നതാണ് കണ്ടത്. ഇതോടെ വരും സീസണിൽ ലോസ്ബ്ലാങ്കോസ് നിരയിലെ പ്രധാന താരമായി ഹ്യൂസൻ കളത്തിലിറങ്ങുമെന്ന കാര്യം ഉറപ്പായി. എന്നാൽ സ്പാനിഷ് ഡിഫൻഡർക്ക് കൂട്ടായി ആരെയാകും റയൽ പരിശീലകൻ വിശ്വാസമർപ്പിക്കുക. ആന്റോണിയോ റൂഡിഗർ, റൗൾ അസൻസിയോ, എഡർ മിലിറ്റാവോ ഓപ്ഷനുകൾ നിരവധിയുണ്ടെങ്കിൽ പ്രീമിയർലീഗിൽ നിന്ന് പുതിയൊരു താരത്തെയെത്തിക്കാൻ സാബി അലോൺസോ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ.
വില്യം സാലിബ, ഇബ്രാഹിമ കൊണാട്ട. ഏറ്റവും പുതിയ ട്രാൻസ്ഫർ അപ്ഡേറ്റിൽ റയലിനൊപ്പം പറഞ്ഞുകേൾക്കുന്ന പ്രധാന പേരുകൾ ഈ രണ്ട് സെൻട്രൽ ഡിഫൻഡർമാരുടേതാണ്. നിലവിൽ യൂറോപ്യൻ ഫുട്ബോളിൽതന്നെ മികച്ച വർക്ക്റേറ്റുള്ള പ്രതിരോധതാരമാണ് വില്യം സാലിബ. 2019 മുതൽ ആഴ്സനനൊപ്പം തുടരുന്ന 24 കാരൻ ക്ലബ് പവർഹൗസിലെ സുപ്രധാന താരമാണ്. ഭാവി താരമായി ഗണ്ണേഴ്സ് പരിഗണിക്കുന്നവരിലും പ്രധാനിയാണ് ഈ ഫ്രഞ്ച് ഡിഫൻഡർ. എന്നാൽ റയൽമാഡ്രിഡ് പോലൊരു ചാമ്പ്യൻസ് ക്ലബിൽ നിന്ന് മോഹിപ്പിക്കുന്ന ഓഫർവന്നാൽ താരം അത് സ്വീകരിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഗണ്ണേഴ്സിനൊപ്പം കഴിഞ്ഞ സീസണിൽ പ്രധാന കിരീടങ്ങളൊന്നും നേടാനാവാത്തതും താരത്തിന്റെ ചുവടുമാറ്റത്തിന് കാരണമാമേക്കും. കിലിയൻ എംബാപ്പെ, എഡ്വാർഡോ കമവിംഗ, ചുവാമെനിയക്കമുള്ള ദേശീയ ടീമിൽ കളിക്കുന്ന താരങ്ങളുടെ നീണ്ടനിരയും റയലിലേക്ക് സാലിബയെ ആകർഷിക്കുന്ന ഘടകമാണ്.
ഗാർഡിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും സാലിബ ട്രാൻസ്ഫർ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് ക്ലബിനൊപ്പം രണ്ട് വർഷം കൂടിയാണ് താരത്തിന് കരാറുള്ളത്. പ്രതിരോധത്തിലെ നെടുംതൂണായ സാലിബയെ കൈവിടുകയെന്നത് ആർസനലിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. ഇതിനാൽ സാലറി ഹൈക്ക് ഉൾപ്പെടെയുള്ള നീക്കങ്ങളുമായി യങ് ഡിഫൻഡറുമായി ദീർഘകാല കരാറിലെത്താനാകും ആഴ്സനൽ ശ്രമിക്കുക. നേരത്തെ കിലിയൻ എംബാപ്പെ, ആന്റോണിയോ റൂഡിഗർ, ഡേവിഡ് എലാബ, ഒടുവിലായി ട്രെൻഡ് അലക്സാണ്ടർ അർസോണോൾഡ് എന്നിവരെയെല്ലാം ഫ്രീ ട്രാൻസ്ഫറിൽ റയൽ കൂടാരത്തിലെത്തിച്ചിരുന്നു. അതിനാൽ സാലിബക്കായി കാത്തിരിക്കാനും ക്ലബ് തയാറായേക്കും. എന്നാൽ സുപ്രധാനപ്ലെയറെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ ആഴ്സനൽ തയാറാകില്ല. താരത്തെ വിൽക്കുകയാണെങ്കിൽ 80-100 മില്യൺ പൗണ്ടടക്കം ക്ലബ് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഫ്രഞ്ച് ഡിഫൻഡറുടെ തീരുമാനമാകും നിർണായകമാകുക
ട്രെൻഡ് അലക്സാണ്ടർ അർണോൾഡിന്റെ ചുവടുമാറ്റം ലിവർപൂൾ ആരാധകരെ സംബന്ധിച്ച് വേദനാജനകമായിരുന്നു. റയലിൽ ട്രെൻഡിനെ അവതരിപ്പിച്ചുകൊണ്ടുള്ള ചടങ്ങിൽ ലിവർപൂളുമായി തങ്ങൾക്ക് മികച്ച ബന്ധമാണുള്ളതെന്ന് പ്രസിഡന്റ് ഫ്ളോറന്റീന പെരസ് പരസ്യമായി പറയുകകൂടി ചെയ്തതോടെ ഇനിയും താരങ്ങളുടെ ഒഴുക്കുണ്ടാകുമോയെന്ന് ആരാധർ ഭയക്കുന്നു. ഇപ്പോഴിതാ ആൻഫീൽഡിൽ നിന്ന് മറ്റൊരു താരം കൂടി ബെർണബ്യൂവിലേക്ക് ചുവടുമാറാൻ ഒരുങ്ങുന്നതായി ട്രാൻസ്ഫർ വാർത്ത വരുന്നു. 26 കാരൻ ഇബ്രാഹിമ കൊണാട്ടയാണ് റയൽ റഡാറിലുള്ളത്. 2024-25 സീസൺ അവസാനത്തോടെ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന ഫ്രഞ്ച് ഡിഫൻഡർ ഇതുവരെ ഇംഗ്ലീഷ് ക്ലബിനൊപ്പം കരാർ പുതുക്കാൻ തയാറായിട്ടില്ല. ഒരുവർഷം മുൻപ് കോൺഡ്രാക്ട് പുതുക്കാൻ ക്ലബ് ഒരുങ്ങിയെങ്കിലും അന്നും ചർച്ച വിജയകരമായില്ല. ഇതോടെ താരത്തിന്റെ കൂടുമാറ്റം ശക്തിയാർജ്ജിച്ചു. റയൽ റൈറ്റ്ബാക്കായ അലക്സാണ്ടർ അർണോൾഡിനൊപ്പം ദീർഘകാലം ലിവർപൂളിൽ ഒരുമിച്ച് കളിച്ച പരിജയവും കൊണാട്ടയുടെ റയൽ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ്.
നിലവിൽ റയൽ നിരയിൽ പുറത്തേക്കുള്ള വഴിതേടുന്ന റോഡ്രിഗോയുമായി കൊണാട്ടയുടെ സ്വാപ് ഡീൽ സാധ്യതയും സ്പാനിഷ് മാധ്യമങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. ആർസലിന്റെയടക്കം ടാർഗറ്റായ റോഡ്രിഗോ ഡീൽ വെട്ടുകയും ഇതിലൂടെ ലിവർപൂൾ ലക്ഷ്യമിടുന്നു. നിലവിൽ ഫ്ളോറിയാൻ വിർട്സസ്, ഹ്യൂഗോ എകിടിക്ക അടക്കമുള്ള താരങ്ങളെ വലിയ തുക മുടക്കിയെത്തിച്ച ചെമ്പട വീണ്ടുംപണമെറിഞ്ഞ് റോഡ്രിഗോയെ എത്തിക്കുമോയെന്നതും കണ്ടറിയണം.
എസിഎൽ ഇഞ്ചുറി കഴിഞ്ഞെത്തിയ എഡർ മിലിറ്റാവോ ഇതുവരെ പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല... തുടരെ പരിക്ക് അലട്ടുന്ന ആന്റോണിയോ റൂഡിഗറിന്റെ ഫോമിലും ക്ലബിന് ആശങ്കയുണ്ട്. ജർമൻ ഡിഫൻഡറുമായുള്ള കരാർ പുതുക്കുന്നതിലടക്കം ക്ലബ് തീരുമാനം വൈകിപ്പിച്ചിരിക്കുകയാണ്. 33 കാരൻ ഡേവിഡ് അലാബയും പുറത്തേക്കുള്ള വഴിതേടുകയാണ്. റൗൾ അസൻസിയോയെ സുപ്രധാന മത്സരങ്ങളിലടക്കം ഫസ്റ്റ് ചോയ്സിലേക്ക് പരിഗണിക്കാൻ ഇനിയും സമയമെടുക്കും.
സെൻട്രൽ ഡിഫൻസിൽ റയൽ നേരിടുന്ന ഈ പ്രതിസന്ധിയാണ് ചടുലനീക്കത്തിന് പിന്നിൽ. നിലവിൽ ഇംഗ്ലീഷ് പ്രീമിയർലീഗിലെ എക്സ്പീരിയൻസ് റയൽമാഡ്രിഡിനെ സാലിബ, കൊണാട്ട എന്നീ താരങ്ങളിലേക്ക് ആകർഷിക്കുന്നു. അപ്പോഴും ലിവർപൂൾ ഡിഫൻഡർ കൊണാട്ടയേക്കാൾ റയൽ ഒരുപടികൂടി പ്രതീക്ഷവെക്കുന്നത് സാലിബയിലാണ്. സാബി അലോൺസോയുടെ പ്ലാനിന് യോചിച്ച താരം. യുവത്വത്തിന് പുറമെ നേതൃപാടവവും സാങ്കേതിക നിലവാരവുമെല്ലാം സാലിബയ്ക്ക് അനുകൂലഘടകമാകുന്നു. പിന്നിൽ നിന്ന് ബിൽഡ്അപ്പ് ചെയ്ത് കളിക്കുന്നതിലും ബോൾ കൺഡ്രോളിലുമെല്ലാം ആർസനൽ താരം മുന്നിട്ടുനിൽക്കുന്നു. പുതിയ സീസൺ ലക്ഷ്യമിട്ടുള്ള കൃത്യമായ മുന്നൊരുക്കത്തിലാണ് സാബി അലോൺസോ. ഈ നീക്കത്തിന് കരുത്തുപകരാൻ പ്രതിരോധത്തിൽ പുതിയ അഡീഷൻ കൊണ്ടുവരാൻ റയൽ മാഡ്രിഡിനാകുമോ... സ്പെയിനിൽ നിന്നുള്ള ട്രാൻസ്ഫർ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം