ബാഴ്സക്ക് ഹോം ഗ്രൗണ്ടിൽ കണ്ണീർ; എൽ ക്ലാസിക്കോയിൽ റയലിന് ജയം

Update: 2021-10-24 16:53 GMT

തുടർച്ചയായ രണ്ടു ജയങ്ങളുടെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ബാഴ്‌സലോണയ്ക്ക് എൽ ക്ലാസിക്കോയിൽ കാലിടറി. ചിരവൈരികളായ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സയെ അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തോൽപ്പിച്ചത്.

ക്യാമ്പ് ന്യൂവിൽ ഇരുടീമുകളും പതിയെ മാത്രമാണ് കളി തുടങ്ങിയത്. മികച്ച ആദ്യ അവസരം ലഭിച്ചത് ബാഴ്സലോണക്ക് ആയിരുന്നു. ഫുൾബാക്കായ ഡെസ്റ്റിന് കിട്ടിയ തുറന്ന അവസരം ലക്ഷ്യത്തിൽ എത്തിക്കാൻ താരത്തിനായില്ല. കളി പുരോഗമിച്ചപ്പോൾ റയൽ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.

32ആം മിനുട്ടിൽ റയൽ മാഡ്രിഡ് ആരാധകർ ആഗ്രഹിച്ച നിമിഷം എത്തി. ഒരു കൗണ്ടറിലൂടെ ബാഴ്സലോണ ഡിഫൻസിനെ മറികടന്ന് മുന്നേറിയ റയൽ മാഡ്രിഡ് അലാബയിലൂടെ ലീഡ് എടുത്തു. റോഡ്രിഗോയുടെ പാസ് സ്വീകരിച്ച് അലാബ തൊടുത്ത ബുള്ളറ്റ് ഡൈവ് ചെയ്ത ടെർ സ്റ്റേഗന് തടയാൻ ആയില്ല.

Advertising
Advertising

രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ബാഴ്സലോണ കിണഞ്ഞു ശ്രമിച്ചെങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കുക അവർക്ക് ഒട്ടും എളുപ്പമായില്ല. ഫതിയെ പിൻവലിച്ച് അഗ്വേറോയെ ഇറക്കി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇഞ്ച്വറി ടൈമിൽ ഒരു കൗണ്ടറിലൂടെ ലൂകാസ് വാസ്കസും കൂടെ നിറയൊഴിച്ചതോടെ ബാഴ്സലോണയുടെ പരാജയം ഉറപ്പായി. 97ആം മിനുട്ടിൽ അഗ്വേറോ ഒരു ഗോൾ മടക്കിയെങ്കിലും സമയം വൈകിയിരുന്നു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News