‘എട്ട് വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ തോളിൽ’; വൈഭവിന്റെ ചിത്രം വൈറൽ
ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ വെടിക്കെട്ട് സെഞ്ച്വറിയോടെ രാജ്യമെങ്ങും താരം രാജസ്ഥാൻ റോയസിന്റെ വൈഭവ് സൂര്യവൻശിയാണ്. 14കാരന്റെ ബാറ്റിങ്ങിന്റെ പ്രതീർത്തിച്ച് സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലുമെല്ലാം ഒരുപോലെ വാർത്തകൾ നിറയുന്നു. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ വരെ വൈഭവിനെ അഭിനന്ദിച്ച് രംഗത്തെത്തി.
ഇതിനിടയിൽ വൈഭവിന്റെ പഴയ ഒരു ചിത്രം വൈറലാകുകയാണ്. 2017ൽ റൈസിങ് പുനെ സൂപ്പർ ജയന്റ്സിന്റെ മത്സരത്തിൽ അച്ഛന്റെ കൈയ്യിലിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ഇതിന് പിന്നാലെ അന്ന് പുനെ ഉടമയും നിലവിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമായുമായ സഞ്ജീവ് ഗോയങ്ക രംഗത്തെത്തി.
‘‘പോയ രാത്രിയിൽ ഞാൻ അത്ഭുതത്തോടെ അത് കണ്ടു. ഇന്ന് രാവിലെ ആറ് വയസ്സുള്ള വൈഭവ് സൂര്യവൻശി 2017ൽ എന്റെ ടീമായ റൈസിങ് പുനെ സൂപ്പർജയന്റിനെ പിന്തുണക്കുന്ന ചിത്രവും കണ്ടു’’ എന്ന തലക്കെട്ടിൽ സഞ്ജീവ് ഗോയങ്ക ആ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.
ശക്തരായ ഗുജറാത്ത് ബൗളിങ് ലൈനപ്പിനെതിരെ 35 പന്തിലാണ് വൈഭവ് സെഞ്ച്വറി തികച്ചത്.ഐപിഎല്ലിലെ വേഗതയേറിയ രണ്ടാം സെഞ്ച്വറിയാണിത്. 11 സിക്സറുകളും ഏഴ് ബൗണ്ടറികളുമാണ് ആ ബാറ്റിൽ നിന്നും ഉയർന്നത്.