പഞ്ചാബിനെ 'പഞ്ചറാക്കി' കേരളം സെമിയിലേക്ക്

രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ പിറക്കാൻ 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു

Update: 2022-04-22 18:34 GMT
Editor : Dibin Gopan | By : Web Desk

മഞ്ചേരി: പഞ്ചാബിനെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനലിൽ. പഞ്ചാബിനെതിരേ 2-1നായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി ക്യാപ്റ്റൻ ജിജോ ജോസ്ഫ ഇരട്ട ഗോൾ കണ്ടെത്തി. മൻവീർ സിങ്ങാണ് പഞ്ചാബിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്നു വിജയവും ഒരു സമനിലയുമായാണ് കേരളത്തിന്റെ മുന്നേറ്റം.

12-ാം മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ പിഴവിൽ നിന്ന് പഞ്ചാബ് മുന്നിലെത്തി. മൻവീർ സിങ്ങാണ് പഞ്ചാബിനായി സ്‌കോർ ചെയ്തത്. മൻവീറിന്റെ ഷോട്ട് ഗോൾകീപ്പർ മിഥുൻ തടയാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ കൈയിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

Advertising
Advertising

ഗോൾ വീണതോടെ കേരളം ആക്രമണം ശക്തമാക്കി. 14-ാം മിനിറ്റിൽ സൽമാന്റെ ഷോട്ട് പഞ്ചാബ് ഗോളി ഹർപ്രീത് സിങ് തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റിൽ അർജുൻ ജയരാജിനും ലക്ഷ്യം കാണാനായില്ല. 17-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി കേരളത്തിന്റെ സമനില ഗോളെത്തി. അർജുൻ ജയരാജ് നൽകിയ ക്രോസ് ക്യാപ്റ്റൻ ജിജോ ജോസഫ് കിടിലൻ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ വലതുവിങ്ങിലൂടെ പഞ്ചാബ് കേരള ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു. 22-ാം മിനിറ്റിൽ മൻവീർ സിങ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.29ാം മിനിറ്റിൽ കേരളത്തിന് തിരിച്ചടിയായി ഗോൾകീപ്പർ മിഥുൻ പരിക്കേറ്റ് പുറത്തുപോയി. ഹജ്മൽ. എസ് ആണ് പകരം ഗോൾവല കാത്തത്.

രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ പിറക്കാൻ 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കാണികളെ ഒന്നടങ്കം ആവേശത്തിലാക്കി ജിജോയുടെ വിജയഗോളെത്തി. ഇടതു വിങ്ങിൽ നിന്ന് സഞ്ജു നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ പഞ്ചാബ് ഡിഫൻഡർമാർ വരുത്തിയ പിഴവ് മുതലെടുത്ത് ജിജോ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ ജിജോയുടെ രണ്ടാം ഗോൾ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News