ആദ്യാവസാനം ത്രില്ലർ; ക്രൊയേഷ്യയെ കൊതിപ്പിച്ച് ക്വാർട്ടറിൽ കടന്നുകളഞ്ഞ് സ്പെയിൻ (5-3)

യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾപിറക്കുന്ന രണ്ടാമത്തെ മത്സരമായി ഇത്. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ അഞ്ചു ഗോളടിക്കുന്ന ആദ്യ ടീമായി സ്‌പെയിൻ മാറുകയും ചെയ്തു.

Update: 2021-06-28 18:51 GMT
Editor : André
Advertising


എട്ട് ഗോൾ പിറന്ന പ്രീക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യയെ എക്‌സ്ട്രാ ടൈമിൽ 5-3ന് തകർത്ത് സ്‌പെയിൻ യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ. ആദ്യപകുതിയിൽ ഗോൾകീപ്പറുടെ പിഴവിൽ പിറന്ന സെൽഫ് ഗോളിൽ പിറകിലായ ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച സ്‌പെയിൻ വിജയമുറപ്പിച്ചെങ്കിലും നോർമൽ ടൈമിന്റെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോൾ ക്രൊയേഷ്യ തിരിച്ചടിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയിൽ രണ്ട് ഗോൾ നേടി സ്‌പെയിൻ വിജയം സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പും മുൻ ചാമ്പ്യന്മാരും തമ്മിലുള്ള മത്സരത്തിൽ ആദ്യരക്തം ചിന്തിയത് 20-ാം മിനുട്ടിലാണ്. പെഡ്രി ബോക്‌സിലേക്ക് നൽകിയ ബാക് പാസ് കാലിലൊതുക്കുന്നതിൽ സ്പാനിഷ് കീപ്പർ ഉനായ് സിമോണിന് പിഴച്ചപ്പോൾ ക്രൊയേഷ്യക്ക് അപ്രതീക്ഷിത ലീഡ്. ക്രോട്ടുകളുടെ ആ ഭാഗ്യത്തിന് പക്ഷേ, 18 മിനുട്ടേ ആയുസ്സുണ്ടായുള്ളൂ. ശക്തമായ ആക്രമണത്തിനൊടുവിൽ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിൽ കൂളായി ലക്ഷ്യം കണ്ട് പാബ്ലാ സറാബിയ സ്‌പെയിനിനെ ഒപ്പമെത്തിച്ചു. ആദ്യപകുതിയിക്ക് പിരിയുമ്പോൾ കളി 1-1 ലായിരുന്നു.

57-ാം മിനുട്ടിൽ ഫെറാൻ ടോറസിന്റെ അസിസ്റ്റിൽ അസ്പിലിക്വേറ്റയും 76-ാം മിനുട്ടിൽ പോ ടോറസിന്റെ പാസിൽ നിന്ന് ഫെറാൻ ടോറസും ലക്ഷ്യം കണ്ടതോടെ സ്‌പെയിൻ സുരക്ഷിതരാണെന്നുറപ്പിച്ചു. എന്നാൽ തോറ്റു കൊടുക്കാൻ സന്നദ്ധരാവാതെ പൊരുതിയ ക്രൊയേഷ്യ 85-ാം മിനുട്ടിൽ മിസ്ലാവ് ഓർസിച്ചിലൂടെ ഒരു ഗോൾ മടക്കി. ഒരു ഗോൾ ലീഡിൽ കടിച്ചുതൂങ്ങാനുള്ള സ്‌പെയിനിന്റെ ശ്രമം ക്രോട്ടുകളുടെ ആക്രമണവീര്യത്തിൽ വീണ്ടും പാളി. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുട്ടിൽ ഓർസിച്ചിന്റെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡ്ഡറുതിർത്ത് മരിയോ പാലി കളി ആവേശഭരിതമാക്കി.

എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതി സംഭവബഹുലമായിരുന്നു. അഞ്ചാം മിനുട്ടിൽ ഡാനി ഒൽമോ വലതുഭാഗത്തു നിന്നു നൽകിയ ക്രോസ് ബോക്‌സിൽ നിയന്ത്രിച്ച് തകർപ്പനൊരു ഫിനിഷിലൂടെ അൽവാരോ മൊറാട്ട സ്‌പെയിനിന് ലീഡ് നൽകി. മൂന്ന് മിനുട്ടുകൾക്കപ്പുറം ഓൽമോയുടെ മറ്റൊരു പാസിൽ നിന്ന് മികേൽ ഒയാർസബേൽ സ്‌പെയിനിന്റെ ലീഡ് വർധിപ്പിച്ച് ലക്ഷ്യം കണ്ടു. രണ്ട് സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ കഴിയാതിരുന്നത് ക്രൊയേഷ്യക്കും തിരിച്ചടിയായി. ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് വീണുതടഞ്ഞ് ഉനായ് സിമോൺ ആദ്യഗോളിലെ പിഴവിന് പ്രായശ്ചിത്തം ചെയ്തു.

യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾപിറക്കുന്ന രണ്ടാമത്തെ മത്സരമായി ഇത്. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ അഞ്ചു ഗോളടിക്കുന്ന ആദ്യ ടീമായി സ്‌പെയിൻ മാറുകയും ചെയ്തു. ഫ്രാൻസിന്റെ അഞ്ചും യുഗോസ്ലാവ്യയുടെ നാലുമടക്കം ഒമ്പത് ഗോൾ പിറന്ന 1960-ലെ സെമിഫൈനലിന്റെ റെക്കോർഡ് തകർക്കാൻ നിരവധി അവസരങ്ങൾ അവസാന നിമിഷങ്ങളിൽ സ്‌പെയിനിന് ലഭിച്ചെങ്കിലും മുതലാക്കാൻ  കഴിഞ്ഞില്ല.

ഇന്ന് നടക്കുന്ന ഫ്രാൻസ് - സ്വിറ്റ്‌സർലന്റ് മത്സരത്തിലെ ജേതാക്കളെയാണ് സ്‌പെയിൻ ക്വാർട്ടറിൽ നേരിടുക.

Tags:    

Editor - André

contributor

Similar News