ഫിഫ റാങ്കിങ്: അര്‍ജന്റീനയെ മൂന്നാം സ്ഥാനത്തേക്കിറക്കി സ്‌പെയിന്‍ ഒന്നാമത്

Update: 2025-09-18 13:16 GMT
Editor : safvan rashid | By : Sports Desk

സൂറിച്ച്: ഇന്ന് പ്രസിദ്ധീകരിച്ച പുതുക്കിയ ഫിഫ റാങ്കിങ്ങില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്കറങ്ങി. സ്‌പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഫ്രാൻസാണ് രണ്ടാം സ്ഥാനത്ത് . തെക്കേ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനോട് നേരിട്ട അപ്രതീക്ഷിത തോല്‍വിയാണ് അർജന്റീനയുടെ രണ്ടു വര്‍ഷവും അഞ്ചു മാസവുമായി ഫിഫ റാങ്കിങ്ങിൽ അര്‍ജന്റീന തുടര്‍ന്നു വന്ന അപ്രമാദിത്വം നഷ്ടപ്പെടുത്തിയത്. തോൽവി അര്‍ജന്റീനക്ക് 15.4 പോയിന്റ് കുറവുണ്ടാക്കി.

യൂറോപ്യന്‍ ലോകകപ്പ് ക്വാളിഫയറില്‍ ബള്‍ഗേറിയക്കും(3-0) തുർക്കിയക്കും (6-0) എതിരെ നേടിയ മികച്ച വിജയങ്ങളോടെയാണ് 1875 പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1871 പോയിന്റാണുള്ളത്. ലോകകപ്പ് ക്വാളിഫയറില്‍ ഉക്രൈനിനും ഐസ്‍ലാൻഡിനും എതിരെ ഫ്രാന്‍സ് വിജയം നേടിയിരുന്നു. ഇത് ഇരു ടീമുകള്‍ക്കും അര്‍ജന്റീനയെ മറികടക്കുന്നതിന് സഹായിച്ചു.

ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുമ്പോൾ പോര്‍ച്ചുഗല്‍ ബ്രസീലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീല്‍, നെതര്‍ലൻഡ്സ്, ബെല്‍ജിയം, ക്രൊയേഷ്യ, ഇറ്റലി തുടങ്ങിയ ടീമുകളാണ്‌ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം നേടിയത്. ജപ്പാന്‍ ആണ് ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയ ഏക ഏഷ്യന്‍ ടീം. ഇന്ത്യയുടെ റാങ്കിങ് 134 ാം സ്ഥാനത്തേക്ക് താഴ്ന്നു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News