വിരമിച്ച സ്പാനിഷ് നായകൻ സെർജിയോ ബുസ്‌കറ്റ്‌സ് ക്ലബ് തലത്തിൽ തുടരും
ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിന് വീണപ്പോൾ നായകസ്ഥാനത്തായിരുന്നു ബുസ്‌ക്റ്റസ്
സ്പാനിഷ് നായകൻ സെർജിയോ ബുസ്‌കറ്റ്‌സ് അന്താരാഷ്ട്രാ ഫുട്‌ബോളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ് തലത്തിൽ തുടരും. സമൂഹമാധ്യമത്തിലൂടെ ഇന്നലെയാണ് ബുസ്‌കറ്റ്‌സ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2010 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന താരം വിരമിച്ചതോടെ സ്പാനിഷ് മധ്യനിരയിലെ ബുസ്‌കറ്റ്‌സ് യുഗമാണ് അവസാനിച്ചിരിക്കുന്നത്.
ഒന്നരപതിറ്റാണ്ടോളം സ്‌പെയിൻ കുപ്പായത്തിൽ മധ്യനിരയെ നയിച്ചാണ് ബുസ്‌കറ്റ്‌സ് എന്ന ഇതിഹാസം ബൂട്ടഴിക്കുന്നത്. സാവിയും ഇനിയസ്റ്റയും ഫാബ്രികസും അടക്കി വാണിരുന്ന സ്പാനിഷ് മധ്യനിരയിലേക്ക് 2009ലാണ് ബുസ്‌കറ്റ്‌സ് എത്തുന്നത്. ടിക്കി ടാക്കയെ ലോകം ഏറ്റെടുത്തപ്പോൾ ബുസ്‌കറ്റസ് ടീമിലെ സ്ഥിരം സാന്നിധ്യമായി. 2010 ലോകകപ്പിൽ എല്ലാ മത്സരത്തിലും ബുസ്‌കറ്റ്‌സ് ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നു.
സ്പാനിഷ് ടീമിനായി 143 മത്സരങ്ങളിൽ കളിച്ച ബുസ്‌കറ്റ്‌സ് 2 ഗോളും നേടിയിട്ടുണ്ട്. ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിന് വീണപ്പോൾ നായകസ്ഥാനത്തായിരുന്നു ബുസ്‌ക്റ്റസ്.
അതേസമയം, ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന ലൂസേഴ്‌സ് ഫൈനൽ ഇന്ന് നടക്കും. സെമിഫൈനലിൽ തോറ്റ മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ രാത്രി 8.30ന് ഖലിഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. സെമിയിൽ ക്രൊയേഷ്യ അർജൻറീനയോടും മൊറോക്കോ ഫ്രാൻസിനോടുമാണ് തോറ്റിരുന്നത്. കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല... അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും.
ലൂസേഴ്‌സ് ഫൈനൽ തുല്യ ശക്തികളുടെ പോരാട്ടമാണ്. മൊറോക്കോ ഇതിനോടകം ചരിത്രം സൃഷ്ടിച്ച് കഴിഞ്ഞു. സെമിഫൈനലിൽ തോറ്റെങ്കിലും ടീമിൽ പൂർണ്ണവിശ്വാസമുണ്ട് ആരാധകർക്ക്. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ ആ വിശ്വാസം കാക്കണം ഹകീമിക്കും സംഘത്തിനും. വാലിദ് റിക്രാഖിയുടെ പ്രതിരോധതന്ത്രം തന്നെയാണ് കരുത്ത്. സിയെച്ചും ഹകീമിയും അന്നസീരിയും ഫോമിലാണ്. സെമിഫൈനലിനിറങ്ങിയ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടായേക്കില്ല. മോഡ്രിച്ച് എന്ന നായകനു വേണ്ടിയാണ് ക്രൊയേഷ്യ ഇന്ന് ഇറങ്ങുന്നത്. ലോകകപ്പിലെ അവസാന മത്സരത്തിന് മോഡ്രിച്ച് ഇറങ്ങുമ്പോൾ ജയം വേണം ടീമിന്. മോഡ്രിച്ച് നയിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. അവസാന മത്സരത്തിലും ഡാലിച്ചിന്റെ തന്ത്രങ്ങൾക്ക് മാറ്റമുണ്ടാകില്ല. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിതമായിരുന്നു. ഖത്തറിലെ തങ്ങളുടെ അവസാന മത്സരത്തിൽ തുല്യശക്തികൾ ഏറ്റുമുട്ടുമ്പോൾ മത്സരഫലം അപ്രവചനീയമാണ്.
അതേസമയം, ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്റ്റേഡിയത്തിൽ അർജൻറീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ നടക്കും. 35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്. 60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങുന്നത്.2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്.
Spanish captain Sergio Busquets has retired from international football but will remain at club level