ആന്ദ്രേ ഇനിയേസ്റ്റ യുഎഇ ക്ലബിൽ; എമിറേറ്റ്‌സ് എഫ്‌സിയുമായി കരാറൊപ്പിട്ടു

റൊണാൾഡോ, ബെൻസേമ, സാദിയോ മനേ തുടങ്ങിയ പ്രമുഖർക്ക് ശേഷം ഗൾഫിൽ ഫുട്‌ബോൾ കളിക്കാനെത്തുകയാണ് 39കാരനായ ഇനിയേസ്റ്റ

Update: 2023-08-10 04:13 GMT

സ്പാനിഷ് ഫുട്‌ബോൾ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ യു.എ.ഇ പ്രേ ലീഗ് ക്ലബായ എമിറേറ്റ്‌സ് എഫ്‌സിയുമായി കരാറൊപ്പിട്ടു. 2024 ജൂൺ വരെ നീണ്ടുനിൽക്കുന്നതാണ് ഇനിയേസ്റ്റയുടെ കരാർ. ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്.  ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മനേ, ജോർദൻ ഹെൻേഡഴ്‌സൺ, എൻഗോലോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖർക്ക് ശേഷം ഗൾഫിൽ ഫുട്‌ബോൾ കളിക്കാനെത്തുകയാണ് 39കാരനായ താരം.

Advertising
Advertising

ജപ്പാനിലെ വെസ്സൽ കോബെ വിടുന്നതായി കഴിഞ്ഞ മേയിൽ ഇനിയേസ്റ്റ പ്രഖ്യാപിച്ചിരുന്നു. ജെ ലീഗ് സീസണിൽ അധിക മത്സരങ്ങളിൽ താരം ബെഞ്ചിൽ തന്നെയായിരുന്നു. ഇതിനെ തുടർന്നാണ് ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചത്. വെസ്സൽ കോബെയിൽ ഈ സമ്മറിൽ ഇനിയേസ്റ്റയുടെ കരാർ കഴിഞ്ഞിരുന്നു. ഇതോടെ താരം ഫ്രീ ഏജൻറായിരുന്നു.

ബാഴ്‌സലോണയിലും ജപ്പാനിലുമായി കരിയറിലെ നിരവധി വർഷങ്ങൾ ചെലവിട്ട ശേഷം ഇത് വളരെ പ്രധാനപ്പെട്ട മറ്റൊരു ചുവടാണെന്ന് റാസൽ ഖൈമയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ  താരം പറഞ്ഞു.

'ഞാനിവിടെ പുതിയൊരു പേജ് തുറക്കുകയാണ്, എന്റെ ടീമിനൊപ്പം മികച്ച റിസൽട്ടിനായി സാധ്യമായതെല്ലാം ചെയ്യും. ബാഴ്‌സലോണയിലും വെസ്സൽ കോബെയിലും ഞാനെനിക്ക് സാധ്യമായതെല്ലാം ചെയ്തു. ഇവിയെും അങ്ങനെ ചെയ്യും' ഇനിയേസ്റ്റ വ്യക്തമാക്കി.

16 വർഷം ബാഴ്‌സലോണക്കായി കളിച്ച ശേഷം 2018ലാണ് ഇനിയേസ്റ്റ ജപ്പാനീസ് ക്ലബായ വെസ്സൽ കോബെയിൽ ചേർന്നത്. ബാഴ്‌സലോണയിലായിരിക്കെ നാലു വട്ടം ചാമ്പ്യൻസ് ലീഗ് കിരീടവും ഒമ്പത് വട്ടം ലാ ലീഗ കിരീടവും നേടിയിരുന്നു.

2010 ലോകകപ്പിലും 2008, 2012 യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ജേതാക്കളായ സ്‌പെയിൻ ടീമിലും ഇനിയേസ്റ്റയുണ്ടായിരുന്നു. വെസ്സൽ കോബെക്കൊപ്പം 2019ൽ എംപറേർസ് കപ്പും 2020ൽ ജപ്പാനീസ് സൂപ്പർ കപ്പും താരം നേടി. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ടീമിനെയെത്തിച്ചു.

2020 എമിറേറ്റ്‌സ് കപ്പും സൂപ്പർ കപ്പും നേടിയ ശേഷം എമിറേറ്റ്‌സ് എഫ്‌സിയ്ക്ക് പിന്നീട് നേട്ടങ്ങളും കോട്ടങ്ങളുമുണ്ടായിട്ടുണ്ട്. എട്ടാം നമ്പർ ജേഴ്‌സിയാണ് ക്ലബിൽ ഇനിയേസ്റ്റ അണിയുകയെന്നും വരും വർഷങ്ങളിൽ താരം ടീമിനൊപ്പമുണ്ടാകുമെന്നും എമിറേറ്റ്‌സ് എഫ്‌സി ചെയർമാൻ യൂസഫ് അൽ ബത്രാൻ പറഞ്ഞു.

ലയണൽ മെസിയുടെ ഇൻറർ മയാമിയിലേക്ക് രണ്ട് വർഷത്തെ കരാറിൽ താരം പോകുമെന്ന് വാർത്തകളുണ്ടായിരുന്നു. ബാഴ്‌സലോണയിലെ പഴയ സഹതാരവുമായി ഇനിയേസ്റ്റ വീണ്ടും കളിച്ചേക്കുമെന്നും കരുതപ്പെട്ടു. പക്ഷേ അതുണ്ടായില്ല. 

Spanish football legend Andres Iniesta has signed a contract with UAE club Emirates FC.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News