ട്രാൻസ്ഫർ വാർത്തയ്ക്ക് മിലോസിന്റെ ലൈക്ക്; ജൊവെറ്റിച്ച് ബ്ലാസ്‌റ്റേഴ്‌സിലേക്ക്?

ഇംഗ്ലണ്ട്, ജർമനി, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് രാജ്യങ്ങളിലെ ലീഗിൽ പന്തു തട്ടിയ അനുഭവസമ്പന്നനാണ് ജൊവെറ്റിച്ച്

Update: 2024-08-13 14:24 GMT
Editor : abs | By : Web Desk

മോണ്ടിനെഗ്രോ ക്യാപ്റ്റൻ സ്റ്റീവൻ ജൊവെറ്റിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെന്ന റിപ്പോർട്ടുകൾക്കിടെ, ഇതുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് ലൈക്കടിച്ച് ബ്ലാസ്റ്റേഴ്‌സ് താരം മിലോസ് ഡ്രിൻസിച്ച്. മൊണ്ടിനെഗ്രോയിൽ നിന്ന് കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് എത്തിച്ച പ്രതിരോധ താരമാണ് ഡ്രിൻസിച്ച്. മെറിഡിയൻ സ്‌പോർട് എന്ന മാധ്യമം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാർത്തയ്ക്കാണ് മിലോസിന്റെ ലൈക്ക്. ജൊവെറ്റിച്ചുമായുള്ള കരാർ അന്തിമഘട്ടത്തിലാണ് എന്നാണ് മെറിഡിയൻ സ്‌പോർട്‌ റിപ്പോർട്ടു ചെയ്യുന്നത്.

ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയ ദിമിത്രിയോസ് ഡയമന്റകോസിന്റെ പകരമായാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കറെ അന്വേഷിക്കുന്നത്. രണ്ടു വർഷം നീണ്ട കരിയറിന് ശേഷമാണ് ഡയമന്റകോസ് ടീം വിട്ടത്. 13 ഗോളുമായി കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു താരം. മറ്റു ടീമുകളെല്ലാം വിദേശ സൈനിങ് പൂർത്തിയാക്കിയപ്പോൾ കേരള ടീമിന്റെ അന്വേഷണം അവസാനിച്ചിരുന്നില്ല.

Advertising
Advertising

ഇത്തവണ മുന്നേറ്റനിരയിലേക്ക് ഗോവയിൽ നിന്ന് മൊറോക്കൻ താരം നോഹ സെദൂയിയെ ബ്ലാസ്‌റ്റേഴ്‌സ് എത്തിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന ക്വാമി പെപ്രയും ടീമിലുണ്ട്. പരിക്കു പറ്റിയ ഓസീസ് താരം ജോഷ്വ സൊറ്റിരിയോയെ ടീം ഒഴിവാക്കിയേക്കും എന്ന റിപ്പോർട്ടുണ്ട്. പ്രതിരോധത്തിലെ വിദേശതാരം അലക്‌സാണ്ടർ സിയോഫ് കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്നിരുന്നു.

ബിഗ് ഫൈവ് ലീഗിലെ അനുഭവസമ്പന്നന്‍

യാഥാര്‍ഥ്യമായാല്‍ ഈ വര്‍ഷത്തെ ഐഎസ്എല്‍ കൈമാറ്റ ജാലകത്തിലെ ശ്രദ്ധേയ ട്രാന്‍സ്ഫറാകും ജൊവെറ്റിച്ചിന്‍റേത്. ട്രാൻസ്ഫർ വിപണിയിൽ 5.6 കോടിയാണ് താരത്തിന്‍റെ വിപണിമൂല്യം. ഇംഗ്ലണ്ട്, ജർമനി, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് രാജ്യങ്ങളിലെ ലീഗിൽ (ബിഗ് ഫൈവ് ലീഗ്) പന്തു തട്ടിയ അനുഭവസമ്പത്തുണ്ട്. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിനു വേണ്ടിയാണ് അവസാനം ബൂട്ടുകെട്ടിയത്. 

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, സെവില്ല, മൊണാക്കോ, ഫിയറന്റീന തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2008-2013 വർഷങ്ങളിൽ ഫിയറന്റീനയ്ക്ക് വേണ്ടി 116 മത്സരങ്ങളിൽ അരങ്ങേറി. 35 ഗോളും നേടി. 2013ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. 2016 വരെ പ്രീമിയർ ലീഗായിരുന്നു തട്ടകം. 30 മത്സരങ്ങളിൽനിന്ന് എട്ടു ഗോൾ നേടി. വായ്പാടിസ്ഥാനത്തിൽ 2015-16 വർഷം ഇന്റർമിലാനിൽ കളിച്ചു. അടുത്ത വർഷം സെവിയ്യയിലും. സെവിയ്യയ്ക്കായി 21 മത്സരവും ഇന്റർമിലാനു വേണ്ടി അഞ്ചു മത്സരവും കളിച്ചു. 2017ൽ ഫ്രഞ്ച് വമ്പന്മാരായ മൊണോക്കോയിലെത്തി. അഞ്ചു വർഷത്തിനിടെ 61 മത്സരത്തിൽ ബൂട്ടുകെട്ടി. 18 ഗോളും നേടി. ഇറ്റലിയിൽനിന്ന് ജർമൻ ക്ലബ്ബായ ഹെർത്ത ബി.എസ്.സിയിലേക്കും അവിടെ നിന്ന് ഒളിംപിയാക്കോസിലേക്കുമാണ് കൂടുമാറിയത്. ഒളിംപിയാക്കോസിനായി 21 മത്സരങ്ങളിൽനിന്ന് ആറു ഗോളുകൾ സ്വന്തമാക്കി.

ബാൾക്കൻ രാജ്യമായ മോണ്ടെനെഗ്രോക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ്. ഇതുവരെ 36 ഗോളാണ് സ്‌ട്രൈക്കർ ദേശീയ ടീമിനു വേണ്ടി അടിച്ചുകൂട്ടിയത്. ക്ലബ്, അന്താരാഷ്ട്ര കരിയറിൽ നേരിട്ടുള്ള ഒരു റെഡ് കാർഡ് പോലും കിട്ടാത്ത കളിക്കാരൻ എന്ന ഖ്യാതിയും ജൊവെറ്റിച്ചിനുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News