ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടി; പ്ലേഓഫ് മാറ്റിനടത്തില്ല; അച്ചടക്ക സമിതി തീരുമാനം ഇന്ന് വരും

വിവാദ ഗോളില്‍ ബ്ലാസ്റ്റേഴ്സ് പരാതിക്കു പിന്നാലെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി ഇന്നലെ രാത്രി അടിയന്തര യോഗം ചേർന്നിരുന്നു

Update: 2023-03-07 02:46 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേഓഫ് മത്സരം മാറ്റിനടത്തണമെന്ന കേരള ബ്ലാസ്റ്റേഴ്സ് ആവശ്യം അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) തള്ളി. ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി അംഗീകരിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിവാദം ചർച്ച ചെയ്യാനായി ഇന്നലെ രാത്രി ചേർന്ന സമിതി യോഗത്തിന്റെ തീരുമാനം ഇന്ന് പ്രഖ്യാപിക്കും.

ഐ.എസ്.എല്ലിൽ ഇന്ന് സെമി പോരാട്ടങ്ങൾ തുടങ്ങാനിരിക്കെയാണ് ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു വിവാദത്തിൽ എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി ഇന്നലെ അടിയന്തര യോഗം ചേർന്നത്. ബെംഗളൂരു നായകൻ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് പരാതി നൽകിയിരുന്നു. ക്രിസ്റ്റലിനെ ഐ.എസ്.എൽ മത്സരങ്ങളിൽനിന്ന് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരു എഫ്.സിയും മുംബൈ സിറ്റിയും തമ്മിലുള്ള ആദ്യ പാദ സെമിഫൈനലിന് മുൻപ് വിഷയത്തിൽ തീരുമാനമെടുക്കാമെന്ന് ഫുട്‌ബോൾ ഫെഡറേഷൻ നൽകിയ മറുപടി. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഇന്നലെ അടിയന്തര യോഗം വിളിച്ചത്. യോഗത്തിൽ ബെംഗളൂരു എഫ്.സിയുടെ ഭാഗവും സമിതി കേട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

അടിയന്തര യോഗത്തിൽ ബ്ലാസ്‌റ്റേഴ്‌സ് പ്രതിഷേധത്തിനെതിരെയാണ് പൊതുവികാരമെന്നാണ് ബന്ധപ്പെട്ടൊരു വൃത്തം വാർത്താ ഏജൻസിയായ പി.ടി.ഐയോട് വെളിപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധം യോഗം തള്ളിക്കളഞ്ഞെന്ന് അദ്ദേഹം വെളിപ്പെടുത്തി. അച്ചടക്ക സമിതി തീരുമാനം ഇന്നു പുറത്തുവിടും. പുറത്തുവരുന്ന വിവരങ്ങൾ അനുസ രിച്ച് ഒരുപക്ഷെ മഞ്ഞപ്പടയ്ക്കുനേരെ അച്ചടക്ക നടപടി വരാനും സാധ്യതയുണ്ട്.

ഛേത്രിയുടെ വിവാദ ഫ്രീകിക്ക്; ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരത്തിൽ നടന്നത്

ഇരുപകുതികളും ഗോൾരഹിതമായതിനെ തുടർന്ന് എക്‍സ്ട്രാ ടൈമിലേക്ക് നീണ്ട ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു പ്ലേഓഫ് മത്സരത്തിൽ 96-ാം മിനിറ്റിലാണ് വിവാദ ഗോൾ പിറന്നത്. ഫ്രീകിക്ക് തടയാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കുംമുൻപെ ബെംഗളൂരുവിൻരെ സുനിൽ ഛേത്രി ഗോൾ വലയിലാക്കുകയായിരുന്നു. റഫറി ഗോൾ വിളിക്കുകയും ചെയ്തു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച് താരങ്ങളെ മുഴുവൻ തിരിച്ചുവിളിച്ചു.

ഗാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. തുടർന്ന് ഇരുടീം ആരാധകരും ഗാലറിയിൽ ഏറ്റുമുട്ടുന്ന കാഴ്ചക്കും ബാംഗ്ലൂർ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. ശേഷം മാച്ച് റഫറിയെത്തി ബെംഗളൂരു വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Summary: Kerala Blasters' demand for replay of controversial playoff against Bengaluru FC rejected by AIFF disciplinary committee: Reports

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News