'ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ'; മാർട്ടിനെസിനെതിരെ രൂക്ഷ വിമർശനവുമായി ആദിൽ റാമി

മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് മൊറോക്കോയിൽ നിന്നുള്ള യാസീൻ ബോനുവിന് നൽകേണ്ടതായിരുന്നുവെന്നും ആദിൽ റാമി

Update: 2022-12-22 11:44 GMT
Editor : afsal137 | By : Web Desk
Advertising

അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനെന്ന് വിശേഷിപ്പിച്ച് മുൻ ഫ്രഞ്ച് ഡിഫൻഡറും 2018 ലെ ലോകകപ്പ് ജേതാവുമായ ആദിൽ റാമി. ബ്യൂണസ് ഐറിസിലെ കാരവാനിൽ ഫ്രാൻസ് താരം എംബാപ്പെയെ അധിക്ഷേപിച്ചുള്ള മാർട്ടിനെസിന്റെ പ്രവർത്തിയിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ മൊറോക്കോയിൽ നിന്നുള്ള യാസീൻ ബോനുവിന് നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

''എംബാപ്പെ അവരെ വളരെയധികം പ്രതിരോധത്തിലാക്കി, നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് നേടിയതിലുള്ള ആഘോഷത്തേക്കാൾ ഉപരി ഞങ്ങളുടെ ദേശീയ ടീമിനെതിരായ വിജയം അവർ ആഘോഷിക്കുന്നു''- ആദിൽ റാമി കൂട്ടിച്ചേർത്തു. ഫൈനലിന് മുന്നോടിയായി ലയണൽ സ്‌കലോനി നയിക്കുന്ന അർജന്റീനയുടെ കളിയെയും റാമി വിമർശിച്ചിരുന്നു. ''എനിക്ക് മെസ്സിയുടെ എല്ലാ കാര്യങ്ങളും ഇഷ്ടമാണ്, പക്ഷേ ഈ അർജന്റീന ടീമിനെ എനിക്ക് ഇഷ്ടമല്ല. ഈ ലോകകപ്പിൽ അർജന്റീനിയൻ ടീം വളരെയധികം ആക്രമണോത്സുകതയോടും ദുഷ്ടതയോടും ന്യായരഹിതമായ കളിയാണ് കളിക്കളത്തിൽ പുറത്തെടുത്തത്. അവർ ഒരു നല്ല പ്രതിച്ഛായ കാണിച്ചില്ലെന്ന് ഞാൻ കരുതുന്നു''- റാമി പറഞ്ഞു.


തിങ്കളാഴ്ച രാത്രി ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ അർജന്റീന ടീമിന് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണമാണ് ലഭിച്ചത്.ഫ്രാൻസ് താരം കിലിയൻ എംബാപ്പെയെ വെറുതേവിടാൻ ഉദ്ദേശമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതായിരുന്നു എമിലിയാനോ മാർട്ടീനെസിന്റെ പ്രവർത്തി. ഖത്തറിലെ ലോകകപ്പ് ഫൈനൽ വേദിയിലെ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടും മാർട്ടീനസ് വിവാദത്തിന് തിരികൊളുത്തിയത്. ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ അർജന്റൈൻ താരങ്ങൾക്കൊരുക്കിയ സ്വീകരണത്തിനിടെയാണ് മാർട്ടീനെസ് പുതിയ വെടിപൊട്ടിച്ചത്.

ടീമംഗങ്ങൾക്കൊപ്പം തുറന്ന ബസിൽ ആരാധകരെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കവെ മാർട്ടീനെസ് ഒക്കത്ത് വെച്ച പാവയിലേക്ക് നോക്കുമ്പോൾ കാര്യം മനസിലാകും. പാവയുടെ മുഖത്തിന് പകരം കിലിയൻ എംബാപ്പെയുടെ ചിത്രം!. എംബാപ്പെയുടെ ചിത്രത്തിൽ നിന്ന് തല വെട്ടിയെടുത്ത് പാവയുടെ മുഖത്ത് ഒട്ടിച്ചതാണ്. ആ പാവയുമായാണ് എമിലിയാനോ മാർട്ടീനസ് ടീമിന്റെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്തത്. മാർട്ടീനെസ് ഇത്തരത്തിൽ ആഘോഷം നടത്തുമ്പോൾ തുറന്ന ബസിൽ ഒപ്പം ലയണൽ മെസ്സിയുമുണ്ടായിരുന്നു. പി.എസ്.ജിയിൽ മെസ്സിയുടെ സഹതാരം കൂടിയാണ് എംബാപ്പെ. എന്നിട്ടും മാർട്ടീനസിന്റെ എംബാപ്പെയെ ലക്ഷ്യം വെച്ചുള്ള വിചിത്രമായ ആഘോഷങ്ങളെ തടയാനോ തള്ളിപ്പറയാനോ മെസ്സി തയ്യാറായില്ല.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News