കളിയവസാനിക്കും മുമ്പേ ഫൈനല്‍ വിസില്‍, ഒന്നല്ല രണ്ടു തവണ!; വിവാദ നായകനായി റഫറി

ആഫ്രിക്കൻ നാഷൻസ് കപ്പിൽ ടുണീഷ്യ-മാലി പോരാട്ടത്തിനിടെ അരങ്ങേറിയത് അസാധാരാണ സംഭവങ്ങൾ

Update: 2022-01-14 12:11 GMT
Advertising

കളി അവസാനിക്കും മുമ്പ് റഫറി ഫൈനൽ വിസിൽ മുഴക്കിയാൽ എങ്ങനെയുണ്ടാവും. അതും രണ്ടു തവണ!. കഴിഞ്ഞ ദിവസം ആഫ്രിക്കൻ നാഷൻസ് കപ്പിൽ ടുണീഷ്യ-മാലി പോരാട്ടത്തിനിടെ നടന്നത് അസാധാരാണ സംഭവങ്ങൾ. കളിയിൽ 1-0 ത്തിന് മാലി ജയിച്ചു നിൽക്കെ 85ാം മിനിറ്റിൽ റഫറി ഫൈനൽ വിസിൽ മുഴക്കി.

റഫറിയുടെ അസാധാരാണ നടപടിയിൽ പ്രതിഷേധിച്ച് ടുണീഷ്യൻ കോച്ചും മറ്റ് ടീമംഗങ്ങളും ഗ്രൗണ്ടിലേക്കിറങ്ങി. തനിക്ക് പറ്റിയ അമളി മനസിലാക്കിയ റഫറി കളി വീണ്ടും തുടർന്നു. പക്ഷെ കാര്യങ്ങൾ അവിടം കൊണ്ടവസാനിച്ചില്ല. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ 89ാം മിനിറ്റിൽ റഫറി വീണ്ടും ഫൈനൽ വിസിൽ മുഴക്കി. ടുണീഷ്യൻ കോച്ചും താരങ്ങളും വീണ്ടും പ്രധിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല.

പരിക്കിനും വീഡിയോ ചെക്കിനുമൊക്കെയായി നിരവധി സമയം കളിക്കിടെ പോയിരുന്നുവെങ്കിലും ഇഞ്ചുറി ടൈം പോലും അനുവദിക്കാതെ റഫറി കളി അവസാനിപ്പിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ സ്‌കോർ ചെയ്ത്  വിജയത്തിലും സമനിലയുമൊക്കെ കലാശിച്ച കളികൾ ഫുട്‌ബോൾ ചരിത്രത്തിലുള്ളതിനാല്‍ തന്നെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഫുട്‌ബോൾ ലോകത്തു നിന്ന് ഉയർന്നു കേൾക്കുന്നത്. സാംബിയൻ റഫറി ജോണി സികാസ്വെയാണ് തന്‍റെ  അസാധാരണ തീരുമാനങ്ങള്‍ കൊണ്ട് വിവാദ നായകനായത്.

കളിയുടെ 87ാം മിനിറ്റിൽ മാലി താരമായ ബിലാൽ ടൗറേക്കിന് റഫറി റെഡ് കാർഡ് നൽകിയ തീരുമാനവും വിവാദമായി. വീഡിയോ ദൃശ്യങ്ങളിൽ റെഡ് കാർഡ് നൽകാൻ മാത്രമുള്ള ഫൗളല്ല ബിലാല്‍ ചെയ്തത് എന്ന് വ്യക്തമായിരുന്നു. വിഡിയോ റഫറി തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജോണി സികാസ്വെ തന്‍റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News