മൂന്നടിച്ച് ടോട്ടനാം ; ന്യൂകാസിലിനെ സമനിലയിൽ കുടുക്കി ആസ്റ്റൺ വില്ല
വെസ്റ്റ് ഹാമിനെ അട്ടിമറിച്ച് സണ്ടർലാൻഡ്
ലണ്ടൻ : ടോട്ടനാം അരങ്ങേറ്റത്തിൽ ഇരട്ട അസിസ്റ്റുമായി മുഹമ്മദ് ഖുദ്‌സ് തിളങ്ങിയ മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ടോട്ടനാം ഹോട്സ്പുർ. ഇരു പകുതികളിലുമായി ബ്രസീലിയൻ മുന്നേറ്റ താരം റിച്ചാർലീസൻ വലകുലുക്കിയപ്പോൾ മൂന്നാം ഗോൾ ബ്രണ്ണൻ ജോൺസണിന്റെ വകയായിരുന്നു.
പത്താം മിനുട്ടിൽ തന്നെ ബേൺലി വലകുലുങ്ങി. വലതു വിങ്ങിൽ നിന്നും ഖുദ്‌സ് നൽകിയ ക്രോസിനെ ഒരു ഹാഫ് വോളിയിലൂടെ റിച്ചാർലീസൻ വലയിലെത്തിച്ചു. പിന്നാലെ വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. അറുപതാം മിനുട്ടിൽ റിച്ചാർലീസൻ വീണ്ടും ഗോൾ നേടി. ഖുദ്‌സ് നൽകിയ ക്രോസിനെ മികച്ച ഒരു ബൈസൈക്കിൾ കിക്കിലൂടെ താരം ഗോളാക്കി മാറ്റി. പെപെ മാറ്റ സാറിന്റെ പാസിൽ നിന്നായിരുന്നു ബ്രണ്ണൻ ജോൺസണിന്റെ ഗോൾ.
ന്യൂകാസിൽ - ആസ്റ്റൺ വില്ല മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ടീം വിടാനൊരുങ്ങി നിൽക്കുന്ന ഇസാക് ഇല്ലാതെയിറങ്ങിയ ന്യൂകാസിലിനായി ആന്റണി ഗോർഡനാണ് മുന്നേറ്റത്തിന്റെ ചുമതല ഏറ്റെടുത്തത്. പരിക്കേറ്റ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ല നിരയിലുണ്ടായില്ല. 66 ആം മിനുട്ടിൽ ആസ്റ്റൺ വില്ല പ്രതിരോധ താരം കോൻസ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയെങ്കിലും ന്യൂകാസിലിന് അവസരം മുതലെടുക്കാനായില്ല.
ബ്രൈറ്റൻ - ഫുൾഹാം മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ സണ്ടർലൻഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തി.