യൂറോപ്യൻ സൂപ്പർ ലീഗ്; റയലിനെയും ബാഴ്‌സയെയും തൊടാന്‍ ഭയന്ന്‌ യുവേഫ

യുവേഫയെ മറികടന്ന് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകൾ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പർ ലീഗിൽ നിന്ന് പിൻവാങ്ങിയിരുന്നു

Update: 2021-06-10 09:54 GMT
Editor : ubaid | Byline : Web Desk
Advertising

യൂറോപ്യൻ സൂപ്പർ ലീഗില്‍ നിന്ന് പിന്‍വാങ്ങാത്ത ക്ലബുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളെ വിലക്കാൻ ഉള്ള തീരുമാനം യുവേഫ മാറ്റിവെച്ചു. ചാമ്പ്യൻസ് ലീഗിൽ നിന്ന് ഈ ടീമുകളെ വിലക്കും എന്നായിരുന്നു നേരത്തെ യുവേഫയുടെ തീരുമാനമെങ്കിലും കാര്യങ്ങൾ മയപ്പെടുത്തുകയാണ് എന്നാണ് സൂചന. തൽക്കാലം ഈ മൂന്നു ക്ലബുകൾക്ക് എതിരെയും യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് യുവേഫ അറിയിച്ചു.

യൂറോപ്പിലെ ഏറ്റവും വലിയ ക്ലബുകളായ ഇവർക്കെതിരെ നടപടി എടുത്താൽ ചാമ്പ്യന്‍സ് ലീഗ് പ്രതിരോധത്തിലായി പോകും എന്ന ഭയമാണ് യുവേഫയെ പിറകോട്ട് അടുപ്പിച്ചത്. പുതിയ ഉത്തരവ് വരുന്നത് വരെ ഈ ക്ലബുകൾക്ക് എതിരായ എല്ലാ നടപടികളും സ്റ്റേ ചെയ്യാൻ ആണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്.

'ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയാൽ മാപ്പ് പറയാനോ പിഴ അടയ്‌ക്കാനോ ബാഴ്‌സലോണ തയ്യാറാവില്ല. ക്ലബ് കായിക തർക്ക പരിഹാര കോടതിയെ സമീപിക്കും. ക്ലബിന്റെ താൽപര്യത്തിന് വേണ്ടി പോരാടും, സുസ്ഥിരമായ ഒരു ഫുട്ബാൾ മാതൃക വികസിപ്പിക്കും' എന്നുമായിരുന്നു ബാഴ്‌സലോണ പ്രസിഡന്റ് യുവാൻ ലപ്പോർട്ടയുടെ മറുപടി.  യൂറോപ്യൻ സൂപ്പർ ലീഗ് ഉപേക്ഷിച്ചിട്ടില്ലെന്നും തിരിച്ചുവരുമെന്നുമായിരുന്നു റയൽ മഡ്രിഡ് പ്രസിഡന്റും സൂപ്പർ ലീഗ് ചെയർമാനുമായ ഫ്ലോറന്റിനോ പെരസ് പ്രതികരിച്ചത്. വിമർശനങ്ങളിൽ മനസ്സു മടുത്താണു ക്ലബ്ബുകൾ പിൻമാറിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒത്തുതീർപ്പിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളായ ആഴ്സണൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവര്‍ 22 മില്യൺ ഡോളർ പിഴ നൽകാമെന്ന് സമ്മതിച്ചു. കൂടാതെ, ഭാവിയിൽ യൂറോപ്യൻ സൂപ്പർ ലീഗില്‍ ചേരാനുള്ള ആലോചനകളുണ്ടായാല്‍ 20 മില്യൺ ഡോളർ (28 മില്യൺ ഡോളർ) പിഴയും 30 പോയിന്റ് കുറക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.

യുവേഫയെ മറികടന്ന് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകൾ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പർ ലീഗിൽ നിന്ന് പിൻവാങ്ങിയിരുന്നു. എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകൾ ആണ് പിന്മാറിയത്. 

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News