'ഡബിൾ ടച്ച്' വിവാദം; റഫറിയെ പിന്തുണച്ച് യുവേഫ, ഭാവിയിൽ പരാതി ഒഴിവാക്കാൻ നിയമം പരിഷ്‌കരിച്ചേക്കും
അത്‌ലറ്റികോ മാഡ്രിഡ് നൽകിയ പരാതിയിലാണ് യുവേഫ നിലപാട് വ്യക്തമാക്കിയത്.
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ റയൽമാഡ്രിഡ്-അത്‌ലറ്റികോ മാഡ്രിഡ് രണ്ടാംപാദ പ്രീക്വാർട്ടർ പോരാട്ടത്തിലെ പെനാൽറ്റി ഷൂട്ടൗട്ട് വിവാദത്തിൽ ഇടപെട്ട് യുവേഫ. അത്‌ലറ്റികോയുടെ ജൂലിയൻ ആൽവാരസ് എടുത്ത കിക്ക് ഗോളായെങ്കിലും രണ്ട് തവണ ടച്ച് ചെയ്‌തെന്ന കാരണത്താൽ വാർ പരിശോധനയിൽ റഫറി നിരാകരിച്ചിരുന്നു. ഇതോടെ നിർണായക ഷൂട്ടൗട്ടിൽ റയൽ വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിന് പിന്നാലെ റഫറിക്കെതിരെ അത്‌ലറ്റികോ പരിശീലകൻ ഡീഗോ സിമിയോണി രംഗത്തെത്തുകയും ചെയ്തു. വിഷയത്തിൽ ക്ലബ് ഔദ്യോഗികമായി യുവേഫക്ക് പരാതിയും നൽകി.
🚨 OFFICIAL: UEFA statement on Julián Álvarez penalty.
— Fabrizio Romano (@FabrizioRomano) March 13, 2025
“Atlético de Madrid enquired with UEFA over the incident, which led to the disallowance of the kick from the penalty mark taken by Julián Alvarez at the end of yesterday’s UEFA Champions League match against Real Madrid”.… pic.twitter.com/wOPeMpkzf6
സംഭവത്തിൽ അന്വേഷണം നടത്തിയ യുവേഫ റഫറിയുടെ തീരുമാനം നിയമപരമാണെന്ന് വിലയിരുത്തി. വീഡിയോ പരിശോധിച്ചതിൽ രണ്ട്തവണ ടച്ച് ചെയ്തതായി കണ്ടെത്തി. എന്നാൽ മന:പൂർവ്വമല്ലാത്ത ഇത്തരം സന്ദർഭങ്ങളിൽ നിയമം പുന:പരിധോധിക്കണമോയെന്ന കാര്യത്തിൽ ഫുട്‌ബോൾ അസോസിയേഷൻ ആലോചന നടത്തിവരികയാണ്. ഫിഫയുമായും ഐഎഫ്എബിയുമായും ഇതു സംബന്ധിച്ച് ചർച്ച നടത്തുമെന്ന് യുവേഫ വ്യക്തമാക്കി. ഇരുപാദങ്ങളിലുമായി 2-2 ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിൽ 4-2 നാണ് റയൽ ജയിച്ച് കയറിയത്.