'ഫുട്‌ബോൾ വേദികളിൽ ഇസ്രായേലിനെ മാറ്റിനിർത്തണം'; വോട്ടെടുപ്പിനൊരുങ്ങി യുവേഫ
നിലവിൽ യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങളും ഇസ്രായേലിന് എതിരാണെന്നാണ് റിപ്പോർട്ടുകൾ
ലണ്ടൻ: റഷ്യക്ക് ഇല്ലാത്ത എന്ത് പ്രിവലേജാണ് ഇസ്രായേലിനുള്ളത്. ഫുട്‌ബോൾ ലോകത്തുനിന്ന് കുറച്ചുനാളായി ഉയർന്നു കേൾക്കുന്ന ചോദ്യമാണിത്. ഉക്രൈനെതിരായ അധികാര പ്രയോഗത്തെ തുടർന്ന് റഷ്യയെ ഒറ്റപ്പെടുത്തിയപ്പോൾ ഇസ്രായേലിനെതിരെ അതേവേഗം പലപ്പോഴും കണ്ടില്ല. ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ് ഫിഫയിൽ നിന്നും യുവേഫയയിൽ നിന്നുമുണ്ടായത്. ഏറ്റവുമൊടുവിൽ യുവേഫ അംഗരാജ്യങ്ങളിൽ ഭൂരിഭാഗം പേരും ഇസ്രായേലിനെതിരെ തിരിയുന്ന സാഹചര്യംപോലുമുണ്ടായി. ഒരുപടി കൂടികടന്ന് ഇസ്രായേൽ ലോകകപ്പ് യോഗ്യത നേടിയാൽ ടീമിനെ അയക്കണമോയെന്ന കാര്യത്തിൽ പുന:പരിശോധന നടത്തുമെന്നാണ് സ്പാനിഷ് ഭരണകൂടം നിലപാടെടുത്തത്. ദേശീയ ടീമിനെ മുഴുവൻ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നും വിലക്കണമെന്നതാണ് യുവേഫക്ക് മുന്നിലെത്തിയ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതോടൊപ്പം യുവേഫ യൂറോപ്പ ലീഗിൽ കളിക്കുന്ന മകതാബി തെൽ അവീവിനെയും മാറ്റിനിർത്തണമെന്ന ആവശ്യവും കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ നിലപാടെടുത്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലേക്ക് പോകാൻ യുവേഫ ഇനിയും തയാറായിട്ടില്ല. നിലവിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിൽ ഭൂരിഭാഗം അംഗരാജ്യങ്ങളും ഇസ്രായേലിന് എതിരാണ്. 20 അംഗങ്ങൾ ഇസ്രായേലിനെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നാണ് വിവരം.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി ഇനി ഒക്ടോബർ ആറിനാണ് ഇന്റർനാഷണൽ ബ്രേക്ക് വരുന്നത്. ഇതിന് മുൻപായി നടപടി വേണമെന്ന സമ്മർദ്ദമാണ് യുവേഫയ്ക്ക് മേലുള്ളത്. നോർവെ, ഇറ്റലി ടീമുകൾക്കെതിരെയാണ് ഇസ്രായേലിന് കളിക്കേണ്ടത്. എന്നാൽ യോഗം ചേരാതെ തീരുമാനം പരമാവധി വൈകിപ്പിക്കാനുള്ള നീക്കമാണ് അണിയറയിൽ പുരോഗമിക്കുന്നത്. അടുത്ത ആഴ്ച യുവേഫ യോഗം ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് ഡിസംബർ മൂന്നിലേക്കാണ് ഷെഡ്യൂൾ ചെയ്തതെന്നുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം,ഗസ്സയിലെ വംശഹത്യ തുടരുന്ന ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോൾ വേദിയിൽ വിലക്കാൻ ഫിഫയും യുവേഫയും നടപടിയെടുക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വിദഗ്ധർ കഴിഞ്ഞദിവസം രംഗത്തെത്തിയുന്നു.
നിലവിലെ വ്യാപക പരാതികളുടെ പശ്ചാത്തലത്തിൽ ഫിഫക്കും യുവേഫക്കും ഇസ്രായേലിനെതിരെ വിലക്കേർപ്പെടുത്തുക എന്നത് അത്ര ഈസി ടാസ്‌കായിരിക്കില്ല. റഷ്യക്കെതിരെ റെഡ്കാർഡ് ഉയർത്തിയപോലെ നാല്ദിവസംകൊണ്ട് തീരുമാനമെടുക്കാനാവില്ലെന്ന് അവർക്കറിയാം. അമേരിക്കൻ ഐക്യനാടുകളിലാണ് അടുത്തവർഷത്തെ ലോകകപ്പ് വേദിയാകുന്നത് തന്നെയാണ് അതിന്റെ പ്രധാനകാരണം. വിലക്കേർപ്പെടുത്തുന്നതടക്കമുള്ള തീരുമാനങ്ങളെ എതിർക്കുമെന്ന് യുഎസ് ഇതിനകം വ്യക്തമാക്കികഴിഞ്ഞു. 'ഇസ്രായേൽ ദേശീയ ടീമിനെ മാറ്റിനിർത്താനുള്ള എല്ലാ ശ്രമങ്ങളേയും ചെറുക്കും'- യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് വക്താവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
നിലവിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും തമ്മിലുള്ള അടുത്ത ബന്ധവും ഇസ്രായേലിന് അനുകൂലഘടകമായി മാറുന്നു.അമേരിക്ക ആതിഥേയത്വം വഹിച്ച കഴിഞ്ഞ ഫിഫ ക്ലബ് ലോകകപ്പിലടക്കം ട്രംപിന്റെ ഇടപെടൽ ഫുട്‌ബോൾ ലോകം കണ്ടതാണ്. അമേരിക്കയെ പിണക്കിയൊരു നിലപാടെടുക്കാൻ ഫിഫയ്ക്ക് പരിമിതിയുണ്ട്. ഇതിനാൽ ഇസ്രായേലിനെതിരെ കടത്തുനടപടിയിലേക്ക് പോകാൻ തൽകാലം ഫിഫ തയാറാവില്ലെന്നാണ് റിപ്പോർട്ടുകൾ.