'കുഞ്ഞ് ജനിച്ചെന്ന് വച്ച്'; രോഹിതിനോട് ആസ്‌ത്രേലിയയിലേക്ക് പോവാൻ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം

'ഞാന്‍ എന്‍റെ വിവാഹ ദിവസം പോലും ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്'

Update: 2024-11-20 13:46 GMT

ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ ടീം നായകൻ രോഹിത് ശർമക്ക് രണ്ടാം കുഞ്ഞ് പിറന്നത്. ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിനന്ദന പ്രവാഹമാണ് ഇന്ത്യൻ നായകന്. കുഞ്ഞ് ജനിച്ചതിനാൽ പെർത്തിൽ അരങ്ങേറുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ രോഹിത് കളിക്കാനിറങ്ങില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. പെർത്തിൽ പേസ് ബോളർ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യൻ നായകനോട് ആദ്യ ടെസ്റ്റ് മുടക്കരുതെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരീന്ദർ ഖന്ന. താൻ തന്റെ കല്യാണ ദിവസം പോലും ഇന്ത്യക്കായി കളിക്കാനിറങ്ങിയിട്ടുണ്ടെന്ന് ഖന്ന പറഞ്ഞു.

'രോഹിതിന് എന്റെ അഭിനന്ദനങ്ങൾ. എന്നാൽ ഇപ്പോൾ കുടുംബ കാര്യങ്ങളൊക്കെ മാറ്റി വച്ച് ഇന്ത്യക്കായി കളിക്കാനിറങ്ങണം. ഞാൻ എന്റെ വിവാഹ ദിവസം ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. പുലർച്ചേ നാല് മണിക്ക് എണീറ്റ് ഞാൻ വിമാനത്താവളത്തിലേക്കോടിയിട്ടുണ്ട്. അതും ഒരു നിർണായക മത്സരത്തിനായിട്ടാണ്. ഇത്തരം പ്രതിബദ്ധതയാണ് ഓരോ കളിക്കാർക്കും വേണ്ടത്'- ഖന്ന പറഞ്ഞു. വെള്ളിയാഴ്ചയാണ് പെര്‍ത്തില്‍ ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News