'ബൗണ്ടറിയിലേക്ക് വിട്ടോ'; രോഹിതിനോട് പാണ്ഡ്യ, കട്ടക്കലിപ്പിൽ ആരാധകർ

ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ചു

Update: 2024-03-25 05:03 GMT
Advertising

അഹ്മദാബാദ്: ഒരു പതിറ്റാണ്ട് കാലം മുംബൈ ഇന്ത്യൻസിന്റെ നായകപദവിയിലിരുന്ന രോഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ പ്രതിഷ്ഠിച്ചതിന്റെ കലിപ്പ് ഇനിയും മുംബൈ ആരാധകർക്ക് മാറിയിട്ടില്ല. ലക്ഷക്കണക്കിന് ആരാധകരാണ് ക്യാപ്റ്റൻസി മാറ്റത്തിന് ശേഷം മുംബൈയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അൺഫോളോ ചെയ്ത് പോയത്. കഴിഞ്ഞ ദിവസം അഹ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ മുംബൈയുടെ ക്യാപ്റ്റൻ കുപ്പായത്തിൽ ഹർദിക് പാണ്ഡ്യക്ക് ആദ്യ മത്സരമായിരുന്നു. അവസാന പന്ത് വരെ ആവേശം അല തല്ലിയ പോരാട്ടത്തിൽ ആറ് റൺസിന് ഗുജറാത്ത് മുംബൈയെ തകർത്തു.

മത്സരത്തിനിടയിൽ അരങ്ങേറിയൊരു സംഭവമിപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാണ്. കളിയിൽ ആദ്യം ബാറ്റ് ചെയ്തത് ഗുജറാത്തായിരുന്നു. ഗുജറാത്ത് ഇന്നിങ്‌സിന്റെ അവസാന ഓവറിൽ മുംബൈ നായകൻ ആരാധകരെ മുഴുവൻ ഞെട്ടിച്ചൊരു തീരുമാനമെടുത്തു. മുൻ ക്യാപ്റ്റനായിരുന്ന രോഹിത് ശർമയെ ബൗണ്ടറി ലൈൻ ചൂണ്ടിക്കാണിച്ച് അവിടെ ഫീൽഡ് ചെയ്യാനാവശ്യപ്പെട്ടു. ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ  പറഞ്ഞത് എന്ന് ചോദിച്ചു. അതെ എന്ന് പാണ്ഡ്യ പറഞ്ഞയുടൻ താരം  ലോങ് ഓണിലേക്ക് ഓടി. ആരാധകർക്കും ഈ കാഴ്ച വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല.

മത്സര ശേഷം സോഷ്യൽ മീഡിയയിൽ ഹർദികിനെതിരെ ആരാധകർ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തി. രോഹിതിനെ പോലൊരു സീനിയർ താരത്തോട് ഒട്ടും ബഹുമാനമില്ലാതെയാണ് പാണ്ഡ്യ പെരുമാറിയതെന്നായിരുന്നു പലരുമെഴുതിയത്. അതേ സമയം ഹര്‍ദികിനെ പിന്തുണച്ചും ചില ആരാധകരെത്തി. ഹര്‍ദിക് ക്യാപ്റ്റനെന്ന നിലയില്‍ തന്‍റെ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്. ഏത് താരമാണെങ്കിലും ക്യാപ്റ്റന്‍ പറയുന്നയിടത്ത് ഫീല്‍ഡ് ചെയ്യാന്‍ തയ്യാറാവണമെന്ന് അവര്‍ കുറിച്ചു. 2013 ന് ശേഷം ഇതാദ്യമായാണ് നായക വേഷത്തില്‍ അല്ലാതെ രോഹിത് മുംബൈക്കായി കളത്തിലിറങ്ങുന്നത്.

മത്സരത്തിനിടെ ഗാലറി ഹര്‍ദിക് പാണ്ഡ്യക്കെതിരെ കൂവിയാര്‍ക്കുന്ന കാഴ്ചക്കും നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായി. ടോസിനായി ഗ്രൗണ്ടിലെത്തിയ സമയത്ത് രവി ശാസ്ത്രി പാണ്ഡ്യയുടെ പേര് പറഞ്ഞപ്പോഴാണ് ഗാലറിയിൽ നിന്ന് കൂവലുകൾ മുഴങ്ങിയത്. ഫീൽഡിനിടയിലും പല തവണ ആരാധകർ പാണ്ഡ്യക്കെതിരെ കൂവിയാര്‍ത്തു. കമന്റി ബോക്‌സിലുണ്ടായിരുന്ന കെവിൻ പീറ്റേഴ്‌സൺ അത്ഭുതത്തോടെയാണ് ഈ രംഗങ്ങള്‍ വീക്ഷിച്ചത്. ഇന്ത്യയിൽ വച്ച് ഒരിന്ത്യൻ കളിക്കാരനെതിരെ കാണികൾ ഇത്തരത്തിൽ കൂവിയാർക്കുന്നത് താനാദ്യമായാണ് കാണുന്നത് എന്ന് പീറ്റേഴ്‌സണ്‍ പ്രതികരിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News