'റാഷിദ് ഖാനെ നേരിടാന്‍ ഭയന്ന പാണ്ഡ്യ ടിം ഡേവിഡിനെ ബലിയാടാക്കി'; രൂക്ഷവിമര്‍ശനവുമായി പത്താന്‍

'ഹര്‍ദിക് വലിയ രണ്ട് പിഴവുകളാണ് ഈ മത്സരത്തില്‍ വരുത്തിയത്'

Update: 2024-03-26 05:58 GMT

മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് ഇത് അത്ര നല്ല കാലമല്ല. ക്യാപ്റ്റന്‍സി ഏറ്റെടുത്തത് മുതല്‍ ആരംഭിച്ച കഷ്ടകാലം  ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം മൂര്‍ധന്യാവസ്ഥയിലാണ്. രോഹിതിനെ മാറ്റി പാണ്ഡ്യയെ പ്രതിഷ്ഠിച്ച ശേഷം ലക്ഷക്കണക്കിന് ആരാധകരാണ് മുംബൈയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ അണ്‍ ഫോളോ ചെയ്ത് പോയത്. ഗുജറാത്തിനെതിരായ മത്സരത്തിനിടെ നിരവധി തവണയാണ് ആരാധകര്‍ ഹര്‍ദികിനെതിരെ കൂവിയാര്‍ത്തത്. മത്സരത്തിനിടെ മൈതാനത്ത് ഒരു പട്ടിയിറങ്ങി കളി തടസപ്പെട്ടപ്പോള്‍ പട്ടിയെ ചൂണ്ടി ഹര്‍ദിക്... ഹര്‍ദിക് എന്ന് അധിക്ഷേപ ചാന്‍റുകള്‍ ഉയര്‍ത്തുന്നത് വരെയെത്തി കാര്യങ്ങള്‍. 

Advertising
Advertising

മത്സരത്തില്‍  രോഹിത് ശര്‍മയെ ബൗണ്ടറി ലൈനിലേക്ക് ഫീല്‍ഡ് ചെയ്യാന്‍ പറഞ്ഞ് വിട്ടതും ആദ്യ ഓവര്‍ പാണ്ഡ്യ എറിയാന്‍ തീരുമാനിച്ചതുമൊക്കെ  വിമര്‍ശനങ്ങള്‍ക്ക് കാരണമായി. മത്സര ശേഷം പാണ്ഡ്യക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഒരല്‍പ്പം രൂക്ഷമായിരുന്നു. റാഷിദ് ഖാനെ നേരിടാന്‍ ഭയന്നത് കൊണ്ടാണ് ടിം ഡേവിഡിനെ ഹര്‍ദിക് അവസാന ഓവറുകളില്‍ ബലിയാടാക്കിയതെന്നാണ് പത്താന്‍ പറയുന്നത്. 

'ഹര്‍ദിക് പാണ്ഡ്യ വലിയ രണ്ട് പിഴവുകളാണ് ഈ മത്സരത്തില്‍ ചെയ്തത്. ഒന്ന്, പവര്‍ പ്ലേയില്‍ രണ്ട് ഓവറുകള്‍ ചെയ്യാന്‍ തീരുമാനിച്ചു എന്നതാണ്. ടീമിലെ ഏറ്റവും മികച്ച ബോളറായ ബുംറയെ വൈകിയാണ് അദ്ദേഹം പന്തെറിയാന്‍ കൊണ്ടു വന്നത്. രണ്ടാമതായി ടിം ഡേവിഡിനെ നേരത്തേ ഇറക്കിയ തീരുമാനമാണ്. റാഷിദ് ഖാന് ഒരോവര്‍ ബാക്കി നില്‍ക്കേയാണ് പാണ്ഡ്യ ഡേവിഡിനെ ക്രീസിലേക്കയച്ചത്. ഏറെ കാലമായി ക്രിക്കറ്റ് കളിക്കാത്തത് കൊണ്ട് റാഷിദ് ഖാനെ പോലൊരു ബോളറെ നേരിടാന്‍ പാണ്ഡ്യ ആഗ്രഹിച്ച് കാണില്ല. എനിക്കൊരിക്കലും ഈ തീരുമാനത്തോട് യോജിക്കാനാവില്ല. സമ്മര്‍ദ ഘട്ടത്തില്‍ ഏറെ പരിജയ സമ്പന്നനായൊരു ഇന്ത്യന്‍ ബാറ്റര്‍ ഡ്രസ്സിങ് റൂമിലുണ്ടായിരിക്കേ ഒരു വിദേശ താരത്തെ ക്രീസിലേക്കയക്കുന്നത് എങ്ങനെയാണ്''- പത്താന്‍ ചോദിച്ചു. ഹര്‍ദിക് ആദ്യ ഓവര്‍ ചെയ്യാനെത്തിയതും 'ബുംറ എവിടെ' എന്ന് പത്താന്‍ എക്സില്‍ കുറിച്ചിരുന്നു. 

മത്സര ശേഷം മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ ഏറെ അസ്വസ്ഥനായിരുന്നു. ഗുജറാത്ത് താരങ്ങളോട് സംസാരിച്ച് നില്‍ക്കുന്നതിനിടെ രോഹിതിനടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്ത പാണ്ഡ്യയോട് തിരിഞ്ഞു നിന്ന് മത്സരത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന രോഹിതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗുജറാത്ത് താരങ്ങളും ആകാശ് അംബാനിയുമൊക്കെ നോക്കി നില്‍ക്കേയാണ് രോഹിത് ഏറെ അസ്വസ്ഥനായി പാണ്ഡ്യയോട് സംസാരിച്ചത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News