'അന്ന് എനിക്കും ഭാര്യക്കും വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്'; ഡുപ്ലെസിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

'ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം സ്വയം ഒരു കവചം എടുത്തണിയും'- ഡുപ്ലെസി വ്യക്തമാക്കി

Update: 2021-05-18 13:57 GMT
Editor : Roshin | By : Web Desk
Advertising

2011ലെ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യക്കും നേരെ വധ ഭീഷണി ഉണ്ടായെന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. 2011 ലോകകപ്പില്‍ ന്യൂസിലന്‍ഡുമായുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്‍റെ കരിയറിന്‍റെ തുടക്കക്കാലത്താണ് ഫാഫ് ലോകകപ്പ് ടീമില്‍ കളിച്ചത്.

'ആ മത്സരം പരാജയപ്പെട്ട ശേഷം എനിക്കും ഭാര്യക്കും വധ ഭീഷണി നേരിടേണ്ടി വന്നു. എന്നെയും ഭാര്യയേയും കൊല്ലുമെന്ന് ഭീഷണികള്‍ ഉയര്‍ന്നു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഭീഷണികള്‍. അന്ന് വ്യക്തിപരമായി വളരെ ഏറെ ആക്രമണങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്'- ഡുപ്ലെസി പറഞ്ഞു.

'ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം സ്വയം ഒരു കവചം എടുത്തണിയും'- ഡുപ്ലെസി വ്യക്തമാക്കി. ടീമില്‍ സ്ഥിരമായി സ്ഥാനം നിലനിര്‍ത്താന്‍ തനിക്ക് കഠിനാധ്വാനം നടത്തേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011 ലോകകപ്പ് ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനോട് 49 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 221 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 172 റണ്‍സില്‍ അവസാനിച്ചു. പാതി വഴിയില്‍ നിര്‍ത്തിയ 2021 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച ബാറ്റിങാണ് താരം പുറത്തെടുത്തത്. ഏഴ് കളികളില്‍ നിന്ന് 320 റണ്‍സാണ് ഡുപ്ലെസി അടിച്ചുകൂട്ടിയത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News