ദേശീയ ഗെയിംസ് വനിതാ വോളി; തമിഴ്‌നാടിനെ വീഴ്ത്തി കേരളത്തിന് സ്വർണം
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയം
ഹൽദ്വാനി: ദേശീയ ഗെയിംസ് വനിതാ വോളിബോളിൽ കേരളത്തിന് സ്വർണം. തമിഴ്നാടിനെ (3-2) കീഴടക്കിയാണ് പൊന്നണിഞ്ഞത്. സ്‌കോർ: 25-19, 22-25,22-25,25-14,15-7. വോളിയിൽ ഒന്നാമതെത്തിയതോടെ 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്വർണമെഡൽ നേട്ടം ആറായി. രണ്ടു വെള്ളി, നാലു വെങ്കലം ഉൾപ്പടെ 12 മെഡലുകളാണ് ഇതുവരെ അക്കൗണ്ടിലുള്ളത്. അത്യന്തം ആവേശകരമായ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വോളിയിൽ കേരള വനിതകൾ ജയം പിടിച്ചത്. ആദ്യ സെറ്റ് ജയിച്ചെങ്കിലും രണ്ടും മൂന്നും സെറ്റ് പിടിച്ചെടുത്ത് തമിഴ്‌നാട് ശക്തമായി മത്സരത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ നാലാമത്തെയും അവസാനത്തെയും സെറ്റ് സ്വന്തമാക്കി കേരളം കലാശപോരാട്ടത്തിൽ ജയംനേടി.
വുഷുവിൽ കെ മുഹമ്മദ് ജസീലും 200 മീറ്റർ ബട്ടർഫ്‌ളൈയിലും നീന്തലിൽ സജൻ പ്രകാശും 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമുമാണ് നേരത്തെ സ്വർണം നേടിയത്. വനിതകളുടെ 81 കിലോഗ്രാം ഭാരോദ്വാഹനത്തിൽ കേരളത്തിന്റെ അഞ്ജന ശ്രീജിത്ത് വെങ്കല മെഡൽ നേടി.