''ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ല, സഹതാരങ്ങൾ മാത്രം''; തുറന്നടിച്ച് അശ്വിന്‍

''മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി സ്വയം മുന്നേറാനാണ് പലരും ശ്രമിക്കുന്നത്. അതിനാൽ സഹകളിക്കാരുട കാര്യം അന്വേഷിക്കാൻ ആർക്കും സമയമില്ല''

Update: 2023-06-20 05:18 GMT
Advertising

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച സ്പിന്നർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. നിലവിൽ ടെസ്റ്റ് ബോളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന താരം അടുത്തിടെ ക്രിക്കറ്റ് ലോകത്തെ ചർച്ചകളിൽ നിറഞ്ഞിരുന്നു. ലോക ഒന്നാം നമ്പർ ബോളറായിട്ടും ആസ്‌ത്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെ ചൊല്ലി രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്.

കലാശപ്പോരിൽ ഇന്ത്യ തോൽക്കുക കൂടി ചെയ്തതോടെ വിമർശനങ്ങൾ കടുത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ തുടങ്ങി നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ടീമിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ തനിക്ക് കൃത്യമായ പങ്കുണ്ടായിരുന്നെന്നും ഫൈനൽ കളിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു എന്നും അശ്വിൻ പിന്നീട് മനസ്സു തുറക്കുകയും ചെയ്തു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മറ്റു ചില തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുകയാണ് അശ്വിൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെ കുറിച്ച് സഹതാരങ്ങളുമായി സംസാരിച്ചിരുന്നോ എന്ന് ഒരഭിമുഖത്തിൽ ചോദിച്ചപ്പോൾ ഇന്ത്യൻ ഡ്രസിങ് റൂമിൽ സൗഹൃദം എന്ന വാക്കിന് ഇപ്പോൾ പ്രസക്തിയില്ല എന്നും സ്ഥാനങ്ങൾക്കായി ടീമിൽ കടുത്ത മത്സരമാണെന്നും അശ്വിൻ പറഞ്ഞു. 

''ഒരു കാലത്ത് ഇന്ത്യൻ ടീമിൽ എല്ലാവരും സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇപ്പോൾ ടീമംഗങ്ങൾ ഒക്കെ സഹപ്രവർത്തകർ മാത്രമാണ്. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി സ്വയം മുന്നേറാനാണ് പലരും ശ്രമിക്കുന്നത്. അതിനാൽ സഹകളിക്കാരുട കാര്യം അന്വേഷിക്കാൻ ആർക്കും സമയമില്ല.''- അശ്വിൻ മനസ്സു തുറന്നു. ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖത്തിലാണ് അശ്വിന്‍റെ തുറന്നു പറച്ചില്‍

താരങ്ങൾ കാര്യങ്ങൾ പങ്കുവക്കുന്നത്  സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകുമെന്നും എന്നാൽ ഇപ്പോളത് ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ലെന്നും അശ്വിൻ പറഞ്ഞു. മറ്റൊരാളുടെ കരിയറിലെ യാത്രയും അയാളുടെ ടെക്നിക്കുകളും  മനസ്സിലാക്കുമ്പോഴാണ് നമുക്ക് മെച്ചപ്പെടാൻ സാധിക്കുക. എന്നാൽ ഇപ്പോൾ അത് സംഭവിക്കുന്നില്ല. പ്രൊഫഷണലുകളുടെ അടുത്തുനിന്നും നിങ്ങൾക്ക് വേണമെങ്കില്‍ കാര്യങ്ങൾ കാശ് കൊടുത്തു പഠിക്കാൻ സാധിക്കും.," അശ്വിൻ വ്യക്തമാക്കി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News