റബാഡക്ക് കമ്മിന്‍സിന്‍റെ മറുപടി; പ്രോട്ടീസ് 138 റണ്‍സിന് പുറത്ത്
പാറ്റ് കമ്മിന്‍സിന് ആറ് വിക്കറ്റ്
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഓസീസ്. വെറും 138 റൺസിന് പ്രോട്ടീസ് കൂടാരം കയറി. ഇതോടെ നിലവിലെ ചാമ്പ്യന്മാർക്ക് 74 റൺസിന്റെ ആദ്യ ഇന്നിങ്‌സ് ലീഡായി. ആറ് വിക്കറ്റുമായി കളംനിറഞ്ഞ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
30 ന് നാല് എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ ബാവുമയും ബേഡിങ്ഹാമും കരുതലോടെയാണ് തുടങ്ങിയത്. നൂറ് റണ്ണെടുക്കും മുമ്പേ പ്രോട്ടീസിനെ ഓസീസ് ബോളർമാർ ചുരുട്ടിക്കെട്ടും എന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ഇരുവരുടേയും രക്ഷാപ്രവർത്തനം. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 64 റൺസ് സ്‌കോർബോർഡിൽ ചേർത്തു.
എന്നാൽ ഈ കൂട്ടുകെട്ട് കമ്മിൻസ് പൊളിച്ചു. 36 റൺസെടുത്ത ബാവുമയെ ഓസീസ് നായകൻ ലബൂഷൈന്റെ കയ്യിലെത്തിക്കുകയായിരുന്നു. പിന്നെയെല്ലാം വേഗത്തിലായി. 52ാം ഓവറിൽ കെയിൽ വരൈനെയേയും മാർക്കോ യാൻസനേയും കമ്മിൻസ് കൂടാരത്തിലെത്തിച്ചു. 45 റൺസെടുത്ത് പൊരുതി നോക്കിയ ബേഡിങ്ഹാമും ഓസീസ് നായകന് മുന്നിലാണ് നിരായുധനായത്. 18.1 ഓവറെറിഞ്ഞ കമ്മിന്‍സ് വെറും 28 റണ്‍സ് വഴങ്ങിയാണ് ആറ് വിക്കറ്റ് പോക്കറ്റിലാക്കിയത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.