യു.എ.ഇയിൽ ഇന്ധന വില കൂടി; പെട്രോളിന് 21 ഉം ഡീസലിന് 14 ഉം ഫിൽസ് കൂടി
ഇന്ന് മുതൽ വർധന പ്രാബല്യത്തിൽ
Update: 2021-03-01 02:21 GMT
നീണ്ട ഇടവേളക്കു ശേഷം യു.എ.ഇയിൽ ഇന്ധനവിലയിൽ വർധന. ഈ മാസം പെട്രോളിനും ഡീസലിനും വില ഉയരുമെന്ന് അധികൃതർ അറിയിച്ചു. ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന സാഹചര്യത്തിലാണ് യു.എ.ഇയിലും വില കൂടുന്നത്.
പെട്രോൾ ലീറ്ററിന് 21 ഫിൽസും ഡീസൽ ലീറ്ററിന് 14 ഫിൽസുമാണ് വർധന. നാളെ മുതൽ മാർച്ച് അവസാനം വരെ പുതിയ നിരക്ക് പ്രാബല്യത്തിൽ ഉണ്ടാകും. പെട്രോൾ സൂപ്പർ 98 ലിറ്ററിന് 2.12 ആയിരിക്കും പുതുക്കിയ നിരക്ക്. നിലവിൽ ഒരു ദിർഹം 91 ഫിൽസാണ് വില. സ്പെഷ്യൽ 95 ലീറ്ററിന് 2.01 ആയും വില ഉയരും. ഒരു ദിർഹം 80 ഫിൽസാണ് ഫെബ്രുവരി മാസം ഈടാക്കിയിരുന്നത്. ഡീസലിന് ലീറ്ററിന് 2.15 ദിർഹമാണ് ഇനി നൽകേണ്ടത്. നിലവിൽ രണ്ടു ദിർഹം ഒരു ഫിൽസാണ് നിരക്ക്.
പിന്നിട്ട കുറെ മാസങ്ങളായി യു.എ.ഇയിൽ ഇന്ധന നിരക്കിൽ വർധന ഏർപ്പെടുത്തിയിരുന്നില്ല.