ഇന്ത്യ-പാകിസ്താന്‍ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യു.എ.ഇ
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയും പാകിസ്താനും നടത്തുന്ന ശ്രമങ്ങൾക്ക് യു.എ.ഇ പൂർണ പിന്തുണയും അറിയിച്ചു.
ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യു.എ.ഇ. സമാധാന മാർഗത്തിൽ മുന്നോട്ടുപോകാൻ ഇരു രാജ്യങ്ങൾക്കും കഴിയുമെന്ന് യു.എ.ഇ വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയും പാകിസ്താനും നടത്തുന്ന ശ്രമങ്ങൾക്ക് യു.എ.ഇ പൂർണ പിന്തുണയും അറിയിച്ചു.
കശ്മീരിലെ അതിർത്തി തർക്കത്തിനിടയിൽ ഇന്ത്യ-പാകിസ്താൻ സൈന്യങ്ങൾ തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് എന്തുകൊണ്ടും മികച്ച ചുവടുവെപ്പാണെന്ന് യു.എ.ഇ വ്യക്തമാക്കി. ഇരു രാജ്യങ്ങളുമായും യു.എ.ഇക്ക് ചരിത്രപരമായ ബന്ധമുണ്ടെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെയും നീക്കങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു- പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ നേടുന്നതിനുള്ള സുപ്രധാന ഘട്ടം കൂടിയാണിത്. രണ്ട് സൗഹൃദ രാജ്യങ്ങൾക്കിടയിൽ സ്ഥിരമായ വെടിനിർത്തൽ പാലിക്കേണ്ടതിന്റെ പ്രാധാന്യവും യു.എ.ഇ സൂചിപ്പിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെയും സംഭാഷണത്തിലൂടെയും പരസ്പര വിശ്വാസം കെട്ടിപ്പടുക്കുന്നതിലൂടെയും സുസ്ഥിര സമാധാനം സ്ഥാപിക്കാൻ സാധിക്കുമെന്നും പ്രസ്താവനയിൽ യു.എ.ഇ കൂട്ടിച്ചേർത്തു.