കളി തുടങ്ങുംവരെ അധികൃതർ എവിടെയായിരുന്നു? അമർഷം മറച്ചുവെക്കാതെ അർജന്റീന

എല്ലാ നിയമങ്ങളും പാലിച്ച് മൂന്ന് ദിവസം മുമ്പേ അർജന്റീന ടീം ബ്രസീലിൽ എത്തിയിരുന്നു; ഇത്തരം സംഭവങ്ങൾ ഇനി സംഭവിച്ചുകൂടാ - എ.എഫ്.എ

Update: 2022-08-29 09:41 GMT
Editor : André | By : André
Advertising

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീൽ - അർജന്റീന മത്സരം ആരംഭിച്ച ശേഷം പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചതിനെതിരെ രൂക്ഷവിമർശവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. തങ്ങളുടെ ടീം മൂന്നു ദിവസം മുമ്പേ എല്ലാ നിബന്ധനകളും പാലിച്ച് ബ്രസീലിൽ എത്തിയിട്ടും ഇത്തരമൊരു നടപടിയെടുക്കാൻ മത്സരം തുടങ്ങുന്നതു വരെ കാത്തിരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് എ.എഫ്.എ പ്രസ്താവനയിൽ അറിയിച്ചു.



"സാവോ പോളോയിൽ അർജന്റീന ദേശീയ ടീമും ബ്രസീലിയൻ ദേശീയ ടീമും തമ്മിലുള്ള മത്സരം താൽക്കാലികമായി നിർത്തിവച്ചതിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കടുത്ത പ്രതിഷേധം അറിയിക്കുന്നു. 

ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷനെ പോലെ തന്നെ, കളി ആരംഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള അൻവിസയുടെ ഇടപെടൽ എ.എഫ്.എയെയും ആശ്ചര്യപ്പെടുത്തി.

ഖത്തർ 2022 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾക്കായി, കോൺമബോൾ നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അൽബിസെലസ്റ്റെ സംഘം സെപ്തംബർ മൂന്നിന് രാവിലെ എട്ടു മണിക്ക് ബ്രസീലിൽ എത്തിയിട്ടുണ്ട്.

കോൺമബോൾ അധികൃതരുടെയും മാച്ച് റഫറിയുടെയും റിപ്പോർട്ട് കിട്ടിയശേഷം ഇതു സംബന്ധിച്ച് ഞങ്ങൾ ഫിഫയുമായി സംസാരിക്കും. ഇത്രയും പ്രാധാന്യമുള്ള മത്സരത്തിൽ ഇത്തരത്തിൽ സ്‌പോർട്‌സ്മാൻഷിപ്പിനെ ചോദ്യംചെയ്യുന്ന നടപടികൾ ഇനിയും ഉണ്ടായിക്കൂടാ..." - എ.എഫ്.എ പ്രസ്താവനയിൽ വ്യക്തമാക്കി.



ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഫിഫ നടത്തുന്ന മത്സരങ്ങളാണെന്നും കളി നടത്തിപ്പ് സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും കൈക്കൊള്ളാനുള്ള അധികാരം ഫിഫയ്ക്കാണെന്നും കോൺമബോളും ട്വീറ്റ് ചെയ്തു.

അതേസമയം, കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നില്ലെന്ന നാല് അർജന്റീന കളിക്കാരുടെ സത്യവാങ്മൂലം അസത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കളിയിൽ ഇടപെടാൻ പൊലീസിനോട് നിർദേശിച്ചതെന്ന് ബ്രസീൽ ആരോഗ്യവിഭാഗമായ അൻവിസ പറഞ്ഞു. വെനിസ്വേലയിലെ കാരകാസിൽ നിന്ന് ബ്രസീലിലെത്തിയ കളിക്കാർ നൽകിയ സത്യവാങ്മൂലം തെറ്റാണെന്ന് ചില  അനൌദ്യോഗിക റിപ്പോർട്ടുകളെ തുടർന്നാണ് ശ്രദ്ധയിൽപ്പെട്ടതെന്നും ഇതേത്തുടർന്ന് നടപടിയെടുക്കാൻ ഫെഡറൽ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അൻവിസ പ്രസ്താവനയിൽ വ്യക്തമാക്കി. 

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News