'ആഗോളതലത്തില്‍ അമേരിക്കന്‍ ബ്രാന്‍ഡ് ടോയ്‌ലറ്റിലാണ്'; ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തിൽ ട്രംപിനെതിരെ സള്ളിവൻ
ട്രംപിന്‍റെ നീക്കം ന്യൂഡല്‍ഹിയെ ബീജിംഗിലേക്ക് കൂടുതല്‍ അടുപ്പിക്കാനേ ഉപകരിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി
വാഷിംഗ്ടണ്‍ : ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തിൽ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍. 'ആഗോളതലത്തില്‍ അമേരിക്കന്‍ ബ്രാന്‍ഡ് ടോയ്‌ലറ്റിലാണ്' എന്നാണ് സള്ളിവന്‍റെ പരിഹാസം. ട്രംപിന്‍റെ ഈ നീക്കം ന്യൂഡല്‍ഹിയെ ബീജിംഗിലേക്ക് കൂടുതല്‍ അടുപ്പിക്കാനേ ഉപകരിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദി ബള്‍വാര്‍ക്ക് പോഡ്കാസ്റ്റില്‍ ടിം മില്ലറുമായുള്ള സംഭാഷണത്തില്‍, നിരവധി യുഎസ് സഖ്യരാജ്യങ്ങളും പങ്കാളികളും ഇപ്പോള്‍ വാഷിംഗ്ടണിനെ വിശ്വസനീയ പങ്കാളിയായി കരുതുന്നില്ല. ട്രംപിന്റെ ബന്ധങ്ങള്‍ തടസ്സപ്പെടുത്തുന്നയാള്‍ ആയിട്ടാണ് സഖ്യരാജ്യങ്ങള്‍ കാണുന്നതെന്നും അതേസമയം ചൈന ആഗോള പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണെന്നും സള്ളിവന്‍ പറഞ്ഞു.
'ഞാന്‍ ഇപ്പോള്‍ ഈ സ്ഥലങ്ങളിലേക്ക് പോകുമ്പോഴും നേതാക്കളുമായി സംസാരിക്കുമ്പോഴും അവര്‍ അമേരിക്കയ്ക്ക് അപകീര്‍ത്തികരമായാണ് സംസാരിക്കുന്നത്. അവര്‍ ഇപ്പോള്‍ യുഎസിനെ വലിയ തടസ്സമായാണ് കാണുന്നത്. -സള്ളിവന്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.
'ചൈന പല രാജ്യങ്ങളിലും ജനപ്രീതിയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്. ഒരു വര്‍ഷം മുമ്പ് അങ്ങനെയായിരുന്നില്ല, യുഎസ് ബ്രാന്‍ഡ് ടോയ്‌ലറ്റിലാണെന്നും ചൈന ഉത്തരവാദിത്തമുള്ള കളിക്കാരനെപ്പോലെയാണ് കാണപ്പെടുന്നതെന്നും രാജ്യങ്ങള്‍ ഇപ്പോള്‍ അടിസ്ഥാനപരമായി പറയുന്നു.-ബീജിംഗിനെ വാഷിംഗ്ടണുമായി താരതമ്യപ്പെടുത്തിക്കൊണ്ട് സള്ളിവന്‍ പറഞ്ഞു, ട്രംപിന്റെ താരിഫ് ആക്രമണം കാരണം ഇന്ത്യ ചൈനയ്‌ക്കൊപ്പം ചേര്‍ന്നു. ഇന്ത്യയുമായി അടുത്ത ബന്ധം ഉറപ്പിക്കാനുള്ള യുഎസിന്‍റെ വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ അപകടത്തിലാണെന്ന് മുന്‍ എന്‍എസ്എ പറഞ്ഞു.
''ഇന്ത്യയുമായി ആഴമേറിയതും കൂടുതല്‍ സുസ്ഥിരവുമായ ബന്ധം കെട്ടിപ്പടുക്കാന്‍ നമ്മള്‍ ഉഭയകക്ഷി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. ഇപ്പോള്‍ അതില്‍ ചൈനയുടെ വെല്ലുവിളി വലുതായി ഉയര്‍ന്നുവന്നിരുന്നു. ഇപ്പോള്‍ ട്രംപ് അവര്‍ക്കെതിരെ ഒരു വലിയ വ്യാപാര ആക്രമണം നടത്തിയിരിക്കുകയാണ്. അതിനെ നേരിടാന്‍ ഇന്ത്യ ചൈനയോടൊപ്പം ഇരിക്കാന്‍ പോവുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ത്യക്കെതിരെയുള്ള തീരുവ യുദ്ധത്തിൽ യുഎസിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയിലെ മുൻ യുഎസ് അംബാസിഡര്‍ നിക്കി ഹേലിയും രംഗത്തെത്തിയിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും ആഗോള ശക്തിയാകാൻ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കിൽ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും നിക്കി പറഞ്ഞിരുന്നു.രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്. ജൂലൈ 30 ന് ആദ്യം 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ആഗസ്ത് 7നാണ് അധിക 25 ശതമാനം പ്രഖ്യാപിച്ചത്.