ഇറാന്‍ ആക്രമണം: ഇസ്രായേലിൽ 16 പേര്‍ക്ക് പരിക്ക്; തകർന്ന കെട്ടിടങ്ങളില്‍ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

Update: 2025-06-22 06:12 GMT
Editor : Lissy P | By : Web Desk

തെല്‍അവിവ്: യുഎസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ ഇറാന്‍റെ മിസൈല്‍ വര്‍ഷം. ആണവകേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചതിന് മറുപടിയായി 40 മിസൈലുകളാണ് ഇസ്രായേലിലേക്ക് ഇറാനയച്ചത്. ഇസ്രായേലിലെ പത്തിടങ്ങളില്‍ മിസൈല്‍ നേരിട്ടുപതിച്ചത്.  ഹൈഫയിലും തെല്‍അവിവിലും ജറുസലേമിലും ഒരേ സമയമാണ് ആക്രമണം നടത്തിയത്. ഹൈഫയില്‍ മാത്രം 40 മിസൈലുകളാണ് ഇറാന്‍ അയച്ചത്. ബെൻ ഗുരിയോൺ എയർപോർട്ട്, ബയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ കേന്ദ്രങ്ങൾ, കമാൻഡ് കൺട്രോൾ സെന്ററുകൾ എന്നിവയെ ലക്ഷ്യമിട്ടതായി ഇറാൻ അറിയിച്ചു.

ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.തെൽ അവീവിന്റെ ചില ഭാഗങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചു. തെക്കൻ തെൽ അവിവിലെ നെസ് സിയോണയിലെ തകർന്ന കെട്ടിടത്തിൽ 20 പേർ കുടുങ്ങി കിടക്കുന്നതായി ഇസ്രായേൽ ആർമി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. 

Advertising
Advertising

അതേസമയം, ഇറാന്‍റെ മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 16 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ കുട്ടികളുമുണ്ടെന്നാണ് വിവരം. ഇതില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്.  ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

ഇറാന്‍ തിരിച്ചടിയെത്തുടര്‍ന്ന് ഇസ്രായേലിലുടനീളം അപായ സൈറനുകള്‍ മുഴങ്ങി. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും ഇസ്രായേൽ അടച്ചിരുന്നു . മുൻകരുതൽ എന്ന നിലയിൽ വ്യോമാതിർത്തികൾ അടച്ചതായി ഇസ്രായേൽ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിർത്തികൾ അടച്ചതിനാൽ ഈജിപ്തിലേക്കും ജോർദാനിലേക്കും ഉള്ള കരമാർഗങ്ങൾ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു. 

ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് ഇന്ന് അമേരിക്ക ബോംബിട്ടത്.ഫോർദോക്ക് പുറമെ നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. അമേരിക്കയെ തിരിച്ചടിച്ചാല്‍ ഇറാന് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.  ഒന്നുകിൽ സമാധാനമാണെന്നും അല്ലെങ്കിൽ ഇറാന് നാശമാണെന്നും ട്രംപ് പറഞ്ഞു.. ഇറാന്‍ തിരിച്ചടിച്ചാല്‍ കഴിഞ്ഞദിവസം രാത്രി നടന്നതുപോലെ ആവില്ലെന്നും ട്രംപ് അറിയിച്ചു. ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ടെന്നും ഉടൻ സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ട്രംപ് അറിയിച്ചു.

ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഉപയോഗശൂന്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ യുഎസ് ആക്രമണം യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷമാണെന്നും യുഎസിന്റേത് ചരിത്രത്തെ മാറ്റിമറിക്കുന്ന തീരുമാനമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ഏറ്റവും കടുപ്പമേറിയ ആക്രമണം വേണ്ടിവന്നത് ഇസ്ഫഹാനിലെ ആണവകേന്ദ്രങ്ങളിലാണെന്നും ഫോർദോയേക്കാൾ സങ്കീർണമായിരുന്നു ഇവിടുത്തെ ആക്രമണമെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിച്ചാൽ കൂടുതൽ കനത്ത തിരിച്ചടിയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News