'റഫ അതിർത്തി തുറക്കണം'; ഹേഗിലെ ഈജിപ്ഷ്യൻ എംബസിയുടെ ഗെയ്റ്റുകൾ താഴിട്ടുപൂട്ടി യുവാവിന്റെ പ്രതിഷേധം
ഈജിപ്ഷ്യൻ പൗരനായ അനസ് ഹബീബ് ആണ് എംബസിയുടെ ഗെയ്റ്റുകൾ പൂട്ടിയത്.
ആംസ്റ്റർഡാം: ഹേഗിലെ ഈജിപ്ഷ്യൻ എംബസിയുടെ ഗെയ്റ്റുകൾ താഴിട്ടുപൂട്ടി യുവാവിന്റെ പ്രതിഷേധം. ഈജിപ്ത് വഴി ഗസ്സയിലേക്ക് പ്രവേശിക്കുന്നതിനുള്ള റഫ അതിർത്തി അടച്ചതിൽ പ്രതിഷേധിച്ചാണ് ഈജിപ്ഷ്യൻ പൗരനായ അനസ് ഹബീബ് എംബസിയുടെ ഗെയ്റ്റുകൾ പൂട്ടിയത്. ഇസ്രായേൽ ഉപരോധത്തിന്റെ ഭാഗമായാണ് റഫ അതിർത്തി അടച്ചത്.
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ അനസ് ഹബീബ് ലൈവ് വീഡിയോ ചെയ്തുകൊണ്ടാണ് ഗെയ്റ്റുകൾ പൂട്ടിയത്. തന്റെ പ്രവൃത്തി പ്രതീകാത്മകമാണെന്നും ലക്ഷക്കണക്കിന് ഫലസ്തീനികളെ പട്ടിണിക്കിടുന്ന ഗസ്സ ഉപരോധത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയെത്തിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും ഹബീബ് പറഞ്ഞു.
''ഇസ്രായേൽ ആണ് അതിർത്തി അടച്ചത് എന്നാണ് ഈജ്പിത് പറയുന്നത്. രണ്ട് വർഷമായി ഈ ന്യായീകരണം ഞങ്ങൾ കേൾക്കുന്നു. അവർക്ക് നുണയും ഉപരോധവും ഒരു സെക്കൻഡ് പോലും സഹിക്കാൻ കഴിയില്ല. കഴിഞ്ഞ രണ്ട് വർഷമായി ഈ നുണ കേൾക്കുന്ന ഗസ്സയിലെ ഓരോരുത്തരുടെയും അവസ്ഥ എന്താണെന്ന് ആലോചിച്ചു നോക്കൂ. പൊലീസ് എത്തുന്നതുവരെ ഞാൻ ഇവിടെ തന്നെ നിൽക്കും. കാരണം ഗസ്സ തുറക്കുന്നതുവരെ ഞാൻ ഇത് തുറക്കില്ല. അവർ തന്നെ പൂട്ട് പൊളിക്കട്ടെ''- ഹബീബ് പറഞ്ഞു.
ഹബീബിന്റെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും ഈജിപ്ഷ്യൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ സൈന്യമാണ് റഫ അതിർത്തി അടച്ചത് എന്നാണ് ഈജ്പിന്റെ ന്യായീകരണം.