വിമർശനം വാക്കുകളിൽ മാത്രം; ഇസ്രായേലിനെ കൈവിടാത്ത യൂറോപ്യൻ രാജ്യങ്ങൾ

ഇസ്രായേലിനെതിരെ യൂറോപ്യൻ യൂണിയനും യുകെയുമൊക്കെ വാക്കുകളിൽ പുലർത്തുന്ന തീവ്രനിലപാടുകളൊന്നും പ്രവൃത്തിയിൽ കൊണ്ടുവരുന്നില്ല എന്ന ആരോപണങ്ങള്‍ ശക്തമാകുകയാണ്

Update: 2025-08-29 14:01 GMT
Editor : RizwanMhd | By : Web Desk

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ നിലപാടെടുക്കുന്നു എന്നൊക്കെയുള്ള വാർത്തകളായിരുന്നു സമീപ ആഴ്ചകളിൽ പുറത്തുവന്നിരുന്നത്. ഫ്രാൻസും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ചർച്ചയും ചെയ്തതാണ്. എന്നാൽ ഇസ്രായേലിനെതിരെ യൂറോപ്യൻ യൂണിയനും യുകെയുമൊക്കെ വാക്കുകളിൽ പുലർത്തുന്ന തീവ്രനിലപാടുകളൊന്നും പ്രവൃത്തിയിൽ കൊണ്ടുവരുന്നില്ല എന്ന ആരോപണങ്ങളും ഒരുഭാഗത്ത് ശക്തമാണ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നെതർലൻഡ്‌സ്‌ വിദേശകാര്യ മന്ത്രിയായിരുന്ന കാസ്പർ വെൾഡ്കാമ്പും, അദ്ദേഹത്തിന്റെ ന്യൂ സോഷ്യൽ കോൺട്രാക്ട് പാർട്ടിയുടെ ക്യാബിനറ്റ് അംഗങ്ങളും ഭരണമുന്നണിയിൽനിന്ന് രാജിസമർപ്പിച്ചത്. ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെ അധിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിന് മന്ത്രിസഭയുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്നായിരുന്നു രാജി. വെസ്റ്റ് ബാങ്കിൽ ഒരു വലിയ കുടിയേറ്റ വികസനത്തിന് ഇസ്രായേൽ അംഗീകാരം നൽകിയതിനെ മറ്റ് 20 രാജ്യങ്ങളുമായി ചേർന്ന് നെതർലാൻഡ്‌സും അപലപിച്ചതിന് പിന്നാലെയായിരുന്നു രാജിവാർത്ത പുറത്തുവന്നത്. യുകെയിലെയും സ്പെയിനിലെയുമെല്ലാം മന്ത്രിസഭകളിൽനിന്ന് സമാനമായ രാജികൾ ഉണ്ടായിട്ടുണ്ട്. ഗസ്സയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഇനിയും മൗനം പാലിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു ഇവരുടെയെല്ലാം രാജി എന്നതും പ്രസക്തമാണ്. ഈ വീഡിയോയുടെ തുടക്കത്തിൽ സൂചിപ്പിച്ച പോലെ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെയാണ് ഈ നടപടികൾ സൂചിപ്പിക്കുന്നത് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Advertising
Advertising

നെതർലൻഡ്‌സിന്റെ കാര്യം തന്നെയെടുക്കാം... ഇസ്രായേൽ ഉപയോഗിക്കുന്ന എഫ് 35 യുദ്ധവിമാനങ്ങൾക്കുള്ള നിർമാണ ഘടകങ്ങൾ നൽകുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് നെതർലൻഡ്‌സ്‌. ഒരുഭാഗത്ത് ഇസ്രായേലിനെ അപലപിക്കുമ്പോഴും സയണിസ്റ്റ് ഭരണകൂടത്തിന് ഈ നിർമാണ ഘടകങ്ങൾ എത്തിച്ചുനല്കുന്നതിൽ നെതർലൻഡ്‌സ്‌ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. സമാനമാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും കാര്യം.

സഹായവിതരണങ്ങളും ഭക്ഷ്യസഹായങ്ങളും ഗസ്സയിലേക്ക് കടത്തിവിടുന്നതിൽ ഇസ്രായേൽ സ്വീകരിക്കുന്ന സമീപനത്തെ അടുത്തിടെയാണ് യൂറോപ്യൻ യൂണിയനിലെ 19 രാജ്യങ്ങൾ കുറ്റപ്പെടുത്തിയത്. എന്നാൽ ഇസ്രയേലുമായുള്ള വ്യാപാരബന്ധങ്ങളിൽ എന്തെങ്കിലും ഉപരോധം ഏർപ്പെടുത്താനോ, അതിൽ ഉപരോധം ഏർപ്പെടുത്തി, സയണിസ്റ്റ് ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനോ ഇക്കൂട്ടർ ആരും തയാറായിട്ടില്ല എന്നതാണ് വസ്തുത. 2025 മാർച്ചിൽ, 200 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഇസ്രായേൽ നടത്തിയത്. സമാനമായി യൂറോപ്യൻ യൂണിയന്റെ ഇസ്രയേലിലേക്കുള്ള ഇറക്കുമതി 240 കോടി ഡോളറും കടന്നിരുന്നു. ഗസ്സയിലെ വംശഹത്യ തുടരുമ്പോഴും ഇരുകൂട്ടരും തമ്മിലുള്ള വ്യാപാരബന്ധത്തിൽ യാതൊരു ഉലച്ചിലും തട്ടിയിട്ടില്ല എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ സ്വീകരിച്ച നിലപാടിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ഇത്. റഷ്യ അധിനിവേശം ആരംഭിച്ച് ഒരുമാസമാകും മുൻപുതന്നെ റഷ്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചവരാണ് യൂറോപ്യൻ യൂണിയൻ. എന്നാൽ അധിനിവേശ ശക്തിയായ ഇസ്രയേലിന്റെ കാര്യത്തിൽ മാത്രം യൂറോപ്യൻ രാജ്യങ്ങളുടെ ധാർമിത ബോധം മറ്റൊന്നാണ്.

പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ ഇസ്രയേലിനെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പിന്തുണയ്ക്കുന്ന യൂറോപ്യൻ ജനതയുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അൻപത് ശതമാനത്തിലധികം പേരും ഇസ്രയേലിനെക്കുറിച്ച് പ്രതികൂലമായ വീക്ഷണമാണ് ഉണ്ടായിരുന്നത്. Armed Conflict Location & Event Data അഥവാ അക്ലെഡ് കണക്കുപ്രകാരം, മെയ് മാസത്തിൽ മാത്രം, ഇ യു രാജ്യങ്ങളിൽ നടന്നത് 370 ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ ആയിരുന്നു. യൂറോപ്യൻ ജനതയുടെ നിലപാട് എത്രമാത്രം ഫലസ്തീൻ അനുകൂലമാണെന്ന് തെളിയിക്കുന്നതാണ് ഇവ.

2000 ജൂണിൽ പ്രാബല്യത്തിൽ വന്ന, യൂറോപ്യൻ യൂണിയനും ഇസ്രായേലും തമ്മിലുള്ള രാഷ്ട്രീയ- സാമ്പത്തിക സഹകരണം അനുവദിക്കുന്ന യൂറോപ്യൻ യൂണിയൻ-ഇസ്രായേൽ അസോസിയേഷൻ കരാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യങ്ങളും ശക്തമായി ഉയരുന്നുണ്ട്. ഇസ്രായേലിനെതിരെ നടപടി കൈക്കൊള്ളാൻ ആഭ്യന്തരമായി എല്ലാ സാഹചര്യങ്ങളും നിലനിൽക്കുമ്പോഴാണ് സയണിസ്റ്റ് ഭരണകൂടത്തെ പൂർണമായി തള്ളിക്കളയാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് സാധിക്കാത്തത് എന്നിടത്ത് അവരുടെ വാക്കുകളിലെ സത്യസന്ധത കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News