അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തലിൽ ഭേദഗതി നിർദേശിച്ച് ഹമാസ്; ആവശ്യം തള്ളി അമേരിക്കയും ഇസ്രായേലും
നിർദിഷ്ട കരാറില്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ലെന്ന് ഹമാസ് അംഗം ബാസിം നയിം
ഗസ്സസിറ്റി: അമേരിക്ക മുന്നോട്ടവെച്ച വെടിനിർത്തലിൽ ഭേദഗതി നിർദേശിച്ച് ഹമാസ്. നിർദേശത്തിൽ യുദ്ധവിരാമവും സൈനിക പിൻമാറ്റവും സംബന്ധിച്ച വ്യക്തമായ ഭേദഗതി വേണമെന്ന് ഹമാസ് വ്യക്തമാക്കി. നിർദിഷ്ട കരാറില്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ലെന്ന് ഹമാസ് അംഗം ബാസിം നയിം അല്‍ജസീറയോട് പറഞ്ഞു.
''യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ അവതരിപ്പിച്ച നിര്‍ദേശത്തോട് ഹമാസ് പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. എന്നാല്‍ ഇസ്രായേലിനടുത്ത് പോയ സംഘം, ഭേദഗതികള്‍ വരുത്തി. അതാണിപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ വച്ചത്. ഇതിലെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ല''- ബാസിം നയിം വ്യക്തമാക്കി.
ഗസ്സയില്‍ ശാശ്വതമായ വെടിനിർത്തൽ, ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണമായ പിന്മാറ്റം, സഹായവിതരണം ഉറപ്പാക്കല്‍ എന്നിവയാണ് ഞങ്ങളുടെ പ്രധാന ആവശ്യങ്ങളെന്നും ഹമാസ് പ്രതിനിധി പറഞ്ഞു. ഇതോടൊപ്പം 18 ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾക്കൊപ്പം ജീവിച്ചിരിക്കുന്ന 10 ഇസ്രായേലി ബന്ദികളെയും വിട്ടയക്കും. ഫലസ്തീന്‍ തടവുകാരുടെ മോചനവും സാധ്യമാകുമായിരുന്നുവെന്നും ഹമാസ് പ്രതിനിധി കൂട്ടിച്ചേർത്തു.
അതേസമയം ഹമാസിന്റെ ആവശ്യം അസ്വീകാര്യമെന്ന് അമേരിക്കയും ഇസ്രായേലും വ്യക്തമാക്കി. ശക്തമായ സൈനിക നടപടികളിലൂടെ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ നിർദേശം ഹമാസ് തള്ളിയിരിക്കെ, ഗസ്സയിൽ ആക്രമണം കൂടുതൽ ശക്തമാക്കണമെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രി ബെൻ ഗവിർ ആവശ്യപ്പെട്ടു. എന്നാൽ ബന്ദികളുടെ ജീവൻ അപകടത്തിലാക്കാനാണ് നെതന്യാഹു സർക്കാറിന്‍റെ നീക്കമെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
അതേസമയം രണ്ടു ദിവസത്തിനുള്ളിൽ 60 വസതികൾ ബോംബാക്രമണത്തിൽ തകർന്നതായി ഗസ്സ സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ആശുപത്രികൾക്ക് നേരെയും ആക്രമണം തുടരുകയാണ്. 2023 ഒക്ടോബർ മുതൽ ഇസ്രായേൽ ഇതുവരെ 54,000ത്തിലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. ഇസ്രായേലി ഉപരോധത്തെത്തുടർന്ന് ഗസ്സയിലുടനീളം പട്ടിണിയാണ്.