'ഇതൊരു കൊലക്കളമാണ്'; സഹായത്തിനായി കാത്തിരുന്ന നിരായുധരായ ഗസ്സക്കാർക്ക് നേരെ മനപ്പൂർവം വെടിവെക്കാൻ ഇസ്രായേൽ സൈനികർക്ക് ഉത്തരവ്

സഹായവിതരണ കേന്ദ്രങ്ങൾക്ക് സമീപമുള്ള ആളുകൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കാൻ കമാൻഡർമാർ ഉത്തരവിട്ടതായി സൈനികരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തു.

Update: 2025-06-27 17:05 GMT

ഗസ്സ: സഹായവിതരണ കേന്ദ്രങ്ങൾക്ക് സമീപം ഫലസ്തീനികൾക്ക് എതിരെ സൈന്യം മനപ്പൂർവം വെടിയുതിർത്തതായി ഇസ്രായേലി സൈനികരുടെ വെളിപ്പെടുത്തൽ. സഹായവിതരണ കേന്ദ്രങ്ങൾക്ക് സമീപമുള്ള ആളുകൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കാൻ കമാൻഡർമാർ ഉത്തരവിട്ടതായി സൈനികരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഇസ്രായേൽ സൈന്യം എല്ലാ ധാർമികതയും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഒരു സൈനികൻ പറഞ്ഞു.

സഹായവിതരണ കേന്ദ്രങ്ങൾക്ക് സമീപം ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 549 പേർ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്നത്. 4000ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഐഡിഎഫ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ യഥാർഥ കണക്കുകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല.

Advertising
Advertising

യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്ന മിലിട്ടറി അഡ്വക്കറ്റ് ജനറലിനോട് ഈ വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. സഹായവിതരണ കേന്ദ്രങ്ങൾക്ക് സമീപം നിൽക്കുന്നവരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന ആരോപണം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും നിഷേധിച്ചു.

മേയ് അവസാനത്തോടെയാണ് ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹായവിതരണ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് നാല് ഭക്ഷണവിതരണ കേന്ദ്രങ്ങളാണുള്ളത്. അമേരിക്കൻ ഫലസ്തീൻ തൊഴിലാളികളാണ് ഈ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നത്. ഐഡിഎഫ് തന്നെയാണ് ഈ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കുന്നത്. ആയിരക്കണക്കിന് ഗസ്സക്കാരാണ് ഈ കേന്ദ്രങ്ങളിലും ദിവസവും എത്തുന്നത്.

സഹായവിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലവിൽ ആകെ താറുമാറായിരിക്കുകയാണ്. ഈ കേന്ദ്രങ്ങൾക്ക് സമീപം ഇതുവരെ 19 വെടിവെപ്പുകൾ ഉണ്ടായതായി ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്തു. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. ഓരോ ദിവസവും രാവിലെ ഒരു മണിക്കൂറാണ് സഹായവിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇത് തുറക്കുന്നതിന് മുമ്പ് എത്തുന്നവർക്ക് നേരെയും സഹായവിതരണത്തിന്റെ സമയം കഴിഞ്ഞ് കൂടിനിൽക്കുന്നവർക്ക് നേരെയും ഐഡിഎഫ് വെടിയുതിർക്കാറുണ്ടെന്നാണ് റിപ്പോർട്ട്.

'ഇതൊരു കൊലക്കളമാണ്,ഞാൻ നിലയുറപ്പിച്ചിരുന്ന സ്ഥലത്ത്, എല്ലാ ദിവസവും ഒന്ന് മുതൽ അഞ്ച് വരെ ആളുകൾ കൊല്ലപ്പെടുമായിരുന്നു. അവരെ ഒരു ശത്രുസൈന്യത്തെപ്പോലെയാണ് പരിഗണിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടികളില്ല, കണ്ണീർ വാതകമില്ല. തത്സമയ വെടിവെപ്പ് മാത്രം. ഞങ്ങളുടെ ആശയവിനിമയ മാർഗം വെടിവെപ്പാണ്''- ഒരു സൈനികനെ ഉദ്ധരിച്ച് ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News