ഹമാസുമായുള്ള ചർച്ചയ്ക്ക് ഇസ്രായേൽ സംഘം ദോഹയിലേക്ക്; നെതന്യാഹു-ട്രംപ് കൂടിക്കാഴ്ച നാളെ

പൂർണ യുദ്ധവിരാമത്തിന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗത്തിന് എതിർപ്പെന്ന് സൂചന

Update: 2025-07-06 01:32 GMT
Editor : Lissy P | By : Web Desk

ദുബൈ: പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാതെ ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കുന്നതിലെ എതിർപ്പിനിടയിലും ഹമാസുമായി താൽക്കാലിക വെടിനിർത്തലിനൊരുങ്ങി ഇസ്രായേൽ. രാത്രി ചേർന്ന സുരക്ഷാ മന്ത്രിസഭയോഗം\ തുടർ ചർച്ചക്ക്​ ദോഹയിലേക്ക്​ സംഘത്തെ അയക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.  ഇന്ന്​ തന്നെ ഇസ്രായേൽ സംഘം ദോഹയിൽ എത്തിയേക്കും.

രണ്ടു മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിൽ 10 ബന്ദികളെയും 18 മൃതദേഹങ്ങളും ഹമാസ്​ കൈമാറണം എന്നാണ്​ വ്യവസ്ഥ. ഇതിന്​ ആനുപാതികമായി ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. ഗസ്സയിൽ യുഎൻ മേൽനോട്ടത്തിൽ കുറ്റമറ്റ രീതിയിലുള്ള സഹായ വിതരണവും വ്യവസ്ഥയിലുണ്ട്​. പൂർണ യുദ്ധവിരാമത്തിലേക്ക്​ ചർച്ച നീളണമെന്ന ആവശ്യം ഹമാസ്​ മുന്നോട്ടു വെച്ചിട്ടുണ്ട്​. എന്നാൽ ഇക്കാര്യത്തിൽ ഇസ്രായേലിനുള്ളിൽ കടുത്ത ഭിന്നത തുടരുകയാണ്​. യു.എസ്​ പ്രസിഡന്‍റ്​ ട്രംപിന്‍റെ സമ്മർദം ശക്തമാണെന്നിരിക്കെ, വെടിനിർത്തൽ കരാറുമായി മുന്നോട്ടു പോവുകയല്ലാതെ നെതന്യാഹു സർക്കാറിനു മുന്നിൽ മറ്റു വഴികളില്ലെന്ന്​ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഇസ്രായേൽ മാധ്യമങ്ങൾ വ്യക്​തമാക്കി.

Advertising
Advertising

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന്​ അമേരിക്കയിലേക്ക്​ തിരിക്കും. നാളെയാണ്​ വൈറ്റ്​ഹൗസിൽ ട്രംപുമായുള്ള നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്​ച.വെടിനിർത്തലുമായി സഹകരിക്കാനുള്ള തീരുമാനം ഉറച്ചതാണെന്നും മുഴുവൻ ഫലസ്തീൻ കൂട്ടായ്മകളുടെയും പിന്തുണ അതിനുണ്ടെന്നും​ ഹമാസ്​ അറിയിച്ചു.

അതിനിടെ,ഗസ്സയിൽ ആക്രമണം ശക്​തമായി തുടരുകയാണ്​​​ ഇസ്രായേൽ. ഇന്നലെ മാത്രം 78 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിനു കാത്തുനിന്ന 14 പേരും ഇവരിൽ ഉൾപ്പെടും. ഭക്ഷ്യസഹായ കേ​ന്ദ്രങ്ങളിൽ വരിനിന്ന 743 പേരെയാണ്​ ഇതിനകം ഇസ്രായേൽ കൊന്നു തള്ളിയത്​. സഹായ കേന്ദ്രത്തിലെ രണ്ട്​ ജീവനക്കാർക്ക്​ ഹമാസ്​ ആക്രമണത്തിൽ പരിക്കേറ്റതായി യു.എസ്​ സ്​റ്റേറ്റ്​ വകുപ്പും അറിയിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News