ഗസ്സ പിടിച്ചെടുത്ത് സൈനിക ഭരണം ഏര്‍പ്പെടുത്താൻ ഇസ്രായേൽ നീക്കം

സഹായ വിതരണം ഉൾപ്പെടെ ഏറ്റെടുക്കും

Update: 2025-03-24 05:21 GMT
Editor : Jaisy Thomas | By : Web Desk

തെൽ അവിവ്: ഗസ്സ പൂർണമായും പിടിച്ചെടുത്ത് സൈനികഭരണം ഏർപ്പെടുത്താൻ ഇസ്രായേൽ നീക്കം. സഹായ വിതരണം ഉൾപ്പെടെ ഏറ്റെടുക്കും. പദ്ധതി ട്രംപ് ഭരണകൂടവുമായി ചർച്ച ചെയ്യാൻ ഇസ്രായേൽ സംഘം യുഎസിലേക്ക് പോകും. ഈ ആഴ്ച വാഷിംഗ്ടൺ ഡിസി സന്ദർശിക്കുന്ന മന്ത്രി റോൺ ഡെർമർ, ഗസ്സ മുനമ്പിൽ സൈനിക നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതിയെക്കുറിച്ച് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. എന്നാൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സും മറ്റ് മുതിർന്ന ഇന്‍റലിജൻസ്, പ്രതിരോധ, നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ഡെർമറിന്‍റെ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു.പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഞായറാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ചതായി ഓഫീസ് അറിയിച്ചു.

Advertising
Advertising

അതിനിടെ ഗസ്സയിലെ നാസർ ആശുപത്രിയിലും ഇസ്രായേൽ ബോംബിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെയും ഇസ്രായേൽ വധിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ ബര്‍ഹൂം ഉൾപ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ അൽ-മവാസിയിലെ ഒരു ടെന്‍റിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് ഹമാസിന്‍റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ സലാഹ് അൽ-ബർദാവിലിനെ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇത്. അതിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടു. ഗസ്സയെ സമ്പൂർണമായി പിടിച്ചെടുത്ത് സൈനിക ഭരണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ഇസ്രായേൽ.

ഇന്നലെ കുഞ്ഞുങ്ങൾ ഉൾപ്പെടെ 46 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിലെ ഖാൻ യൂനുസിൽ ഫലസ്തീൻ അഭയാർഥികളുടെ താമസ കേന്ദ്രങ്ങൾക്കും ഇസ്രായേൽ ബോംബിട്ടു. ആരോഗ്യ കേന്ദ്രങ്ങൾക്ക്​ നേരെയുള്ള ആക്രമണത്തിലും മാറ്റമില്ല. ഖാൻ യുനൂസിൽ പരിമിത സ്വഭാവത്തിൽ മാത്രം പ്രവർത്തിക്കുന്ന നാസർ മെഡിക്കൽ സമുച്ചയത്തിനു നേരെ ഇസ്രായേൽസേന ആക്രമണം നടത്തി.മധ്യ ഗസ്സയിലെ തുർക്കിഷ്-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ് ആശുപത്രി വെള്ളിയാഴ്ച ഇസ്രായേൽ ബോംബിട്ട്​ തകർത്തിരുന്നു.

ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീലും ഭാര്യയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻഗസ്സയിലെ ഖാൻ യൂനിസിൽ ഇവർ താമസിച്ച ടെന്‍റിന് നേരെയായിരുന്നു ആക്രമണം. അതിനിടെ, യുദ്ധത്തിന്‍റെ ഭാവിയും വെടിനിർത്തൽ ചർച്ചാ സാധ്യതയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതായി യുഎസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മാർക്കോ റൂബിയോ പറഞു. ബന്ദികളുടെ മോചനവും ഹമാസിനെ നശിപ്പിക്കലുമാണ്​ ​ലക്ഷ്യമെന്ന്​ യുഎസ്​ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ പ്രതികരിച്ചു.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News