'സ്റ്റോപ്പ് ഇസ്രായേൽ': ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേര് എഴുതിയ ടീഷർട്ട് ധരിച്ച് ജൂലിയൻ അസാൻജ് കാൻ വേദിയിൽ
ഗസ്സയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സിൽ താഴെയുള്ള 4986 കുഞ്ഞുങ്ങളുടെ പേരെഴുതിയ ടീഷർട്ട് ധരിച്ചാണ് അസാൻജ് ഇസ്രായേൽ വംശഹത്യക്കെതിരായ തന്‍റെ പ്രതിഷേധം ലോകവേദിയിൽ പ്രകടിപ്പിച്ചത്
പാരീസ്: ഫ്രാന്‍സിലെ പാരീസില്‍ നടക്കുന്ന കാന്‍ ചലച്ചിത്ര വേദിയില്‍ ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയോടുള്ള നിലപാട് വ്യക്തമാക്കി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്.
ഗസ്സയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സിൽ താഴെയുള്ള 4986 കുഞ്ഞുങ്ങളുടെ പേരെഴുതിയ ടീഷർട്ട് ധരിച്ചാണ് അസാൻജ് ഇസ്രായേൽ വംശഹത്യക്കെതിരായ തന്‍റെ പ്രതിഷേധം ലോകവേദിയിൽ പ്രകടിപ്പിച്ചത്. ടീഷർട്ടിന്‍റെ പിറകിൽ 'സ്റ്റോപ്പ് ഇസ്രായേൽ' എന്നും എഴുതിയിരുന്നു.
തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനത്തിനെത്തിയതായിരുന്നു അസാന്‍ജ്. അമേരിക്കന്‍ സംവിധായകനായ യൂജിന്‍ ജെറാക്കിയാണ് അസാന്‍ജിനെക്കുറിച്ചുള്ള 'ദ സിക്‌സ് ബില്യണ്‍ ഡോളര്‍ മാന്‍' എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കാനില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
അതേസമയം ഗസ്സയില്‍ നടക്കുന്ന വംശഹത്യയെക്കുറിച്ച് അദ്ദേഹം വേദിയില്‍ സംസാരിക്കുകയും ചെയ്തു. തടവിനും നാടുകടത്തലിനുമെതിരായ അസാൻജിന്‍റെ പോരാട്ടമാണ് ഡോക്യുമെന്‍ററിയിൽ പറയുന്നത്. വിക്കിലീക്സിന്‍റെ ദൃശ്യങ്ങളും ഇതുവരെ പുറത്തുവിടാത്ത തെളിവുകളും അടക്കം ഉൾപ്പെടുത്തിയാണ് ഡോക്യുമെന്‍ററി തയാറാക്കിയത്.
യുഎസിന്റെ പ്രതിരോധ രഹസ്യങ്ങള്‍ പരസ്യമാക്കിയതിന് ചാരവൃത്തി നിയമപ്രകാരം ജൂലിയന്‍ അസാന്‍ജ് അറസ്റ്റിലായിരുന്നു. ബ്രിട്ടനിലെ എക്വഡോര്‍ സ്ഥാനപതികാര്യാലയത്തില്‍ കഴിയവേയാണ് അറസ്റ്റിലായത്. ലണ്ടനിലായിരുന്നു ജയില്‍വാസം. കുറ്റസമ്മതക്കരാര്‍ പ്രകാരം 2024 ജൂണില്‍ അസാന്‍ജ് ജയില്‍ മോചിതനാവുകയായിരുന്നു. 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. 2010 ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകൾ അടക്കം വിക്കിലീക്സ് പുറത്തുവിട്ടത്.