ലണ്ടനിലെ സംഗീതപരിപാടിയിൽ ഹിസ്ബുല്ല പതാക പ്രദര്‍ശിപ്പിച്ചു; ഐറിഷ് ബാൻഡ് അംഗത്തിനെതിരെ തീവ്രവാദക്കുറ്റം ചുമത്തി
2024 നവംബർ 21 ന് ലണ്ടനിലെ കെന്‍റിഷ് ടൗണിലെ O2 ഫോറത്തിലാണ് സംഗീതപരിപാടി നടന്നത്
ലണ്ടൻ: സംഗീതപരിപാടിയിൽ ഹിസ്ബുല്ലയെ പിന്തുണച്ച് പതാക പ്രദര്‍ശിപ്പിച്ചതിന് ഐറിഷ് ബാൻഡ് അംഗത്തിനെതിരെ തീവ്രവാദക്കുറ്റം ചുമത്തി. നീക്യാപ് ബാൻഡ് അംഗം മോ ചാര എന്നറിയപ്പെടുന്ന ലിയാം ഒ ഹന്നൈദിനെതിരെയാണ് മെട്രോപോളിറ്റന്‍ പൊലീസ് ഭീകരവാദക്കുറ്റം ചുമത്തിയത്. 2024 നവംബർ 21 ന് ലണ്ടനിലെ കെന്‍റിഷ് ടൗണിലെ O2 ഫോറത്തിലാണ് സംഗീതപരിപാടി നടന്നത്.
ആരോപണങ്ങൾ നിരസിച്ച ബാൻഡ് ഗസ്സയിൽ ഇസ്രായേലിന്‍റെ വംശഹത്യയ്‌ക്കെതിരെ സംസാരിക്കുന്ന കലാകാരന്മാരെ യുകെ സർക്കാർ അടിച്ചമർത്തുകയാണെന്ന് ചൂണ്ടിക്കാട്ടി. ഹന്നൈദ് ജൂൺ 18ന് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും. തീവ്രവാദക്കുറ്റം ചുമത്തിയ നടപടിയെ നിഷേധിക്കുന്നതായും ശക്തമായി പ്രതിരോധിക്കുമെന്നും നീക്യാപ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു. ''ഗസ്സയിൽ 14,000 കുഞ്ഞുങ്ങൾ പട്ടിണി കിടന്ന് മരിക്കാൻ പോകുന്നു. ലോകം ഗസ്സയിലേക്ക് അയക്കുന്ന ഭക്ഷണം ഒരു മതിലിന് മറുവശത്ത് ഇരിക്കുന്നു. അപ്പോഴും ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ ശ്രദ്ധ ഞങ്ങളിലാണ്'' ബാൻഡ് കൂട്ടിച്ചേര്‍ത്തു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ നിക്യാപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹമാസിനെയും ഹിസ്ബുല്ലയെയും പിന്തുണയ്ക്കുന്ന ബാൻഡിന്‍റെ വീഡിയോകൾ പുറത്തുവന്നതിനെ തുടര്‍ന്ന് ഈ മാസം ആദ്യം മുതൽ ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് യുകെ തീവ്രവാദ വിരുദ്ധ പൊലീസ് വ്യക്തമാക്കി.