ലോകത്തെ കരയിപ്പിച്ച ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം നിക് ഊട്ടിന്റെതല്ല ?.. പേര് വെട്ടി വേൾഡ് പ്രസ് ഫോട്ടോ
യുഎസിന്റെ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റ വിയറ്റ്നാമീസ് പെൺകുട്ടി, നഗ്നയായി, നിരാശയോടെ കൈകൾ നീട്ടി നിലവിളിക്കുന്ന ആ ചിത്രം ലോകത്തിന്റെ നെഞ്ചുലച്ചിരുന്നു
ആംസ്റ്റർഡാം: വിയറ്റ്നാം യുദ്ധ ഭീകരത ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. ‘നാപാം ഗേൾ’എന്ന അറിയപ്പെട്ട ആ ചിത്രമെടുത്തത് വിയറ്റ്നാമീസ് - അമേരിക്കൻ ഫോട്ടോഗ്രാഫറായ നിക് ഊട്ടെന്നായിരുന്നു ലോകം വിശ്വസിച്ചിരുന്നത്. 53 വർഷം മുമ്പെടുത്ത ആ ചിത്രം വീണ്ടും ചർച്ചയാകുകയാണ്.
യുഎസിന്റെ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റ വിയറ്റ്നാമീസ് പെൺകുട്ടി, നഗ്നയായി, നിരാശയോടെ കൈകൾ നീട്ടി നിലവിളിക്കുന്ന ആ ചിത്രം ലോകത്തിന്റെ നെഞ്ചുലച്ചിരുന്നു. കിം ഫുക്ക് എന്ന 9 വയസുകാരിയെ ലോകം പിന്നീട് തിരച്ചറിഞ്ഞിരുന്നു.വിയറ്റ്നാമിലെ ഒരു ഗ്രാമത്തിലെ റോഡിൽ നിന്നുള്ള ഈ ചിത്രം യുഎസ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനായി ജോലി ചെയ്തിരുന്ന ഫോട്ടോഗ്രാഫറായ നിക്ക് ഊട്ടിന്റെതാണെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1972 ജൂൺ എട്ടിനാണ് ചിത്രം പ്രസിദ്ധീകരിച്ചത്. 1973 ൽ വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരവും പുലിറ്റ്സർ സമ്മാനവും ചിത്രത്തെ തേടിയെത്തി. .
ഈ വർഷമാദ്യം പുറത്തുവന്ന ‘ദ സ്ട്രിംഗർ’എന്ന ഡോക്യുമെന്ററി ചിത്രമെടുത്തയാളെക്കുറിച്ച് അന്വേഷിക്കുന്നതാണ്. ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രം അസോസിയേറ്റഡ് പ്രസ് ഫോട്ടോ എഡിറ്റർ നിക് ഊട്ടിന്റെ പേരിൽ നൽകുകയായിരുന്നുവെന്നാണ് ഡോക്യൂമെന്ററി വാദിക്കുന്നത്. ഫ്രീലാൻസർ ഫോട്ടോഗ്രഫറായ നോയൻ ടാനിനെ ആണ് ചിത്രമെടുത്തതെന്നാണ് ഡോക്യുമെന്ററി വാദം. ആ ചിത്രം 20 ഡോളറിനു എപിക്കു വിൽക്കുകയായിരുന്നുവെന്നും നോയൻ അവകാശപ്പെട്ടിരുന്നു.
ചിത്രമെടുത്തത് ആരാണെന്ന സംശയങ്ങൾ വ്യാപകമായി ഉയർന്നതിനെ തുടർന്ന് വേൾഡ് പ്രസ് ഫോട്ടോ സംഘടന ആ ചിത്രമെടുത്തതിന്റെ ക്രെഡിറ്റിൽ നിന്ന് നിക് ഊട്ടിന്റെ പേര് നീക്കിയത്. നിക് ഊട്ടിന്റെ പേരിന് പകരം ‘അറിയില്ല’ എന്നാകും ഇനിയുണ്ടാവുക. എന്നാൽ 1973 ൽ നൽകിയ ‘ഫോട്ടോ ഓഫ് ദി ഇയർ’ അവാർഡ് തിരിച്ചുപിടിക്കുന്നില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ജൗമാന അൽ സെയ്ൻ ഖൗരി പറഞ്ഞു. നിക് ഊട്ട് ഡോക്യൂമെന്ററിയുടെ അവകാശവാദങ്ങൾക്കെതിരെ രംഗത്തെത്തുകയും അപകീർത്തിപരമായ നടപടിക്കെതിരെ നിയമനടപടി ആരംഭിക്കുകയും ചെയ്തിരുന്നു. വേൾഡ് പ്രസ്സ് ഫോട്ടോയുടെ തീരുമാനം ‘നിർഭാഗ്യകരവും പ്രൊഫഷണലല്ലാത്തതും’ ആണെന്നും അദ്ദേഹം പറഞ്ഞു. ചിത്രമെടുത്തത് നിക് ഊട്ടാണെന്ന് അസോസിയേറ്റഡ് പ്രസും വ്യക്തമാക്കി.