Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
വാഷിങ്ടൗണ്‍: എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് പ്രാഗ്രാമിന് വീണ്ടും തിരിച്ചടി. ഒന്‍പതാമത്തെ പരീക്ഷണ പറക്കലിന് മുപ്പത് മിനിറ്റിന് മുമ്പ് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണു. സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. ഉപഗ്രഹങ്ങള്‍ വിന്യസിക്കുന്നതിന് പകരം സ്റ്റാര്‍ഷിപ്പ് കറങ്ങാന്‍ തുടങ്ങി. തുടര്‍ന്ന് സ്‌പേസ് എക്‌സ് എന്‍ഞ്ചിനിയര്‍ക്ക് സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട് മിനിറ്റുകള്‍ക്ക് ഉള്ളിലാണ് സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പതിച്ചത്.
എന്നാല്‍ ഇത് തിരിച്ചടി അല്ലെന്ന് സ്‌പേസ് എക്‌സ് പ്രതികരിച്ചു. സ്‌പേസ് എക്‌സിന്റെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റാണ് പരീക്ഷണ പറക്കലിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചത്. നേരത്തെ നടന്ന രണ്ട് ശ്രമങ്ങളും വലിയ പരാജയത്തിലായിരുന്നു അവസാനിച്ചത്. എഞ്ചിന്‍ തകരാറുകള്‍, വിമാനത്തിനുള്ളിലെ തീപിടുത്തം തുടങ്ങിയ പ്രശ്നങ്ങള്‍ കാരണമാണ് കരീബിയന്‍, അറ്റ്‌ലാന്റിക് സമുദ്രങ്ങളിലേക്ക് പതിച്ച് പരാജയപ്പെട്ടത്. ഒമ്പതാമത്തെ പരീക്ഷണ പറക്കലിന് മുന്നോടിയായി നിരവധി ഹാര്‍ഡ്വെയര്‍ നവീകരണങ്ങളും നടപടിക്രമങ്ങളും മാറ്റങ്ങളും നടപ്പിലാക്കാന്‍ ഇത് സ്പേസ് എക്സിനെ പ്രേരിപ്പിച്ചിരുന്നു. തകര്‍ച്ചയിലും ആവര്‍ത്തിച്ചുള്ള സ്‌പേസ് എക്‌സിന്റെ റോക്കറ്റ് പരിവേഷം സൂചിപ്പിക്കുന്നത് പരാജയങ്ങളില്‍ നിന്ന് പോലും അവര്‍ക്ക് നിരവധി ഡാറ്റകള്‍ ലഭിക്കുന്നുവെന്നാണ്.
ചന്ദ്രന്‍, ചൊവ്വ തുടങ്ങിയ ദൗത്യങ്ങളിലെല്ലാം പൂര്‍ണ്ണമായ പുനരുപയോഗ ക്ഷമത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ഷിപ്പിന്റെ രൂപകല്‍പ്പന. വരും വര്‍ഷങ്ങളില്‍ ആര്‍ട്ടെമിസ് പ്രോഗ്രാമിന്റെ ചാന്ദ്ര ലാന്‍ഡിംഗുകളില്‍ സ്‌പേസ് എക്‌സിന്റെ വാഹനം ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ നാസ സ്റ്റാര്‍ഷിപ്പിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.