Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മാസ ശമ്പളമായി 1.7 ലക്ഷം രൂപ ലഭിച്ചിട്ടും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് തികയുന്നില്ലെന്ന യുവതിയുടെ പോസ്റ്റ് വൈറല്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലാണ് യുവതി പോസ്റ്റ് പങ്കുവെച്ചത്. 27കാരിയായ യുവതിയുടെ അനുഭവം വായിച്ച പലരും തങ്ങളുടെ അവസ്ഥയെ കുറിച്ച് കമന്റുകളില്‍ വിശദീകരിക്കുന്നുണ്ട്. ചിലവെല്ലാം കഴിഞ്ഞ് സ്വന്തം കാര്യത്തിനായി ഒരു രൂപ പോലും മാറ്റിവയ്ക്കാന്‍ കഴിയാതെ മാനസിക സാമ്പത്തിക സമ്മര്‍ദം അനുഭവിക്കുകയാണ് ഭൂരിഭാഗവും എന്നാണ് പോസ്റ്റിന് താഴെവരുന്ന കമന്റുകള്‍ വ്യക്തമാക്കുന്നത്.
മാസം ഒരു ലക്ഷത്തിലധികമാണ് വരുമാനം. മാസചിലവുകള്‍, സ്വന്തം വിദ്യാഭ്യാസ ലോണിന്റെ ഇന്‍സ്റ്റാള്‍മെന്റ്, അങ്ങനെ എല്ലാ കഴിയുമ്പോള്‍ സ്വന്തം ചിലവിനായി ഒരൊറ്റ പൈസ കയ്യിലില്ലെന്നാണ് യുവതിയുടെ പോസ്റ്റില്‍ പറയുന്നത്. ഉപയോഗിച്ച് പഴകിയ ഫോണ്‍ ഒന്നുമാറ്റി വാങ്ങണമെന്ന് ചിന്തിച്ചിട്ട് മാസങ്ങളായി അതിന് കഴിഞ്ഞിട്ടില്ല. സേവിങ്സിനെ അത് ബാധിക്കുമോ എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടായാല്‍ എന്ത് ചെയ്യും തുടങ്ങിയ പേടികാരണം അതിന് സാധിക്കുന്നില്ല. പുറത്ത് പോയി ഒന്നു ഭക്ഷണം കഴിക്കുക, ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുക, സുഹൃത്തുക്കളുമായി പുറത്ത് പോകുക എന്നീ കാര്യങ്ങളൊക്കെ അവസാനിപ്പിച്ചു. 200 രൂപയ്ക്ക് മാത്രം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നടത്താന്‍ ശ്രദ്ധിച്ചു. മുഴുവനായി പുറത്ത് പോകുന്ന ശീലമേ ഒഴിവാക്കി. ചിലവ് കൂടുമോ എന്ന ഭയമാണ് ഇതിന് കാരണമെന്ന് യുവതി പറയുന്നു.
ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്തിട്ട് സ്വന്തം കാര്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ കഴിയാത്തത് വലിയ മനോവിഷമമാണ് ഉണ്ടാകുന്നതെന്നാണ് യുവതി കുറിപ്പിലൂടെ പങ്കുവെക്കുന്നത്. കുടുംബഭാരവും തന്റെ ചുമതലയാണെന്നും യുവതി പറയുന്നു. കുടുംബ ബാധ്യതകള്‍ വലുതായപ്പോള്‍ അവളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ കുറ്റബോധമുണ്ടെന്നും സ്വന്തം കാര്യം നോക്കാനും കഴിയുന്നില്ലെന്നും യുവതി പറഞ്ഞു.
ലോണ്‍ ഇഎംഐകള്‍, ഇന്‍വെസ്റ്റ്മെന്റ്, യാത്രാചിലവ്, ഹൗസ്ഹോള്‍ഡ് ഹെല്‍പ്പ്, വിദ്യാഭ്യാസ ലോണ്‍ തുടങ്ങി എല്ലാം അടച്ച് ബാക്കി എന്തെങ്കിലും വന്നാല്‍ അത് പ്രതീക്ഷിക്കാതെ വരുന്ന ചിലവിലേക്ക് പോകുമെന്നും ഇത്തവണ അമ്മയ്ക്ക് ഫോണ്‍ വാങ്ങി കാശ് അങ്ങനെ പോയെന്നും യുവതി പറയുന്നു.
പലരും യുവതിയുടെ അനുഭവം തങ്ങളുടേതിന് സമാനമാണെന്ന് പറഞ്ഞ് അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. നല്ല വരുമാനമുള്ള ജോലി നേടിയി. കഷ്ടപെട്ട് ജോലി ചെയ്തിട്ടും ചിലവും ചുമതലകളും കൂടി വരുന്നതിനെക്കുറിച്ചാണ് പലരും അഭിപ്രായം പറയുന്നത്. ഇത്രയും ഉയര്‍ന്ന വരുമാനവും നല്ല ജോലിയും ലഭിച്ചിട്ടും പലരും ജീവിതത്തില്‍ നിരാശരാണെന്നും ചിലര്‍ വ്യക്തമാക്കുന്നു.