ഇന്ത്യയുടെ അത്​ലറ്റിക്​സ് ടീം​ പരിശീലകനെ​ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ ഗ്രാൻഡ്​പ്രിക്​സ്​ 3 മീറ്റ്​ നടക്കുന്നതിനിടെയാണ്​ പരിശീലകന്‍റെ വിയോഗം​.

Update: 2021-03-05 16:13 GMT

ഇന്ത്യൻ അത്​ലറ്റിക്​സ്​ പരിശീലകൻ​ നിക്കോള സ്​നിസരേവിനെ മരിച്ചനിലയിൽ കണ്ടെത്തി. ബെലാറസിൽ നിന്നുള്ള പരിശീലകനായ സ്​നിസരേവിനെ പട്യാലയിലെ ഹോസ്റ്റൽ മുറിയിലാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. ഇന്ത്യയുടെ മധ്യ-ദീർഘദൂര ഇനങ്ങളുടെ പരിശീലകനായി നിക്കോളയെ അടുത്തിടെയാണ്​ നിയമിച്ചത്​.

ഇന്ത്യൻ ഗ്രാൻഡ്​പ്രിക്​സ്​ 3 മീറ്റ്​ നടക്കുന്നതിനിടെയാണ്​ പരിശീലകന്‍റെ വിയോഗം​. മീറ്റിന്​ സ്​നിസരേവ് എത്താത്തതിനെ തുടർന്ന്​ സഹപ്രവർത്തകർ ഹോസ്റ്റൽ മുറിയിൽ പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന്​ വാതിൽ പൊളിച്ച്​ അകത്ത്​ കയറിയപ്പോഴാണ് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയില്‍ നിക്കോളയെ കണ്ടെത്തിയത്.

മരണകാരണം വ്യക്​തമായിട്ടില്ലെന്നും കൂടുതൽ പരിശോധനകൾക്ക്​ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്​തത വരികയുള്ളുവെന്നും അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്. പോസ്റ്റ്​മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക്​ അയക്കുന്നതുൾപ്പടെയുള്ള തുടർ നടപടികൾ സ്വീകരിക്കും.

Tags:    

Similar News