അവസാന ലാപ്പില്‍ ബ്ലാസ്റ്റേഴ്സ് ഓടിയെത്തുമോ..? ഇനി ശേഷിക്കുന്നത് ഏഴ് മത്സരം
ബ്ലാസ്റ്റേഴ്സ് നിലവില്‍ 13 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 14 പോയിന്‍റാണ് നേടിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്നതാകട്ടെ ഏഴ് മല്‍സരവും
ആദ്യ പാദ മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് സീസണിന്‍റെ അവസാന ലാപ്പിലെത്തുമ്പോള്‍ സെമിയില്‍ ഇടംപിടിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന കാഴ്ചയാണ് മൈതാനങ്ങളില്‍ കാണുന്നത്. അവസാന മത്സരത്തില്‍ കരുത്തരായ ഗോവയുമായി ഓരോ ഗോള്‍ നേടി സമനില വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ലീഗില്‍ എട്ടാം സ്ഥാനത്തെത്തി.
ഇരുപാദങ്ങളിലുമായി 20 മല്‍സരങ്ങളാണ് ഒരു ടീമിന് ലീഗില്‍ ഉള്ളത്. ബ്ലാസ്റ്റേഴ്സ് നിലവില്‍ 13 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 14 പോയിന്‍റാണ് നേടിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്നതാകട്ടെ ഏഴ് മല്‍സരവും.
ബ്ലാസ്റ്റേഴ്സിന്‍റെ സാധ്യതകള്‍ എങ്ങനെ..?
ഇന്ന് ഒഡീഷയും ബെംഗലൂരു എഫ്.സിയും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ ജയിക്കുകയോ സമനില വഴങ്ങുകയോ, നാളെ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സി ചെന്നൈയെ തോല്‍പ്പിക്കുകയും. 26ന് നടക്കുന്ന എ.ടി.കെ-നോര്‍ത്ത് ഈസ്റ്റ് മത്സരത്തില്‍ എ.ടികെ ജയിക്കുകയോ, സമനില വഴങ്ങുകയോ ചെയ്താല്‍ ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താന്‍ സുവര്‍ണാവസരം ലഭിക്കും. ബാക്കി ടീമുകളുടെ മത്സരഫലങ്ങള്‍ മുകളില്‍ പറഞ്ഞത് പോലെ വരികയും 27ന് നടക്കുന്ന ജംഷഡ്പൂരിനെതിരെയുള്ള മത്സരത്തില്‍ കേരളം ജയിക്കുകയും ചെയ്താല്‍ എട്ടില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാന്‍ ബ്ലാസ്റ്റേഴ്സിനാകും.
12 കളികളില്‍ നിന്നായി ഒന്‍പത് വിജയത്തോടെ 29 പോയിന്‍റ് നേടിയ നേടിയ മുംബൈ സിറ്റി എഫ്.സിയാണ് നിലവില്‍ പോയിന്‍റ് ടേബിളില്‍ ഒന്നാമത്. ശേഷിക്കുന്ന മുഴുവന്‍ കളിയും ജയിച്ചാല്‍ പോലും കേരളത്തിന് ലഭിക്കുന്ന മാക്സിമം പോയിന്‍റ് 35 ആണ്. എട്ട് കളി ബാക്കിയുള്ള മുംബൈക്ക് രണ്ട് വിജയം മാത്രം മതി ഈ പോയിന്‍റ് മറികടക്കാന്‍, നിലവിലുള്ള ഫോമനുസരിച്ച് മുംബൈ പാട്ടും പാടി നാലോ അഞ്ചോ കളി ജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. അപ്പോള്‍ ബ്ലാസ്റ്റേഴ്സ് മുഴുവന്‍ കളിയിലും ജയിച്ചാലും ഒന്നാം സ്ഥാനത്തെത്തില്ലെന്ന് സാരം.
അങ്ങനെയിരിക്കെ രണ്ടാം സ്ഥാനത്തുള്ള എ.ടി.കെ മോഹന്‍ ബഗാനെ മറികടക്കാന്‍ കേരളത്തിന് പറ്റുമോ എന്ന് നോക്കാം. 12 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 24 പോയിന്‍റ് ആണ് മോഹന്‍ബഗാനുള്ളത്. ബാക്കിയുള്ള എട്ട് മല്‍സരങ്ങളില്‍ നിന്ന് നാല് വിജയം മാത്രം നേടിയാല്‍ തന്നെ ബഗാന് ബ്ലാസ്റ്റേഴ്സിന് ലഭിക്കാന്‍ സാധ്യതയുള്ള മാക്സിമം പോയിന്‍റ് മറികടക്കാന്‍ സാധിക്കും
അടുത്തതായി മൂന്നാം സ്ഥാനത്തുള്ള ഗോവയുടെ നില പരിശോധിച്ചാല്‍ അവര്‍ക്ക് 20 പോയിന്‍റാണുള്ളത്. 13 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയത്തോടെയാണ് ഗോവ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഏഴ് മല്‍സരങ്ങള്‍ ശേഷിക്കുന്ന ഗോവക്ക് അഞ്ച് ജയമോ നാല് ജയവും മൂന്ന് സമനിലയോ നേടിയാല്‍ തന്നെ കേരളത്തിന് ലഭിക്കാന്‍ സാധ്യതയുള്ള മാക്സിമം പോയിന്‍റായ 35ഇനെ മറികടക്കാന്‍ സാധിക്കും. ശേഷിക്കുന്ന ഏഴ് മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ മാത്രം അവര്‍ക്ക് 27 പോയിന്‍റ് ലഭിക്കുമെന്നിരിക്കെ കേരളത്തിന് അവശേഷിക്കുന്ന ഏഴ് മല്‍സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും വേണം 27ഇലെത്താന്‍.
നിലവിലെ നാലാം സ്ഥാനക്കാരായ ഹൈദരാബാദിന് 13 കളികളില്‍ നിന്ന് 18 പോയിന്‍റ് ഉണ്ട്. അഞ്ചും ആറും സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റിനും ചെന്നൈക്കും 15 പോയിന്‍റും. ഏഴ്,എട്ട്,ഒന്‍പത് സ്ഥാനങ്ങളില്‍ യഥാക്രമം ബെംഗളൂരു, ജംഷഡ്പൂര്‍, കേരളം എന്നിവരാണ്. മൂന്ന് ടീമിനും 13 പോയിന്‍റ് വീതമാണുള്ളത്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ കേരളം പിന്നിലായതിനാല്‍ ഒന്‍പതാം സ്ഥാനത്തെത്തുകയായിരുന്നു.
അവശേഷിക്കുന്ന മല്‍സരങ്ങളില്‍ കുറഞ്ഞത് നാല് വിജയമെങ്കിലും നേടുകയും ഹൈദരാബാദ്, നോര്‍ത്ത് ഈസ്റ്റ്, ചെന്നൈ, ബെംഗളൂരു, ജംഷഡ്പൂര്‍ ടീമുകള്‍ മൂന്ന് വിജയത്തില്‍ കൂടുതല്‍ നേടാതിരിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് അവസാ നാലില്‍ പ്രതീക്ഷ വെക്കാനാകൂ. മുന്‍പിലുള്ള ഹൈദരാബാദ്, നോര്‍ത്ത് ഈസ്റ്റ്, ചെന്നൈ ടീമുകള്‍ മൂന്ന് ജയത്തില്‍ കൂടുതല്‍ നേടാതിരിക്കുകയും ബാക്കി മല്‍സരങ്ങളില്‍ സമനില വഴങ്ങാതെ തോല്‍ക്കുകയും വേണം.
ജംഷഡ്പൂര്‍, ഹൈദരാബാദ്, ബെംഗലൂരു എന്നീ ടീമുകള്‍ക്കെതിരെ മാത്രമാണ് കേരളത്തിന് ഈ സീസണില്‍ ഇതുവരെ വിജയിക്കാനായത്. കുറഞ്ഞത് നാല് വിജയമെങ്കിലും ആവശ്യമായ ബ്ലാസ്റ്റേഴ്സിന് പോയിന്‍റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്ന കരുത്തരുമായാണ് ശേഷിക്കുന്ന മല്‍സരങ്ങളില്‍ കൂടുതല്‍ എന്നതും ആരാധകര്‍ക്ക് നെഞ്ചിടിപ്പേറ്റുന്നുണ്ട്.