നിക്ഷേപത്തിന് ജെന്‍സിക്ക് ഇഷ്ടം സ്വര്‍ണം തന്നെ; ക്രിപ്‌റ്റോയും മ്യൂച്ചല്‍ ഫണ്ടും ഓഹരിയുമെല്ലാം അത് കഴിഞ്ഞ്

പരമ്പരാഗത രീതിയില്‍ വന്‍തോതില്‍ വാങ്ങുന്നതിന് പകരം കുറഞ്ഞ അളവില്‍ വ്യക്തിപരമായ തീരുമാനത്തിൻ്റെ പുറത്താണ് സ്വര്‍ണം വാങ്ങല്‍. പലരും ആദ്യ ശമ്പളം ലഭിക്കുമ്പോള്‍ തന്നെ കുറഞ്ഞ അളവില്‍ സ്വര്‍ണം വാങ്ങുന്നു

Update: 2026-02-12 15:16 GMT

ജെന്‍സി പിള്ളേര്‍ക്ക് നിക്ഷേപിക്കാനായി ഒരു 25,000 രൂപ കിട്ടിയാല്‍ അവര്‍ എവിടെ നിക്ഷേപിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്? ജെന്‍സി അല്ലേ, ഏതെങ്കിലും ക്രിപ്‌റ്റോ കറന്‍സിയില്‍ കൊണ്ടിടുമെന്നോ, അല്ലെങ്കില്‍ ഓഹരിവിപണിയിലോ മ്യൂച്ചല്‍ഫണ്ടിലോ നിക്ഷേപിക്കുമെന്നോ കരുതിയെങ്കില്‍ തെറ്റി. സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാണ് ജെന്‍സിക്കും മില്ലേനിയല്‍സിനും താല്‍പര്യമെന്നാണ് ഉപഭോക്തൃ ഗവേഷണ പ്ലാറ്റ്‌ഫോമായ സ്മിട്ടന്‍ പള്‍സ് എഐ ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. എന്നാല്‍, വന്‍തോതില്‍ സ്വര്‍ണം വാങ്ങുകയല്ല ജെന്‍സിയുടെ രീതി. സ്വന്തം താല്‍പര്യത്തിനനുസരിച്ച് കുറഞ്ഞ അളവില്‍ വാങ്ങുകയെന്നതാണ് ട്രെന്‍ഡ്.

Advertising
Advertising

5000 യുവാക്കള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. സ്വര്‍ണം വാങ്ങുകയെന്നത് തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണെന്നാണ് ഇവരില്‍ ഭൂരിഭാഗവും വെളിപ്പെടുത്തിയത്. 66.7 ശതമാനം പേര്‍ക്കും സ്വര്‍ണം വാങ്ങുകയെന്നത് ആലോചിച്ചെടുത്ത സ്വന്തം തീരുമാനമാണ്. 62 ശതമാനം പേരും വാങ്ങുന്നത് അഞ്ച് ഗ്രാമിലും താഴെ മാത്രവുമാണ്. പരമ്പരാഗത രീതിയില്‍ വന്‍തോതില്‍ വാങ്ങുന്നതിന് പകരം കുറഞ്ഞ അളവില്‍ വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് സ്വര്‍ണം വാങ്ങല്‍. പലരും ആദ്യ ശമ്പളം ലഭിക്കുമ്പോള്‍ തന്നെ കുറഞ്ഞ അളവില്‍ സ്വര്‍ണം വാങ്ങുന്നു.

25,000 രൂപ നിക്ഷേപിക്കാന്‍ ലഭിച്ചാല്‍ സ്വര്‍ണം വാങ്ങുമെന്നാണ് 61.9 ശതമാനം പേരും പറഞ്ഞത്. മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞത് 16.6 ശതമാനമാണ്. സ്ഥിരനിക്ഷേപമായി ബാങ്കിലിടാന്‍ താല്‍പര്യം 13 ശതമാനം പേര്‍ക്ക് മാത്രം. ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ 6.6 ശതമാനം പേര്‍ താല്‍പര്യപ്പെടുമ്പോള്‍ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളത് വെറും 1.9 ശതമാനം പേര്‍ക്ക് മാത്രമാണ്. സാമ്പത്തിക അസ്ഥിരാവസ്ഥയുടെ സാഹചര്യം വരുമ്പോള്‍ ഏറ്റവും സുരക്ഷിതമായത് സ്വര്‍ണമാണെന്നാണ് 65.7 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

സ്വര്‍ണം വാങ്ങിവെക്കാന്‍ കുടുംബത്തില്‍ നിന്നുള്ള നിര്‍ബന്ധമുണ്ടെങ്കിലും 66.7 ശതമാനം പേരും സ്വന്തം താല്‍പര്യത്തിലാണ് വാങ്ങുന്നത്. അതും ചെറിയ അളവില്‍. 27.5 ശതമാനം പേരും രണ്ട് ഗ്രാമില്‍ താഴെയാണ് ഒരുതവണ വാങ്ങുന്നത്. 34.4 ശതമാനം പേര്‍ അഞ്ച് ഗ്രാം വരെയാണ് വാങ്ങുന്നത്. ആദ്യ ശമ്പളം കിട്ടിയപ്പോളാണ് 24.3 ശതമാനം യുവാക്കളും സ്വന്തമായി സ്വര്‍ണം വാങ്ങിയത്. 23.9 ശതമാനം പേര്‍ ഒരു നിക്ഷേപമെന്ന നിലയിലുമാണ് വാങ്ങിയത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം വാങ്ങാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടത് സര്‍വേയില്‍ പങ്കെടുത്ത 52.7 ശതമാനം പേരാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News