യുഎസുമായുള്ള അന്തിമ കരാറില്‍ ബംഗ്ലാദേശിനുള്ള അതേ ഇളവ് ഇന്ത്യക്കും കിട്ടുമെന്ന് പീയുഷ് ഗോയല്‍
ഇന്ത്യയെക്കാള്‍ മികച്ച കരാറാണ് ബംഗ്ലാദേശിന് ലഭിച്ചതെന്ന പ്രചാരണം തെറ്റാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു
ന്യൂഡല്‍ഹി: യുഎസുമായുള്ള വ്യാപാരക്കരാറില്‍ ബംഗ്ലാദേശിന് ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളില്‍ ലഭിച്ച തീരുവ ഇളവ് ഇന്ത്യക്കും ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. ഇപ്പോഴത്തേത് ഇടക്കാല ചട്ടക്കൂടാണ്. അന്തിമ ചട്ടക്കൂടില്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇളവ് കിട്ടും. ബംഗ്ലാദേശിന് ഇന്ത്യയെക്കാള്‍ മികച്ച കരാറാണ് ലഭിച്ചതെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പറഞ്ഞത് നുണയാണെന്നും പീയുഷ് ഗോയല്‍ ആരോപിച്ചു.
'യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്ത പരുത്തിയോ സിന്തറ്റിക് ഫൈബറോ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിര്‍മിക്കുന്ന ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് യുഎസില്‍ നികുതി ഇല്ലാത്തത്. അല്ലാതെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും അല്ല. ഇന്ത്യക്കും ഇതേ സൗകര്യം ലഭിക്കും. ഇന്ത്യയേക്കാള്‍ മികച്ച കരാറാണ് ബംഗ്ലാദേശിന് ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത് നുണയാണ്. ഇന്ത്യ-യുഎസ് കരാറിന്റെ ഇപ്പോള്‍ പുറത്തിറക്കിയ ഇടക്കാല ചട്ടക്കൂടില്‍ ഇക്കാര്യം പറയുന്നില്ലെങ്കിലും അന്തിമ ചട്ടക്കൂടില്‍ ഇത് വ്യക്തമായി പറയും. ബംഗ്ലാദേശിനുള്ള അതേ ആനുകൂല്യം ഇന്ത്യക്കുമുണ്ടാകും' -മന്ത്രി വ്യക്തമാക്കി.
ഇന്ത്യയെക്കാള്‍ മികച്ച കരാര്‍ ബംഗ്ലാദേശ് സ്വന്തമാക്കിയെന്നും ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ തിരിച്ചടി നേരിടുമെന്നും വിമര്‍ശനമുയരുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. ബംഗ്ലാദേശിന് നേരത്തെ 37 ശതമാനമായിരുന്നു യുഎസ് പകരം തീരുവ ചുമത്തിയിരുന്നത്. ഇത് പിന്നീട് 20 ശതമാനമായി കുറച്ചു. പുതിയ വ്യാപാരക്കരാര്‍ പ്രകാരം 19 ശതമാനമായാണ് തീരുവ വീണ്ടും കുറച്ചത്. ഇന്ത്യക്ക് ഇത് 18 ശതമാനമാണ്.
ബംഗ്ലാദേശില്‍ നിന്നുള്ള ചിലയിനം ടെക്സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസില്‍ തീരുവ തീര്‍ത്തും ഒഴിവാക്കിയിരിക്കുകയാണ് പുതിയ കരാറില്‍. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തി, സിന്തറ്റിക് ഫൈബര്‍ എന്നിവ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിന്നുണ്ടാക്കുന്ന ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതിയിളവ്. യുഎസിനെ വലിയ വിപണിയായി കാണുന്ന ബംഗ്ലാദേശ് ടെക്സ്‌റ്റൈല്‍ മേഖലക്ക് ഇത് വലിയ ഉണര്‍വാണ്.