രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാലും ഇല്ലേലും അമേഠിയുടെ കാര്യത്തില്‍ ചിലത് പറയാനുണ്ട്
ഈ സംഘി പ്രചാരണത്തില്‍ സഖാക്കള്‍ വീഴുന്നത് ദൌര്‍ഭാഗ്യകരമായ മൂന്നാമത്തെ വാസ്തവം
തെരഞ്ഞെടുപ്പ് ചരിത്രം
പരമ്പരാഗത കോണ്‍ഗ്രസ്സ് മണ്ഡലമാണ് അമേഠി. രൂപീകരിച്ചത് 1967ല്‍ അന്നു തൊട്ട് ഇത് വരെ രണ്ട് തവണ മാത്രമാണ് ഈ മണ്ഡലം കോണ്‍ഗ്രസ്സിന് കൈവിട്ടത്. ഒന്ന്, 1977ല്‍, അതായത് അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ്. പിന്നീട് 80ല്‍ തന്നെ ആ മണ്ഡലം സഞ്ജയ് ഗാന്ധിയിലൂടെ കോണ്‍ഗ്രസ്സ് തിരിച്ച് പിടിച്ചു. ശേഷം നാല് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് സാക്ഷാല്‍ രാജീവ് ഗാന്ധി. കോണ്‍ഗ്രസ്സിന് പിന്നെ ഈ മണ്ഡലം നഷ്ടപ്പെട്ടത് 1998ല്‍. കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച സഞ്ജയ് സിംഗ് ബി.ജെ.പിക്കു വേണ്ടി മത്സരിച്ചപ്പോളായിരുന്നു അത്. പിന്നീട് 1999ലെ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയാണ് മണ്ഡലം തിരിച്ച് പിടിച്ചത്. 2004 മുതല്‍ ഇങ്ങോട്ട് ഹാട്രിക്ക് ജയം നേടി രാഹുല്‍ ഗാന്ധി തുടരുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രകടനം
1) 2004- ലെ ഭൂരിപക്ഷം 2,90,853
2) 2009 -ലെ ഭൂരിപക്ഷം 3,70,198 (കൂടി)
3)2014- ലെ ഭൂരിപക്ഷം 1,07,903 (കുറഞ്ഞു)
2014ല്‍ രാജ്യത്ത് യു.പി.എ വിരുദ്ധ വികാരവും മോദി തരംഗവും ആഞ്ഞടിച്ച തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്സ് അമ്പേ പരാജയമായിടത്ത് രാഹുലിന് ഒരു ലക്ഷത്തില്‍ കുറയാത്ത ഭൂരിപക്ഷം.
ഈ തെരെഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് BSP. കിട്ടിയ വോട്ട് 57,716. നാലാം സ്ഥാനത്ത് എത്തിയത് AAP ക്ക് 25,527 വോട്ട്
ഇപ്പോഴത്തെ സ്ഥിതി
കോണ്‍ഗ്രസ്സ് വിരുദ്ധ വികാരമില്ല, മോദി തരംഗവും ഇല്ല. മണ്ഡലത്തില്‍ മാത്രമായി രാഹുല്‍ വിരുദ്ധ വികാരമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുമില്ല (ബി.ജെ.പി അവകാശവാദം അല്ലാതെ) ഇത്തവണ ബി.എസ്.പി മത്സരിക്കുന്നില്ല. എസ്.പിയും ഇല്ല, എ.എ.പിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ ഘടകങ്ങളെല്ലാം രാഹുലിന് അനുകൂലമാണ്. ഭൂരിപക്ഷം വര്‍ദ്ധിക്കാനാണ് ഈ പ്രാവശ്യം സാധ്യത.
സ്മൃതി ഫാക്ടര്‍?
കഴിഞ്ഞ തവണ രാഹുലിന് ഭൂരിപക്ഷം കുറഞ്ഞത് സ്മൃതി ഇറാനി വന്നത് കൊണ്ടല്ല. രാജ്യത്താകെ വീശിയ യു.പി.എ വിരുദ്ധ വികാരവും മോദീ തരംഗവും കൊണ്ടായിരുന്നു. ഒരു സെലിബ്രിറ്റി പരിവേഷത്തോടെ ബി.ജെ.പി അവതരിപ്പിച്ച സ്മൃതി ഇറാനിക്ക് ആ വേളയിലും കനത്ത തോല്‍വിയാണ് കിട്ടിയത് എന്നതിന്‍റെ അടയാളമായിരുന്നു ഒരു ലക്ഷത്തിലധികം വരുന്ന രാഹുലിന്‍റെ ഭൂരിപക്ഷം.
തോറ്റിട്ടും സ്മൃതി ഇറാനി നടത്തി എന്ന് പറയുന്ന അമേഠിയിലെ സമ്പര്‍ക്കവും സേവനവുമാണ് മറ്റൊരു വാദം. എന്നാല്‍, 'അമുല്‍ബേബി' രാഹുല്‍ എന്ന് 2014ലെ ബി.ജെ.പി പ്രചാരണത്തിന്‍റെ വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് "നേതാ" ആയി മാറിയ രാഹുലിനെ മറുവശത്ത് കാണാതെ പോകാനാകില്ലല്ലോ.
പ്രതികൂല ഘടകം?
പ്രതികൂലം എന്ന് ആകെ പറയാവുന്ന ഒരു ഘടകം/സാധ്യത ബി.എസ്.പി നിലപാടാണ്. തങ്ങളുടെ ദലിത് വോട്ട് ബാങ്കിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഭീം ആര്‍മി തലവന്‍ ചന്ദ്ര ശേഖര്‍ ആസാദിനോട് കോണ്‍ഗ്രസ്സ് അടുക്കുന്നതില്‍ മായാവതിക്ക് അതൃപ്തി ഉണ്ടെന്നാണ് സൂചന. അതിനാല്‍ മായാവതി ബി.ജെ.പിക്ക് വോട്ട് മറിക്കണം. അപ്പോഴൊരു ക്ഷീണം രാഹുലിനുണ്ടായേക്കാം. അപ്പോഴും സ്മൃതിക്കും ബി.ജെ.പിക്കും പങ്കില്ല.
എന്നുവെച്ചാല്‍, അമേഠിയില്‍ ബി.ജെ.പിയും സ്മൃതി ഇറാനിയും ഇപ്പോഴും ഒന്നുമല്ല എന്നത് ഒന്നാമത്തെ വാസ്തവം. മറിച്ചുള്ള പ്രചരണം സംഘപരിവാര്‍ പ്രൊപ്പഗണ്ടയാണ് എന്നത് രണ്ടാമത്തെ വാസ്തവം. ഈ സംഘി പ്രചാരണത്തില്‍ സഖാക്കള്‍ വീഴുന്നത് ദൌര്‍ഭാഗ്യകരമായ മൂന്നാമത്തെ വാസ്തവം.
NB: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യന്‍-ഹിന്ദുത്വ-ബി.ജെ.പി സെന്‍ട്രിക് രാഷ്ട്രീയത്തിന് ഗുണം ചെയ്യുമെന്ന അഭിപ്രായങ്ങള്‍ കണ്ടു. അത് ഡിബേറ്റബിള്‍ ആണ്.