"ജയ് ഭീം, അല്ലാഹു അക്ബര്‍": പൗരത്വ സമരത്തിന്റെ ഭാഷ
പൗരത്വ സമരത്തിന്റെ ഭാഷയെയും മുദ്രാവാക്യങ്ങളെയും പറ്റിയുള്ള പുതിയ അന്വേഷണങ്ങളാണ് ഈ ലേഖനം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അജയ് ബിശ്ട്ട് എന്ന യോഗി ആദിത്യനാഥ് ആസാദി മുദ്രാവാക്യത്തെ രാജ്യദ്രോഹമാക്കി മാറ്റിയിരിക്കുന്നു. നേരത്തെതന്നെ ഈ സമരത്തിലെ മുദ്രാവാക്യങ്ങളെപ്പറ്റി നടന്ന ചര്‍ച്ചകളില്‍ പുതിയ വഴിത്തിരിവാണ് യോഗിയുടെ നിലപാട്. ശശിതരൂര്‍ മുതലുള്ള വ്യക്തികളും ചില സംഘങ്ങളും ഈ ചര്‍ച്ചയില്‍ നേരത്തെ ഇടപെട്ടിരുന്നു. അതിനാല്‍ തന്നെ പൗരത്വ സമരത്തിന്റെ ഭാഷയും മുദ്രാവാക്യവും പുതിയ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്തെ ജനകീയ പ്രക്ഷോഭങ്ങൾ പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ മുൻകൈയിൽ അല്ല നടക്കാറുള്ളത്. വികസന പ്രശ്നങ്ങൾ ആയാലും ജാതി വിവേചനങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ ആയാലും പൗരത്വ ഭേദഗതി പോലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ആയാലും ജനങ്ങളും പൗരസമൂഹവും മുൻകൈയെടുത്തുള്ള സമരങ്ങളാണ്. ജനകീയ സമരങ്ങള്‍ക്ക് ഏതെങ്കിലുമൊരു ഘട്ടത്തിൽ രാഷ്ട്രീയ ശ്രദ്ധയും മാധ്യമശ്രദ്ധയും ലഭിക്കുന്ന മുറക്ക് അതിന്റെ മുന്നിലേക്ക് വരിക മാത്രമാണ് പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ചെയ്യാറുള്ളത്.
ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിര ജാമിയ മില്ലിയ, അലിഗഢ് മുസ്‍ലിം യൂണിവേഴ്സിറ്റി അടക്കമുള്ള പ്രധാനപ്പെട്ട മുസ്‍ലിം ന്യൂനപക്ഷ യൂണിവേഴ്സിറ്റികളാണ്. ഈ സമരങ്ങളുടെ നേതൃത്വം ആകട്ടെ നല്ലൊരു ശതമാനം മുസ്‍ലിം വിദ്യാർത്ഥികളും ആയിരുന്നു. മാത്രമല്ല മുസ്‍ലിം കേന്ദ്രീകൃതമായ മുദ്രാവാക്യങ്ങളും മുസ്‍ലിം രാഷ്ട്രീയ ശരീരത്തിന്റെ പ്രത്യേകതകളും സമര രീതികളും ചിഹ്നങ്ങളും ഭാഷകളാലും ഈ സമരം അതീവ സമ്പന്നമായിരുന്നു. ഇൻഷാ അല്ലാഹ്, ജയ് ഭീം, ജയ് മീം, ഇൻഷാ അല്ലാഹ്, അല്ലാഹു അക്ബർ തുടങ്ങിയവ കേവല മുസ്‍ലിം മുദ്രാവാക്യം എന്നതിനപ്പുറത്ത് ഇന്ത്യയിലെ ദലിത് പിന്നോക്ക ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ക്യാമ്പസ് വ്യാഖ്യാനങ്ങളെയും ക്യാമ്പസ് സമര ഉദാഹരണങ്ങളെയും മുന്നോട്ടുവെക്കുന്ന ഒന്നായിരുന്നു.
ഒരേസമയം ദലിത് ബഹുജന്‍ പ്രസ്ഥാനത്തോടും അതേസമയം മുസ്‍ലിം പ്രസ്ഥാനത്തോടും ആഭിമുഖ്യമുള്ള ദലിത് - ബഹുജൻ മത/ലിംഗ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സമരമായിരുന്നു ഇത്. എന്നാൽ ഈ സമരത്തിന്റെ ഒരു ഘട്ടത്തിൽ അതിനെ സത്താവാദപരമായ ഒരു മുസ്‍ലിം സമരമായി മാത്രം വ്യാഖ്യാനിക്കാനും അതുവഴി പഴയ രീതിയിലുള്ള ഒരു ഹിന്ദു-മുസ്‍ലിം മുദ്രാവാക്യ രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് കൊണ്ടുവരാനുമാണ് മുഖ്യധാര രാഷ്ട്രീയ കക്ഷികൾ ശ്രമിച്ചത്.
ഡൽഹി കേന്ദ്രീകരിച്ച് ശശി തരൂരിനെ പോലെയുള്ളവര്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മുദ്രാവാക്യത്തെ വിമർശിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? ഇവിടെ നടന്നിട്ടുള്ള ക്യാമ്പസ് മുന്നേറ്റങ്ങളുടെയും രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും അതിലെ മുദ്രാവാക്യത്തിന്റെ വൈവിധ്യത്തിന്റെയും അതിനാധാരമായ കീഴാള ചരിത്രത്തെയും അപ്രസക്തമാക്കുകയും പഴയ തരത്തിലുള്ള ഒരു മതേതര ദേശീയ യുക്തിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ പുതിയ കീഴാള വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രത്യേകതകളെ അഭിസംബോധന ചെയ്യുന്നതിന് പകരം പലപ്പോഴും ഈ സമരം മതേതരമാണോ, ദേശീയമാണോ, പൊതു സമരമാണോ തുടങ്ങിയ പതിവ് ചോദ്യങ്ങളിൽ ചർച്ച ചുറ്റിത്തിരിയുകയും ചെയ്യുന്നു. ഇപ്പോള്‍ യോഗി ആദിത്യനാഥും ഈ ചര്‍ച്ചയില്‍ കടന്നു വരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തില്‍ സ്വാധീനം ഉണ്ടാക്കിയ മുദ്രാവാക്യങ്ങളുടെ ചരിത്രം പരിശോധിക്കേണ്ടത്.
ജയ് ഭീം: ഒരു ചരിത്രം
രോഹിത് വെമുലയുടെ മരണത്തിനുശേഷം ഇന്ത്യയിലെ ക്യാമ്പസ്സുകളിൽ ഉയർന്നുവന്ന പ്രധാനപ്പെട്ട മുദ്രാവാക്യം ആണ് ജയ് ഭീം. ഈ മുദ്രാവാക്യം ഏറ്റെടുക്കാൻ ഇന്ത്യയിലെ മുഖ്യധാരാ മുസ്‍ലിം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. മാത്രമല്ല, ജയ് ഭീം/ ജയ് മീം എന്ന മുദ്രാവാക്യം ജെ.എൻ.യു ക്യാമ്പസ്സിലും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലും വ്യാപകമായി ഉപയോഗിക്കപ്പെറ്റു. പുതിയ തരത്തിലുള്ള ദളിത്-മുസ്‍ലിം കീഴാള മുന്നേറ്റത്തിന്റെ ഭാഗമായി ഈ മുദ്രാവാക്യങ്ങള്‍ മനസ്സിലാക്കപ്പെടുകയും ചെയ്യുന്നു.
ജയ് ഭീം എന്ന മുദ്രാവാക്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പേശ്വ ഭരണത്തിനെതിരെ മഹർ സമുദായത്തിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിൽ നടന്ന ഭീമ - കൊറെഗാവ് യുദ്ധത്തില്‍ ഉപയോഗിക്കപ്പെട്ട മുദ്രാവാക്യമാണെന്ന് ജെ.എൻ.യുവിലെ പ്രൊഫസറായ വിവേക് കുമാർ അഭിപ്രായപ്പെടുന്നത്. വേറൊരു വിഭാഗം ബുദ്ധിസ്റ്റ് ചരിത്രത്തിൽ ഈ മുദ്രാവാക്യത്തിനു വേരുകൾ ഉണ്ടെന്നും നിരീക്ഷിക്കുന്നു. ദലിത് ബഹുജൻ വിഭാഗങ്ങൾ നടത്തിയ പല സാമൂഹിക സമരങ്ങളുടെ ഭാഗമായും ജയ് ഭീം എന്ന മുദ്രാവാക്യം ഇന്ന് ഉയർത്തുന്നുണ്ട്. ഒരേസമയം ബുദ്ധിസത്തിലും സമകാലിക ദളിത് രാഷ്ട്രീയത്തിലും വേരുകളുള്ള മുദ്രാവാക്യമായിട്ടാണ് മഹാരാഷ്ട്രയിൽ ഉള്ള പല ദളിത് ബഹുജൻ ചിന്തകന്മാരും ഈ മുദ്രാവാക്യത്തിന് ചരിത്രത്തെ വിശദീകരിച്ചിട്ടുള്ളത്. പക്ഷേ ഈ മുദ്രാവാക്യത്തെ സ്വീകരിക്കാൻ ഇവിടത്തെ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മുസ്‍ലിം വിദ്യാർത്ഥി സംഘടനകൾക്കോ മുസ്‍ലിം വിദ്യാർത്ഥി വിദ്യാർഥിനികൾക്കോ തടസ്സമായില്ല.
Our fight against Hindutva extremism should give no comfort to Islamist extremism either. We who’re raising our voice in the #CAA_NRCProtests are fighting to defend an #InclusiveIndia. We will not allow pluralism&diversity to be supplanted by any kind of religious fundamentalism. https://t.co/C9GVtB9gIa
— Shashi Tharoor (@ShashiTharoor) December 29, 2019
ആ അർത്ഥത്തിൽ നോക്കുകയാണെങ്കിൽ മതേതരത്വത്തിന്റെ തന്നെ പുതിയൊരു കീഴാള വായന നൽകുന്ന തരത്തിലുള്ള ഒരു ഇടപെടലായിരുന്നു ജയ് ഭീമിനെയും ജയ് മീമിനെയും മുൻനിർത്തി മുസ്‍ലിം വിദ്യാർത്ഥികൾ നയിച്ച സമരങ്ങൾ. ഇത്തരമൊരു സമരത്തിന്റെ രാഷ്ട്രീയ ചരിത്രവും കീഴാള ഉള്ളടക്കവും മനസ്സിലാക്കാതെയാണ് പലപ്പോഴും ശശിതരൂരിനെ പോലുള്ള രാഷ്ട്രീയക്കാരുടെ പ്രതികരണങ്ങള്. കാരണം ഈ വിദ്യാർത്ഥി സമരങ്ങളുടെ പൊതു പ്രത്യേകത, അത് സവര്‍ണ ഇടതു/വലതു ദേശീയവാദ സമരങ്ങളുടെ രാഷ്ട്രീയ ചരിത്രത്തിൽ നിന്നല്ല ഊർജ്ജം ഉൾക്കൊള്ളുന്നത്. മറിച്ച് ദേശീയ/മതേതര ഇടങ്ങളുടെ അപ്പുറത്തുള്ള കീഴാള ചരിത്രത്തിന്റെയും മത-മതേതര കലര്‍പ്പുകളുടെയും ഭാഗമാണ് ഈ സമരങ്ങള്‍.
ദലിത് ബഹുജൻ വിഭാഗങ്ങൾ നടത്തിയ പല സാമൂഹിക സമരങ്ങളുടെ ഭാഗമായും ജയ് ഭീം എന്ന മുദ്രാവാക്യം ഇന്ന് ഉയർത്തുന്നുണ്ട്. ഒരേസമയം ബുദ്ധിസത്തിലും സമകാലിക ദളിത് രാഷ്ട്രീയത്തിലും വേരുകളുള്ള മുദ്രാവാക്യമായിട്ടാണ് മഹാരാഷ്ട്രയിൽ ഉള്ള പല ദളിത് ബഹുജൻ ചിന്തകന്മാരും ഈ മുദ്രാവാക്യത്തിന് ചരിത്രത്തെ വിശദീകരിച്ചിട്ടുള്ളത്.
നാംദേയോ നിംഗഡെ എഴുതിയ ആത്മകഥ "ഇൻ ദി ഷാഡോസ് ഓഫ് ടൈഗർ; ദി ലൈഫ് ഓഫ് എൻ അംബേദ്കറൈറ്റ്" ഈ മാറ്റങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസ് ജയ് ശ്രീരാമിനെ ഒരു മുസ്‌ലിം ബഹിഷ്കരണ മുദ്രാവാക്യമായും ഹിന്ദു ഏകീകരണ മുദ്രാവാക്യമായും വികസിച്ച കാലഘട്ടത്തിൽ അതിനെതിരായ പ്രതിരോധമായാണ് ജയ് ഭീം വികസിച്ചത്. മഹാരാഷ്ട്രയിൽ വികസിച്ച സാമൂഹിക രാഷ്ട്രീയ ചരിത്രത്തിൻറെ ഭാഗമായാണ് ജയ് ഭീം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി പരിവർത്തിപ്പിക്കപ്പെട്ടത്. മാത്രമല്ല ജയ് ശ്രീറാം എന്ന ആർ.എസ്.എസിന്റെ മുദ്രാവാക്യത്തിന് എതിരെ ഇന്ത്യയിലെ വിവിധ കീഴാള വിഭാഗങ്ങൾ അവരുടെ തന്നെ ചരിത്രത്തിലും സംസ്കാരത്തിലും ഭാഷയിലും നിലനിന്നുകൊണ്ട് മുദ്രാവാക്യങ്ങൾ വികസിപ്പിച്ച ചരിത്രം എംബാടുമുണ്ട്.
ദേശീയതയും മുദ്രാവാക്യങ്ങളും
ചില രാഷ്ട്രീയ മുദ്രാവാക്യങ്ങൾ അത് പലപ്പോഴും ഭാഷ, മത, ജാതി ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ആകുമ്പോൾ ദേശത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന തരത്തിലുള്ള പ്രചരണം ഇന്ത്യാ ചരിത്രത്തിലാദ്യമൊന്നുമല്ല. തമിഴ് ദേശീയവാദത്തിന്റെ ഒരു ചരിത്രഘട്ടത്തിൽ നടന്നിട്ടുള്ള ഭാഷ സ്വയം നിർണയാവകാശത്തിന് വേണ്ടിയുള്ള സമരങ്ങൾ തന്നെ ശ്രദ്ധിക്കുക. 1965-ൽ ഹിന്ദി ഔദ്യോഗിക ഭാഷ ആക്കാനുള്ള നീക്കത്തിനെതിരെ, അതായത് ഇന്ത്യൻ ഭരണഘടനയുടെ മുപ്പത്തിമൂന്നാം അക്കോഡൻസ് പ്രകാരം ഹിന്ദി ഒരു ഔദ്യോഗിക ഭാഷ ആക്കി തീർക്കാനുള്ള ശ്രമത്തിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെയും പ്രത്യേകിച്ച് സി.എൻ അണ്ണാദുരൈയുടെയും നേതൃത്വത്തിലുള്ള പ്രതിഷേധ രാഷ്ട്രീയം തന്നെ പരിശോധിക്കുക.
1937-ൽ അന്നത്തെ മദ്രാസ് പ്രസിഡൻസിയെ നയിച്ച കോണ്‍ഗ്രസ് പിന്തുണയുള്ള ദേശീയ നേതാവ് സി രാജഗോപാലാചാരിയാണ് ഹിന്ദി ഒരു നിർബന്ധിത ഭാഷയായി തമിഴ്നാട്ടിൽ കൊണ്ടുവരുന്നത്. അതിനെതിരെ ഇ വി രാമസ്വാമി നായ്ക്കർ എന്ന പെരിയാർ നയിച്ച സെല്‍ഫ്-റെസ്പക്റ്റ് മൂവ്മെൻറ് വൻതോതിലുള്ള പ്രക്ഷോഭങ്ങൾ നയിക്കുകയും പെരിയാര്‍ ബെല്ലാരിയിലെ ജയിലിൽ അടക്കപ്പെടുകയും ചെയ്തിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ വ്യാകരണത്തെ തന്നെയാണ് പെരിയാര്‍ വിമര്‍ശിച്ചത്. 1937-ൽ തന്നെ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രക്ഷോഭ ഫലമായി തമിഴ് സ്കൂളുകളിൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറാൻ ഭരണകൂടം നിർബന്ധിതരായിരുന്നു. അന്നത്തെ പ്രധാന മുദ്രാവാക്യം "ഹിന്ദി മരിക്കട്ടെ, തമിഴ് ജീവിക്കട്ടെ, രാജഗോപാലാചാരി ചത്തുപോവട്ടെ" എന്നായിരുന്നു. ഇന്നത്തെ അതിതീവ്ര ദേശീയവാദികള്‍ക്ക് അന്നും ഇന്നും ആ മുദ്രാവാക്യം വിശാല രാജ്യതാല്പര്യത്തിനും ഐക്യത്തിനും എതിരായിരുന്നു.
"ഹിന്ദി ചത്തൊടുങ്ങട്ടെ, തമിഴ് ജീവിക്കട്ടെ" എന്ന മുദ്രാവാക്യം ഒരു ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ആണെന്ന് അവർ വ്യാഖ്യാനിക്കുന്നുണ്ടായിരുന്നു. സമ്മര്‍ദം കൂടിയപ്പോള്‍ കോണ്‍ഗ്രസ് വ്യാഖ്യാനത്തെ മറികടന്നു കൊണ്ടാണ് സി.എൻ അണ്ണാദുരൈ അന്ന് "ഹിന്ദി തുലയട്ടെ, റിപ്പബ്ലിക് നീണാൾ വാഴട്ടെ" എന്ന ഒരു പുതിയ മുദ്രാവാക്യം ഉയർത്തിയത്
ബ്രിട്ടീഷ് കൊളോണിയല്‍ അനന്തരം തമിഴ്നാട്ടിൽ അധികാരത്തിലേറിയ കോൺഗ്രസ് നേതാക്കള്‍ ഹിന്ദി ഒരു രാഷ്ട്രഭാഷ ആക്കി കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തി. ഇതിന്റെ ഭാഗമായാണ് 1965-ൽ ഹിന്ദി തമിഴ്നാട്ടില്‍ ഔദ്യോഗികഭാഷയാക്കാൻ തീരുമാനിക്കുന്നത്. തമിഴ് ദേശീയവാദത്തിന് ഒരു ഇന്ത്യാവിരുദ്ധ സ്വഭാവം ഉണ്ട് എന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. തമിഴ്നാട്ടിലെ പ്രക്ഷോഭകര്‍ക്ക് തമിഴിനോടാണ് കൂടുതൽ താൽപര്യമെന്നും ഇന്ത്യയോട് അവർക്ക് താല്പര്യം ഇല്ല എന്നും കോണ്‍ഗ്രസ് ദേശവ്യാപകമായി പ്രചരിപ്പിച്ചു. മാത്രമല്ല "ഹിന്ദി ചത്തൊടുങ്ങട്ടെ, തമിഴ് ജീവിക്കട്ടെ" എന്ന മുദ്രാവാക്യം ഒരു ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ആണെന്ന് അവർ വ്യാഖ്യാനിക്കുന്നുണ്ടായിരുന്നു. സമ്മര്‍ദം കൂടിയപ്പോള്‍ കോണ്‍ഗ്രസ് വ്യാഖ്യാനത്തെ മറികടന്നു കൊണ്ടാണ് സി.എൻ അണ്ണാദുരൈ അന്ന് "ഹിന്ദി തുലയട്ടെ, റിപ്പബ്ലിക് നീണാൾ വാഴട്ടെ" എന്ന ഒരു പുതിയ മുദ്രാവാക്യം ഉയർത്തിയത്.
ഒരേസമയം തമിഴ് ദേശീയതയുടെയും അതോടൊപ്പം തന്നെ ഇന്ത്യൻ ദേശീയതയുടെയും ഇടയ്ക്ക് ഹിന്ദി വിരുദ്ധ രാഷ്ട്രീയത്തിനും കീഴാള ഉള്ളടക്കമുള്ള ഒരു രാഷ്ട്രീയ ഇടം തമിഴ്നാട്ടിൽ കണ്ടെത്തുകയായിരുന്നു സി.എൻ അണ്ണാദുരൈ. സമരങ്ങളിലെ മുദ്രാവാക്യങ്ങളുടെ രാഷ്ട്രീയം ചെറു ദേശീയതകളുടെയോ ചെറു മതന്യൂനപക്ഷങ്ങളുടെയോ രാഷ്ട്രീയ സ്വയം നിർണയാവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ രാഷ്ട്രീയ ഭാഷയുടെ പ്രശ്നം പ്രബല ദേശീയ കക്ഷികൾ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്.
ദേശീയ ഐക്യത്തിന്റെ ആകുലതകൾ കീഴാളരുടെ രാഷ്ട്രീയ മുദ്രാവാക്യത്തിനെതിരെ ഉയർത്തുന്നത് ഇന്ത്യൻ സാഹചര്യത്തിൽ പുതിയ കാര്യമൊന്നുമല്ല. ഒരേ സമയം പാൻ ഇന്ത്യൻ ദേശീയതയുടെ സ്വാശീകരണത്തിനും അതെ സമയം ചെറു ദേശീയതകളുടെയും സമുദായങ്ങളുടെയും ആത്മസംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ ഒത്തുതീർപ്പിന്റെയും പ്രതിരോധത്തിന്റെയും ഇടം കണ്ടെത്താനുള്ള വഴിയായിരുന്നു വ്യത്യസ്ത കീഴാള മുദ്രാവാക്യങ്ങള്‍. മുസ്‍ലിം വംശഹത്യ ലക്ഷ്യമാക്കിയുള്ള പൌരത്വ നിഷേധ നിയമങ്ങള്‍ വ്യാപകമാവുമ്പോള്‍ അതിനെതിരായ പ്രതിരോധ സമരങ്ങളില്‍ മുസ്‍ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം പുനര്‍നിശ്ചയിക്കാനുള്ള ശ്രമങ്ങളാണ് വിവിധ തരത്തിലുള്ള മുസ്‌ലിം മുദ്രാവാക്യങ്ങളെ ഏറെ തൃഷ്ണാഭരിതമാക്കുന്നത്. അതാവട്ടെ ഇവിടുത്തെ പ്രബല രാഷ്ട്രീയത്തിന്റെയും ദേശീയവാദ സമ്മിതികളുടെയും സമ്മര്‍ദത്തെ അതിജീവിച്ചാണ് വികസിച്ചിട്ടുള്ളത്.