കശ്മീരികൾ ബാക്കിയുണ്ട്, 250 ദിവസത്തെ ലോക്ക്ഡൗണിനു ശേഷവും
അവരുടെ മുഖ്യമന്ത്രിമാരുടെ കൂട്ടത്തിൽ ബി.ജെ.പിയോടൊപ്പം നിന്ന മഹ്ബൂബ ഇപ്പോഴും വീട്ടു തടങ്കലിലാണ്. നരേന്ദ്ര മോദി സർക്കാറിന് എന്തൊക്കെയോ ഇപ്പോഴും മറച്ചുവെക്കുന്നുണ്ട് എന്നല്ലേ ഇതിനർഥം?
കശ്മീരിനു പുറത്തെ ഇന്ത്യ ഇതെഴുതുമ്പോൾ തുടർച്ചയായ 23-ാമത്തെ ദിവസവും കശ്മീരികൾ 248-ാമത്തെ ദിവസവും വീടുകൾക്കകത്ത് അടച്ചുപൂട്ടി കഴിയുകയാണ്. കശ്മീർ തടങ്കലിന്റെ 50-ാമത്തെയും നൂറാമത്തെയുമൊക്കെ ദിവസങ്ങളെ ഒരാചാരംപോലെ ഇന്ത്യയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. അവിടന്നങ്ങോട്ടുള്ള അർധസെഞ്ച്വറികളുടെ എണ്ണം ദേശീയ മാധ്യമങ്ങളിൽ വരവുവെക്കപ്പെടാതെയാണ് കടന്നുപോയത്. മാധ്യമങ്ങൾ മാത്രമല്ല കോടതികൾക്കുപോലും സുദീർഘമായ ഈ കാലത്തെക്കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. കശ്മീരിനെ കുറിച്ച ഹരജികളിൽ കോടതി എന്നായിരുന്നു അവസാനം വാദംകേട്ടതെന്ന് ആർക്കും ഓർമ്മയില്ലാതായി. അല്ലെങ്കിൽ അടുത്ത ഏത് തീയതിയിലേക്കാണ് വാദം കേൾക്കൽ നീട്ടിവെച്ചതെന്ന് കേവലമായ അക്കാദമിക താൽപര്യം മാത്രമുള്ള വിഷയമായി മാറി. ആർക്കും വേണ്ടാത്ത ഒരു ജനതയോടൊപ്പം അവരുടെ രാഷ്ട്രീയ നേതാക്കളെയും മുഖ്യമന്ത്രിമാരെയുമൊക്കെ കൂട്ട കാരാഗൃഹവാസത്തിനയച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെയുള്ള ഹരജികളിൽ വാദംകേൾക്കുമ്പോൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ ഇടക്കിടെ ചില ജഡ്ജിമാർ നീതിപീഠങ്ങളിലിരുന്ന് അസ്വസ്ഥത കാണിക്കാറുണ്ടായിരുന്നു എന്നത് മറക്കുന്നില്ല. പക്ഷെ ആ ജനതയുടെ വിധി മാറ്റിമറിക്കാൻ സഹായിക്കുന്ന ഒന്നും രാജ്യത്ത് ഈ 250 ദിവസത്തിനിടയിൽ സംഭവിച്ചതിന് ചരിത്രം സാക്ഷിയല്ല.
മറുഭാഗത്ത് കോവിഡാനന്തര വീട്ടുതടങ്കലിനെക്കുറിച്ച് അറിയിപ്പു നൽകാൻ പ്രത്യക്ഷപ്പെടുമ്പോൾ എന്തൊരു കരുതലായിരുന്നു പ്രധാനമന്ത്രിയുടെ ഭാഷക്കെന്ന് ശ്രദ്ധിക്കുക. മൂന്നാഴ്ചക്കാലത്തേക്കു മാത്രമായിരുന്നു ഈ കരുതൽ തടങ്കൽ. കശ്മീരിലേതു പോലെ ഒരു ആനുകൂല്യങ്ങളുമില്ലാത്ത അനന്തകാല വീട്ടുതടങ്കലായിരുന്നില്ല അത്. എന്നിട്ടും കോവിഡ് കാലത്ത് ആദ്യം നാലാഴ്ചക്കാലവും പിന്നീട് മൂന്നാഴ്ചത്തേക്ക് കൂടിയും ലോക്ക്ഡൗൺ നീട്ടിയപ്പോൾ പ്രജകൾക്ക് ഒരുവിധ അസൗകര്യവും ഇല്ലെന്ന് വരുത്തിത്തീർക്കാനും 'വി ദ പീപ്പിൾ ഓഫ് ഇന്ത്യ' നടത്തുന്ന ത്യാഗങ്ങളെ വാനോളം പുകഴ്ത്തിപ്പറയാനുമൊക്കെ വാക്കുകൾകൊണ്ട് അമ്മാനമാടുന്ന പ്രധാനമന്ത്രിയെ ആണ് രാജ്യം കണ്ടത്. പാവപ്പെട്ടവർക്ക് കൊടുക്കാനായി സർക്കാറിന്റെ കയ്യിൽ പ്രസ്താവ്യയോഗ്യമായ ഒന്നുമില്ലെങ്കിലും അവരുടെ ആത്മവീര്യത്തെ ഉയർത്താൻ തന്റെ പ്രസംഗപാടവം മോദി നന്നായി തന്നെ ഉപയോഗപ്പെടുത്തി. മറ്റുള്ള രാജ്യങ്ങളെ തുലനം ചെയ്യാൻ ശ്രമിച്ചത് ജനങ്ങൾക്ക് ഈ ദുരിതകാലത്ത് ചെയ്തു കൊടുത്ത സഹായങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് തന്റെ രാജ്യത്ത് രോഗബാധയുടെ എണ്ണം കുറഞ്ഞതും മറ്റു രാജ്യങ്ങളിൽ അത് പെരുകിയതിന്റെയും കണക്കുകൾ ഉയർത്തിക്കാട്ടിയായിരുന്നു. ഇന്ത്യയിൽ മാർച്ച് 23ന് 300-ൽ താഴെ രോഗികൾ ഉണ്ടായിരുന്നതാണ് നിലവിൽ 12,000 കടന്നതെന്ന് മറക്കരുതല്ലോ. അതിന്റെ ഗ്രാഫ് പരിശോധിച്ചാൽ സർക്കാറിന്റെ നിയന്ത്രണമാണോ അതോ രോഗികളെ കണ്ടെത്തുന്നതിൽ വന്ന പിഴവാണോ ഈ വർധനവിന് വഴിയൊരുക്കിയതെന്ന് വേറെ തന്നെ പരിശോധിക്കണം. എന്നിട്ടും മോദി ജനങ്ങളുടെ കണ്ണിൽ എന്തൊക്കെയോ ചെയ്യുന്ന ഒരു പ്രധാനമന്ത്രിയായി മാറി. ശരിക്കും പറഞ്ഞാൽ ജനത്തെ കൊണ്ട് മോദി ചെണ്ടകൊട്ടിച്ചു.
ഇങ്ങനെയാണ് കാര്യങ്ങളുടെ അവകാശപ്പെടുന്നതിന്റെ രീതിയെങ്കിൽ മോദിക്ക് കശ്മീരിനെ കുറിച്ചും ഒരുപാട് അവകാശവാദങ്ങൾ ഉന്നയിക്കാനാവും. കോവിഡിന്റെ കാര്യത്തിൽ അത് സർക്കാറിന്റെ മഹത്വമാണെങ്കിൽ കശ്മീരിൽ 250 ദിവസം വീട്ടിനകത്ത് അടച്ചിട്ടിട്ടും അവിടത്തെ ഒരു കുടുംബം പോലും പട്ടിണി ആവാതിരുന്നതും മോദിക്ക് ഏറ്റെടുക്കാവുന്നതല്ലേ ഉള്ളൂ. ഭക്ഷണം ആരു കൊടുത്തു എന്ന ചോദ്യത്തിന് മോദിയെന്തിന് മറുപടി പറയണം, കണക്ക് ശരിയായാൽ പോരേ? കശ്മീരിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് സക്കാത്ത് ശേഖരിച്ചുണ്ടാക്കുന്ന ബൈത്തുൽ മാൽ കമ്മിറ്റികളാണ് അവിടെയുള്ളവരുടെ ജീവൻ പിടിച്ചു നിർത്തിയതെന്ന് അവിടത്തുകാർക്കല്ലേ അറിയൂ? കശ്മീരിൽ ഭീകരാക്രമണങ്ങളുടെ എണ്ണം കുറഞ്ഞുവെന്നതും സാധാരണക്കാരന്റെ കണ്ണിൽ വലിയൊരു സംഭവമാണ്. ഏറ്റുമുട്ടൽ കൊലപാതകങ്ങളും എണ്ണം കുറഞ്ഞിരിക്കുന്നു. (ഒറ്റുകാർ പോലും സുരക്ഷാ വിഭാഗങ്ങളെ കയ്യൊഴിച്ചതും രാഷ്ട്രീയ പാർട്ടികൾ പോലും വിഘടനവാദികളുടെ ഒപ്പം ചേർന്നതുമാണ് ഭയപ്പെടുത്തുന്ന മറുവശം എന്ന് ഇന്ത്യ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നേയുള്ളൂ) എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹിഷ്‌കരിച്ചുവെങ്കിലെന്താ, കശ്മീരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ സുഗമമായി നടത്തിയിരിക്കുന്നു. കശ്മീരിനായി പുതിയ വികസന പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എല്ലാറ്റിനുമുപരി പുതിയ രാഷ്ട്രീയനേതൃത്വത്തെ തന്നെ ബി.ജെ.പി ഉയർത്തി കൊണ്ടു വരുന്നു. ജനങ്ങൾ ഇതിനെയൊക്കെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പോലെ കശ്മീരിൽ പ്രധാനമന്ത്രിക്ക് അവകാശവാദമുന്നയിക്കാവുന്ന കാര്യങ്ങളുടെ പട്ടിക ഇതുപോലെ ഇനിയും നീളും.
എന്നിട്ടെന്തേ അവരെ ഇനിയും തുറന്നുവിടാത്തത്? അവരുടെ മുഖ്യമന്ത്രിമാരുടെ കൂട്ടത്തിൽ ബി.ജെ.പിയോടൊപ്പം നിന്ന മഹ്ബൂബ ഇപ്പോഴും വീട്ടു തടങ്കലിലാണ്. നരേന്ദ്ര മോദി സർക്കാറിന് എന്തൊക്കെയോ ഇപ്പോഴും മറച്ചുവെക്കുന്നുണ്ട് എന്നല്ലേ ഇതിനർഥം? ഇന്ത്യയും കശ്മീരും ഒരേ മനസ്സോടെയാണ് ഇത്തരം ലോക്ക്ഡൗണുകളെ നേരിടേണ്ടതെങ്കിൽ അവിടത്തെ ജനങ്ങളോടും മോദിക്ക് സംസാരിക്കാമായിരുന്നു. കശ്മിരികളോട് പക്ഷെ അദ്ദേഹം ഈ 250 ദിവസത്തിനിടയിൽ കാര്യമാത്ര പ്രസ്‌കതമായി എന്തെങ്കിലും സംസാരിച്ചതായി മാധ്യമങ്ങൾ അടയാളപ്പെടുത്തിയിട്ടില്ല. അങ്ങനെ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യപടിയെന്നോണം ടെലിവിഷനുകളെയും പത്രങ്ങളെയുമൊക്കെ നുകത്തിൽ നിന്നും അഴിച്ചു വിടണമായിരുന്നല്ലോ. ഇന്ത്യയിൽ കരുതൽതടങ്കൽ കാലത്ത് 2 ജി.ബി ഡാറ്റ ഫ്രീ ആയി ഉപഭോക്താക്കൾക്ക് നൽകുന്ന കമ്പനികളോട് കശ്മീരിൽ നന്നെ ചുരുങ്ങിയത് കാശുവാങ്ങിയിട്ടെങ്കിലും 3ജി സേവനം നൽകാൻ പറയാമായിരുന്നല്ലോ. 150 ദിവസങ്ങൾക്കുശേഷം കഴിഞ്ഞ ജനുവരിയിൽ കശ്മീരിൽ ബ്രോഡ്ബാന്റും ടുജിയും നിയന്ത്രണങ്ങളിൽ നിന്ന് നീക്കിയതിനു ശേഷം ചില സുഹൃത്തുക്കൾ ഈയിടെയായി അയച്ചു തരുന്ന വാട്ട്സ്ആപ്പ് വീഡിയോകൾ കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയിപ്പോകാറുണ്ട്. കഴിഞ്ഞ വർഷം നവംബർ ഡിസംബർ മാസങ്ങളിൽ പ്രചരിച്ച വീഡിയോകളാണ് ആ പാവങ്ങൾ അത്ഭുതം പോലെ ഇങ്ങോട്ടേക്ക് ഫോർവേഡ് ചെയ്തു തരുന്നത്. എല്ലാ അർഥത്തിലും 250 ദിവസം ലോകക്രമത്തിൽ നിന്നും പുറകിലെവിടെയോ നിശ്ചലമായ ഒരു കാലമാണ് അവരുടേതെന്നാണ് മനസ്സിലാക്കേണ്ടത്.
പ്ലസ് ടു പരീക്ഷയുടെ ഒരു പേപ്പർ പരീക്ഷ എഴുതാൻ ഇനിയും ബാക്കിയുളള മക്കളുടെ ഭാവിയെ കുറിച്ചോർത്ത് ആശങ്കപ്പെടുന്ന രക്ഷിതാക്കളാരും രണ്ടാം വർഷത്തിലേക്ക് അധ്യയനം മുടങ്ങിയ കശ്മീരിലെ വിദ്യാർഥിയെ കുറിച്ച് ചിന്തിക്കുന്നില്ല. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് കശ്മീരിൽ അധ്യയന വർഷം. ഇതിനിടയിലുള്ള മാസങ്ങൾ വിദ്യാലയങ്ങൾക്ക് തണുപ്പ് മൂലമുള്ള വാർഷിക അവധിക്കാലമാണ്. കഴിഞ്ഞ അധ്യയന വർഷം പകുതിക്കു വെച്ചു നിന്നു പോയ സ്‌കൂളുകളും യൂണിവേഴ്സിറ്റികളും ഇപ്പോഴും അതേമട്ടിൽ തുടരുകയാണ്. നഗരങ്ങളിലെ വിരലിൽ എണ്ണാവുന്ന സ്‌കൂളുകൾ 2020 മാർച്ചിൽ തുറന്നെങ്കിലും കോവിഡ് ഭീതിയിൽ പെട്ടെന്നുതന്നെ അവ അടച്ചു പൂട്ടുകയായിരുന്നു. ഇന്റർനെറ്റ് നിയന്ത്രണം മൂലം എത്രയോ സർവ്വകശാല വിദ്യാർഥികളുടെ പഠനവും ഗവേഷണവും മുടങ്ങിപ്പോയിരിക്കുന്നു. ഓൺലൈനിൽ മക്കൾക്ക് ട്യൂഷൻ കിട്ടാത്തതിനെ ചൊല്ലി ആകുലപ്പെടുന്ന ശേഷിച്ച ഇന്ത്യ ഇതുവല്ലതും അറിയുന്നുണ്ടോ?
നാലു വർഷം മുമ്പേ നടന്ന ബുർഹാൻ വാനി ഏറ്റുമുട്ടലിനു ശേഷം കശ്മീരിൽ ഒരർഥത്തിൽ ജനം ലോക്ക്ഡൗണിൽ തന്നെയായിരുന്നു. അതിനും രണ്ടു വർഷം മുമ്പെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളും വീടുകളും അവർക്ക് നഷ്ടപ്പെട്ടിരുന്നു. ഈ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ചവർക്ക് ഇപ്പോഴും നഷ്ടപരിഹാരം കൊടുത്തുതീർക്കാൻ കഴിഞ്ഞിട്ടില്ലാത്ത സർക്കാറുകളാണ് അവിടെയും കേന്ദ്രത്തിലുമുള്ളത്. ഈ കാലയളവിലെല്ലാം സംസ്ഥാനത്തെ ജനജീവിതത്തിന്റെ നിലവാരം കുത്തനെ താഴേക്കു പോയി. വിവാഹങ്ങളിൽ ആളും ആവരവുമൊഴിഞ്ഞു. സദ്യകളും ആഘോഷങ്ങളും പേരിനു മാത്രമായി. യുവാക്കൾക്ക് തൊഴിൽ നൽകിയെന്ന് എടുത്തു പറയാനാവുന്ന ഒരു നീക്കം പോലും സർക്കാർ മേഖലയിൽ ഉണ്ടായില്ല. മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളം പകുതിയായി മാറി. കഴിഞ്ഞ വർഷം ആഗസ്ത് മുതൽ പൂർണമായും മുടങ്ങിയ ശമ്പളം ഈ ഫെബ്രുവരി മുതലാണ് പകുതിയെങ്കിലുമായി വീണ്ടും നൽകിത്തുടങ്ങിയത്. മാർച്ച് മുതൽ കോവിഡ് ലോക്ക്ഡൗണിന്റെ പേരിൽ ശമ്പളരഹിതമായ മറ്റൊരു വർഷത്തിലേക്ക് അവിടെയുള്ളവർ വീണ്ടും കടന്നിരിക്കുന്നു. നഗരങ്ങളിലെ അതിസമ്പന്ന ഭവനങ്ങളിൽ പോലും ദാരിദ്ര്യം പിടിമുറുക്കിയതായാണ് ശ്രീനഗറിൽ നിന്നുള്ള റിപ്പോർട്ടുകൾ. കാർഷിക മേഖലയിൽ 80,000 കോടിയുടെ നഷ്ടം ഉണ്ടായതായാണ് വ്യാപാരിസംഘടനകളുടെ വിലയിരുത്തൽ. ഫസ്റ്റ് ക്വാളിറ്റി ആപ്പിൾ ശേഖരിക്കാനും കശ്മീരിൽ നിന്ന് ദൽഹിയിലെ കയറ്റുമതി മാർക്കറ്റുകളിൽ എത്തിക്കാനും ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. തേർഡ് ക്വാളിറ്റി ആപ്പിൾ കിലോ ഒന്നിന് എട്ട് രൂപ വെച്ച് ശേഖരിച്ചതാണ് സർക്കാർ അവകാശപ്പെടുന്ന കാർഷിക രക്ഷാ പാക്കേജ്. ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ നിരവധി മേഖലകളിലാണ് ജനം തൊഴിൽരഹിതരായത്. അവരിൽ മിക്കവർക്കും ബൈത്തുൽമാലിനെ ആശ്രയിക്കുകയല്ലാതെ ഒരു പോംവഴിയും ഇപ്പോഴുമുണ്ടായിട്ടില്ല.
ആർ.എസ്.എസിന്റെ പ്രാകൃതമായ വംശീയ സിദ്ധാന്തത്തിന്റെ സാക്ഷാൽക്കാരത്തിനായി നിലകൊള്ളുന്ന മോദി സർക്കാർ കശ്മീരിലെ ഇന്ത്യക്കാരോട് മാനുഷികമായ ഒരു സമീപനവും ഇപ്പോഴും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായിരുന്ന കശ്മീർ അതിവേഗമാണ് രാജ്യത്തെ ഏറ്റവും വലിയ ദരിദ്ര സംസ്ഥാനമായി മാറികൊണ്ടിരിക്കുന്നത്. 21 ദിവസം ലോക്ക്ഡൗൺ കഴിഞ്ഞപ്പോഴേക്കും ജീവച്ഛവമായി മാറിയ ശേഷിച്ച ഇന്ത്യയുടെ മുമ്പിൽ 250 ദിവസവും പിടിച്ചു നിന്ന കശ്മീരികൾ ഇച്ഛാശക്തിയുടെ സമീപകാലത്തെ ഏറ്റവും വലിയ അത്ഭുതമായായാണ് മാറുന്നത്.