അരിമണിയുടേയും കോഴിയുടേയും ഉപമ
ഒരു രാഷ്ട്രീയ പദ്ധതി വിജയത്തിലെത്തുമ്പോൾ ഒഴിവാക്കാനാവാത്ത ഒരു ഭീഷണി ഉയർന്നുവരും എന്ന് പറയാറുണ്ട്. ഇവിടെയിപ്പോൾ ഭീഷണി പൊന്തി വന്നത് പുറത്തു നിന്നല്ല.
മനോവിശ്ലേഷണത്തിലും മാർക്സിസ്റ്റ് വിശകലനത്തിലും ഒരേപോലെ കമ്പമുള്ള സൈദ്ധാന്തികനാണ് സ്ലാവേസ് സിസെക്. സിനിമാസിദ്ധാന്തം, പ്രത്യയശാസ്‌ത്രം, മതരാഷ്ട്രീയം, തുടങ്ങി പതിനെട്ട്കളരിക്കും കുരിക്കളാണ്. എം.എൻ. വിജയന്മാഷുടെ സ്ലോവേനിയൻ ജന്മം എന്നു പറഞ്ഞാലും പോര. അതിലും മൂത്തതാണ്. ആളൊരു പെരുംപുലിയാണ്.
ആശാന്റെയൊരു സിദ്ധാന്തമുണ്ട്. സിമ്പോളിക് രജിസ്റ്റർ. മനോവ്യാപാര പ്രശ്നമാണ്. എളുപ്പത്തിൽ പിടികിട്ടാൻ ആശാൻതന്നെ പറഞ്ഞ ഒരു കഥയുണ്ട്:
ഒരു ചെറുപ്പക്കാരന് കോഴിയെ കണ്ടാൽ പേടിയാകും. കോഴി കൊക്കിപ്പാറുന്നത് കേട്ടാൽ ഓടി വീട്ടിനകത്തേക്ക് കയറും. പിന്നെപ്പിന്നെ മുറ്റത്തേക്കിറങ്ങാതായി. ഒടുവിൽ ജനൽപോലും തുറക്കാതായി. അത്രയുമായപ്പോൾ വീട്ടുകാർ പിടിച്ച് മനോരോഗ വിദഗ്ദ്ധന്റെയടുത്ത് എത്തിച്ചു. ഏറെ നേരമിരുന്ന് സംസാരിച്ച് യുവാവിന്റെ മനസ്സിൽകയറി നോക്കിയപ്പോൾ ഡോക്ടർക്ക് സംഗതി പിടികിട്ടി. മറ്റേതാണ്. നടേപറഞ്ഞ രജിസ്റ്റർ. സിമ്പോളിക് രജിസ്റ്റർ. ഒരു സിമ്പൽ പതിഞ്ഞുപോയതാണ്. അരിമണിയോളം പോന്നൊരു സിമ്പൽ. താൻ വളരെ വളരെ ചെറുതാണ് എന്നൊരു തോന്നൽ ചെറുപ്പക്കാരന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. ചെറുത് എന്നുവെച്ചാൽ, അരിമണിയോളം ചെറുത്. അതുകൊണ്ടാണ് കോഴിയെ കണ്ടാൽ പേടിക്കുന്നത്. കോഴി കൊത്തിത്തിന്നുമോ എന്നാണ് ടിയാന്റെ പേടി. ശരിക്കും ആളിന്റെ വലുപ്പം അരിമണിയോളമാണെങ്കിൽ പേടിക്ക് ന്യായമുണ്ട്. സത്യം അതല്ലല്ലോ. ആഴവും നീട്ടവുമൊത്തൊരു വാല്യക്കാരനാണ്.
ഡോക്ടർ ആ യുവാവിനെ കൂടെത്താമസിപ്പിച്ചു. കോഴിയെ താൻ ഓടിച്ചോളാം എന്ന് ഉറപ്പുകൊടുത്തു. ഓടിച്ച് കാണിച്ചു. പിന്നെപ്പിന്നെ നഴ്സ് ഒച്ചയിട്ടാലും കോഴി ഓടുമെന്ന് ബോധ്യമായി. എന്തിനേറെ, കോഴിയേക്കാൾ വലിയ എന്തിനെകണ്ടാലും കോഴിക്ക് പേടിയാണെന്നും മനുഷ്യൻ കോഴിയേക്കാൾ വലുതാണെന്നും ആ വാല്യക്കാരനെ പഠിപ്പിച്ചു. താനും ഒരു വലിയ മനുഷ്യനാണെന്നും കോഴി തന്നെ കൊത്തിത്തിന്നില്ലെന്നും കക്ഷിക്ക് ബോധ്യം വന്നപ്പോൾ ആളെ, ഡോക്ടർ വീട്ടിലേക്ക് പറഞ്ഞയച്ചു.
എന്നാൽ, പുറത്തേക്കിറങ്ങിയതും മുറ്റത്തതാ ഒരു കോഴി. നമ്മുടെ കക്ഷി ഓടി അകത്തുകയറി. ഡോക്ടറുടെ പുറകിലൊളിച്ചു.
ഡോക്ടർ ചോദിച്ചു: '' അല്ലടോ, നീയൊരു അരിമണിയല്ലാ എന്ന് നിനക്ക് ബോധ്യപ്പെട്ടതല്ലേ?''
'' എനിക്ക് ബോധ്യപ്പെട്ടു സാർ, പക്ഷേ ആ കോഴിക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ലല്ലോ!"
- ഇതാണ് സിമ്പോളിക് രജിസ്റ്റർ. ചില തോന്നലുകൾ മനസിൽ പതിഞ്ഞാൽ പതിഞ്ഞതുതന്നെ. പിന്നെ രക്ഷിക്കാനാവില്ല.
നമ്മുടെ മുഖ്യമന്ത്രിയെ നോക്കുക. മഹാപ്രളയം പോലുള്ള സംഗതികളൊക്കെയും അതിഗംഭീരമായി കൈകാര്യംചെയ്തു വരുന്നതിനിടയിലാണ്, മരത്തേക്കാൾ വലിയ കൊമ്പായി പോലീസ് വളർന്നത്. മുഖ്യമന്ത്രിയുടെ പാർട്ടിക്കകത്തുനിന്നുപോലും മാവോയിസ്റ്റുകളെ തൂക്കിയെടുത്ത് ലോക്നാഥ് ബെഹ്റ, ഇതു താൻഡാ പോലീസ് എന്ന് മസിലുകാണിച്ചപ്പോൾ മുഖ്യമന്ത്രി ഉള്ളുകൊണ്ടൽപ്പം ചെറുതായി.
നമ്മുടെ മുഖ്യമന്ത്രിയെ നോക്കുക. മഹാപ്രളയം പോലുള്ള സംഗതികളൊക്കെയും അതിഗംഭീരമായി കൈകാര്യംചെയ്തു വരുന്നതിനിടയിലാണ്, മരത്തേക്കാൾ വലിയ കൊമ്പായി പോലീസ് വളർന്നത്. മുഖ്യമന്ത്രിയുടെ പാർട്ടിക്കകത്തുനിന്നുപോലും മാവോയിസ്റ്റുകളെ തൂക്കിയെടുത്ത് ലോക്നാഥ് ബെഹ്റ, ഇതു താൻഡാ പോലീസ് എന്ന് മസിലുകാണിച്ചപ്പോൾ മുഖ്യമന്ത്രി ഉള്ളുകൊണ്ടൽപ്പം ചെറുതായി.
പിന്നാലെ, കോവിഡ് വന്നു. നിപ്പ കൊണ്ടുതന്നെ സിനിമാമെറ്റീരിയിലായി വളർന്നു കഴിഞ്ഞിരുന്ന ഷൈലജ ടീച്ചർ സ്വാഭാവികമായും കൂടുതൽ വലുതായി. ഇത്തവണ സിനിമാ തിയറ്ററിലല്ല, നിയമസഭയിൽതന്നെ ടീച്ചറമ്മക്ക്മേൽ വാഴ്‍വും പുകഴ്‍വും അഭിഷേകം ചെയ്തു. പിന്നെ പറയണ്ടല്ലോ. കണ്ണൂർ ജില്ലയിൽ നിന്നുതന്നെയുള്ള, ജൂനിയറായ ഒരു മന്ത്രി, ഭരണാധികാരിയെന്ന നിലയിൽ ജ്വലിക്കുകയാണ്. അതേസമയം ആഭ്യന്തര വകുപ്പിന്റെ മന്ത്രി കരിന്തിരി കത്തുകയാണ്. ആ മനുഷ്യൻ ഉറങ്ങുമോ?
''ഉറങ്ങിയിട്ടില്ല സാർ, ടീച്ചറമ്മ ഉറങ്ങിയിട്ടില്ലാ, എങ്ങനെയുറങ്ങും സാർ, കേരളത്തിന്റെ ആരോഗ്യമന്ത്രി?'' എന്നൊരു വിലാപം നിയമസഭയിൽ മുഴങ്ങിയ നിമിഷത്തിൽ മുഖ്യമന്ത്രി എഴുന്നേറ്റു നിന്നൊരു നിൽപ്പുണ്ട്. നിയമസഭയിലെ സ്പീക്കറും ഭരണകക്ഷിയംഗങ്ങളും അപ്പോൾ നടുങ്ങിയ നടുക്കം തത്സമയം കണ്ട കേരളം ഞെട്ടിയതാണ്. നേരത്തേ നിശ്ചയിച്ച സമയത്ത് ചർച്ച തീരാത്തതിലുള്ള അമർഷമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പക്ഷേ, ''ഇത് ഇവിടെ നിർത്തിക്കൊള്ളണം'' എന്നാണ് കണ്ടവർക്കും കേട്ടതും മനസിലായത്. സി.പി.എമ്മുകാരനായ ആ കന്നി എം.എൽ.എ പറഞ്ഞുകൊണ്ടുവന്ന വാചകം മുഴുമിക്കാൻ പോലും ചെയർ സമ്മതിച്ചില്ല. അത്രക്കുണ്ടായിരുന്നു ആ കോപത്തിന്റെ താപം .
അല്ലെങ്കിൽതന്നെ രാഷ്ട്രീയക്കാർക്ക് അത്യാവശ്യം വേണ്ടുന്ന അഭിനയ പാടവം നമ്മുടെ മുഖ്യമന്ത്രിക്കില്ല. നേരേവാ നേരേപോ മട്ടാണ്. ദേഷ്യവും അങ്ങനെതന്നെ. അങ്ങനെയുള്ളയാൾ ഉള്ളാലെ ചെറുതായി ചെറുതായി വരികയുമാണ്. അതിന്റെ അപകടം ആദ്യം മണത്തത് ആരോഗ്യ മന്ത്രിക്കാണ്. പിന്നീട് അവർ സ്ക്രിപ്പ്റ്റിൽ ബോധപൂർവ്വം ഒരു കൂട്ടിച്ചേർക്കൽ നടത്തി. എന്തും, ''ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം " എന്നു പറഞ്ഞുകൊണ്ടായി തുടക്കം. ''ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡോക്ടർ പരിശോധിച്ച്, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നഴ്സ് മരുന്നു കൊടുത്തിട്ടാണ്'' കൊവിഡിനെ നിയന്ത്രിക്കുന്നതെന്ന് ടീച്ചറമ്മ ഡയലോഗ് മാറ്റി.
അതിന്റെ അടുത്തഘട്ടത്തിലാണ് ദിനസരി വിവരണവും അതിനായുള്ള വാർത്താസമ്മേളനവും മുഖ്യമന്ത്രി ഏറ്റെടുത്തത്. അത് ക്ലിക്ക് ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ കേരളം സംഗീതം പോലെ ആസ്വദിച്ച കാലം. ആറുമണിക്ക് കേരളീയർ ന്യൂസ് ചാനലിന് മുന്നിലെത്തി. മദ്യം കിട്ടാത്തതിനാൽ ആത്മഹത്യാ പ്രവണത കാണിച്ചവരൊക്കെ ആദ്യത്തെ അഞ്ചാറുദിവസംകൊണ്ട് അടങ്ങി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാൻ ദിവസവും വൈകുന്നേരം ആറുമണി വരെ ജീവിച്ചിരിക്കണം എന്ന് ഓരോരുത്തർക്കും തോന്നിത്തുടങ്ങി. ന്യൂസ് ചാനലുകൾ ആ പരിപാടിയുടെ പ്രമോ കൊടുത്തുതുടങ്ങി. പ്രേക്ഷകരുറപ്പാണ്. ടെലിവിഷൻ ഭാഷയിൽ വിലയിരുത്തിയാൽ, അത്രമേൽ താളഭംഗിയോടെ, ആദിമദ്ധ്യാന്ത പൊരുത്തത്തോടെ നിർമ്മിക്കപ്പെട്ട ഒരു മണിക്കൂർ ടി.വി. പ്രോഗ്രാമാണത്.
അതിന്റെ പിന്നിൽ സംവിധായകരുണ്ടോ, പി.ആർ ടീമുണ്ടോ എന്നൊക്കെയുള്ള കുശുമ്പുവർത്തമാനത്തിന് ഒട്ടും സാംഗത്യമില്ല. പി.ആർ ഒരു കുറ്റകൃത്യമല്ല. ഒരു മുഖ്യമന്ത്രി പി.ആർ സൗകര്യം ഉപയോഗിച്ചില്ലെങ്കിലാണ് തെറ്റ്. അതിനുവേണ്ടി ഒരു വകുപ്പുതന്നെ ഉണ്ടായിരിക്കെ അത് ഉപയോഗിക്കുകതന്നെ വേണം. പുറത്തുനിന്നുള്ള പി.ആർ കമ്പനിയായാൽ പോലും ഇക്കാലത്ത് അതിലൊന്നും തെറ്റില്ല. രാഷ്ട്രീയം ഒരു ബിഗ്ബിസിനസ്സാണ്. പ്രതിഛായ അതിലൊരു പ്രധാന ഘടകമാണ്. അത് മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ടാണ് ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ഷീ ജിൻപിങ്ങ് ഏറ്റവും വലിയ മുതലാളിത്ത രാഷ്ട്രത്തിന്റെ പ്രസിഡണ്ടിനെ വട്ടുകളിപ്പിക്കുന്നത്. പ്രതിഛായക്ക് രാഷ്ട്രീയത്തിലുള്ള പ്രാധാന്യം തിരിച്ചറിയാത്തതുകൊണ്ടാണ് ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ ജറമി കോർബിനും നമ്മുടെ പന്ന്യൻ രവീന്ദ്രനുമൊക്കെ കൈനീട്ടം വിൽക്കാനാകാതെ കഷ്ടപ്പെടുന്നത്. അവർക്കൊന്നും വിപ്ലവ ചരിത്രം ഇല്ലാഞ്ഞിട്ടല്ലല്ലോ. ഉണ്ടായാൽ പോര ആയത് തുടച്ചു മിനുക്കി ഷോക്കേസിൽ വെക്കണം. അതാണ് പ്രതിഛായ. അതിനാണ് പി.ആർ.
പി.ആർ ഒരു കുറ്റകൃത്യമല്ല. ഒരു മുഖ്യമന്ത്രി പി.ആർ സൗകര്യം ഉപയോഗിച്ചില്ലെങ്കിലാണ് തെറ്റ്. അതിനുവേണ്ടി ഒരു വകുപ്പുതന്നെ ഉണ്ടായിരിക്കെ അത് ഉപയോഗിക്കുകതന്നെ വേണം. പുറത്തുനിന്നുള്ള പി.ആർ കമ്പനിയായാൽ പോലും ഇക്കാലത്ത് അതിലൊന്നും തെറ്റില്ല. രാഷ്ട്രീയം ഒരു ബിഗ്ബിസിനസ്സാണ്. പ്രതിഛായ അതിലൊരു പ്രധാന ഘടകമാണ്. അത് മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ടാണ് ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ഷീ ജിൻപിങ്ങ് ഏറ്റവും വലിയ മുതലാളിത്ത രാഷ്ട്രത്തിന്റെ പ്രസിഡണ്ടിനെ വട്ടുകളിപ്പിക്കുന്നത്.
ആരാധനകൊണ്ട് ചെയ്തു പോകുന്നതാണെങ്കിലും കാശുവാങ്ങിച്ചിട്ട് ചെയ്യുന്നതാണെങ്കിലും പി.ആർ പണിക്കാർ വിജയിക്കണമെങ്കിൽ കയ്യിൽ കിട്ടുന്ന മെറ്റീരിയൽ കുറ്റമറ്റതാകണം. അല്ലെങ്കിൽ സിസെക്ക് പറഞ്ഞ കഥയിലെ ഡോക്ടർക്ക് പറ്റിയ പറ്റ് പറ്റും. നമ്മളെത്ര തുടച്ചുമിനുക്കി പുറത്തിറക്കിവിട്ടാലും പുറത്തൊരു പ്രതിപക്ഷക്കാരനെ കണ്ടാൽ അകത്തു കിടക്കുന്ന അരിമണി പ്രവർത്തിച്ചുതുടങ്ങും. കക്ഷി ഓടി അകത്തുകയറും. അതാണിവിടെയും സംഭവിച്ചത്.
ലോകത്തെ മുഴുവൻ വിറപ്പിച്ച കൊറോണാ വൈറസിനെ വരച്ചവരയിൽ നിർത്തിയ ഭരണകൂടത്തിന്റെ തലവനായി തിളങ്ങിനിൽക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ ന്യൂസ് ചാനലുകളെ വിടാം. രാജ്ദീപ് സർദേശായി ബഹുമാനാദരങ്ങളോടെ ചോദ്യം ചോദിച്ച് ചെവി സമർപ്പിച്ചു നിൽക്കുന്നു. അർണബ് ഗോസാമി ഗവർണറെ ഗസ്റ്റായി ഇരുത്തി കേരളസർക്കാറിന്റെ ഗുണഗണങ്ങൾ വർണിക്കുന്നു. കേരളത്തെ മാതൃകയാക്കണമെന്ന് ഇന്ത്യയെ പഠിപ്പിക്കുന്നു. എന്തിനേറെപ്പറയുന്നു, വാഷിങ്ങ്ടൺ പോസ്റ്റ് കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ നേട്ടം ലോകത്തിനു മുന്നിൽ നിരത്തുന്നു.
ഇമ്മട്ടിൽ ലോകോത്തര ഭരണ സംവിധാനത്തിന്റെ നായകനായി അദ്ദേഹമങ്ങനെ തിളങ്ങി നിൽക്കുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ ഒരു വാർത്താ സമ്മേളനം, മരവിപ്പിച്ചുനിർത്തിയ എം.എൽ.എ കെ.എം ഷാജിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്! ഠിം. തീർന്നു. അകത്തെ അരിമണി വർക്ക്ചെയ്യാൻ തുടങ്ങി. ഇനി ആർക്കും രക്ഷിക്കാനാവില്ല.
ഈ രമേശ് ചെന്നിത്തലയേയും കെ.എം ഷാജിയേയും മുറ്റത്തിട്ടു കൊടുത്താൽ ആരാധകക്കുഞ്ഞുങ്ങൾ മിനിറ്റുകൾകൊണ്ട് കൊത്തിപ്പെറുക്കി വൃത്തിയാക്കിത്തരും. അത്രക്കേ അവരുള്ളു. പിണറായി വിജയൻ എന്ന ഭരണനായകന്റെ ഇപ്പോഴത്തെ ആഗോളപ്രതിഛായക്കുമുന്നിൽ അവർ വെറും അരിമണിയാണ്. പക്ഷേ,തിരിച്ചാണ് സ്വന്തം മനസ്സ് പറയുന്നതെങ്കിൽ ആർക്കും രക്ഷിക്കാനാവില്ല. ഒരു വൈറസിനും!