ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ രക്ഷസാക്ഷിത്വം ഉയര്‍ത്തുന്ന ഇന്ത്യന്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍

സത്യത്തില്‍ ഇത്തരം പ്രാദേശിക വംശീയ രൂപങ്ങളെ ബോധപൂര്‍വ്വം തിരസ്ക്കരിച്ചുകൊണ്ടാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ജോര്‍ജ് ഫ്ലോയ്ഡിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ ഉയരുന്നതെന്ന് നാം മനസിലാക്കേണ്ടതുണ്ട്

Update: 2020-06-03 16:13 GMT

ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ വംശീയ കൊലപാതകം പല തരത്തിലുള്ള സ്വത്വ, സാമുദായിക, ദേശീയ, ഉപ:ദേശീയ വ്യവഹാരങ്ങളുടെ ചര്‍ച്ചകള്‍ക്കും പുന:രാലോചനകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഫ്ലോയ്ഡിനു വേണ്ടി ഉയരുന്നത് കാലങ്ങള്‍ നീണ്ടു നിന്ന ഇടപാടുകളിലൂടെ ബ്ലാക്ക് പാന്തര്‍ (Black Panther) പോലെയുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ സാധ്യമാക്കിയെടുത്തതാണ്. യൂറോപ്യന്‍ കേന്ദ്രീകൃത മുതലാളിത, പുരുഷാധിപത്യ, ഭരണകൂട സ്ഥാപനങ്ങള്‍ സാമൂഹികമായും, സാംസ്കാരികമായും, സാമ്പത്തികമായും നൂറ്റാണ്ടുകളായി ഉദ്പാദിപ്പിക്കുകയും പുന:രുല്‍പാദിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു അധീശ വ്യവഹാര രൂപമാണ് വംശീയത (Racism). ഈ അധികാര വ്യവസ്ഥ കൈയ്യടക്കിയിരുക്കിയിരിക്കുന്നവര്‍ നിര്‍ണ്ണയിക്കുന്ന അതിരുകള്‍ക്ക് പുറത്ത് നില്‍ക്കുന്നവര്‍ അപൂര്‍ണ്ണ മനുഷ്യരോ, കുറഞ്ഞ മനുഷ്യരോ, മനുഷ്യ സങ്കല്പങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്നവരോ ആയി മുദ്രകുത്തപ്പെടുകയും സ്വാഭാവികമായും ഇവര്‍ എല്ലാവിധ മനുഷ്യാവകാശങ്ങളില്‍ നിന്നും പുറത്താക്കാപ്പെടുകയും ചെയ്യുന്നു. അഥവാ മറ്റൊരു തരത്തില്‍ ഈ ശ്രേഷ്ഠ മാനവിക സങ്കല്പങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്നവര്‍ ഭരണകൂട-അധികാര വ്യവസ്ഥിതിയുടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് വിധേയമാകാന്‍ ബാധ്യസ്ഥരാണെന്ന പൊതുബോധം വളരെ ക്രിയാത്മകമായിനിര്‍മ്മിക്കപ്പെടുകയാണെന്നും പറയാം. പൊതുവെ വംശീയത (Racism) എന്നത് കൊണ്ട് നമ്മള്‍ അര്‍ത്ഥമാക്കാന്‍ ശ്രമിക്കുന്നത് വര്‍ണ്ണ വിവേചനം ആണെങ്കിലും പ്രാദേശിക/കൊളോണിയല്‍ ചരിത്രങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളിലെ വിവിധ സമൂഹങ്ങള്‍ക്ക് മേല്‍ നിറത്തിനപ്പുറം പല തരത്തിലുള്ള വംശീയ അധികാര ക്രമങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതായി റാമന്‍ ഗ്രോസ്ഫുഗല്‍ (Ramon Grosfoguel) നിരീക്ഷിക്കുന്നുണ്ട്. സത്യത്തില്‍ ഇത്തരം പ്രാദേശിക വംശീയ രൂപങ്ങളെ ബോധപൂര്‍വ്വം തിരസ്ക്കരിച്ചുകൊണ്ടാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ജോര്‍ജ് ഫ്ലോയ്ഡിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ ഉയരുന്നതെന്ന് നാം മനസിലാക്കേണ്ടതുണ്ട്.

Advertising
Advertising

റാമന്‍ ഗ്രോസ്ഫുഗല്‍

ഇവിടെ ഉത്തമ മനുഷ്യ രൂപങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ആരാണ് എന്നതാണ് നാം ഉയര്‍ത്തേണ്ട സുപ്രധാന ചോദ്യം. യൂറോപ്പില്‍ ഈ അധികാരം കൈയ്യാളുന്നത് വെളുത്ത വംശജരും മുതലാളിത വ്യവസ്ഥയുമാണെങ്കില്‍ഇന്ത്യയില്‍ ബ്രാഹ്മണ അധീശ വ്യവഹാരങ്ങള്‍ ആണെന്ന് വരുന്നു. എന്നാല്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാല്‍ ഇന്ത്യന്‍ ബ്രാഹ്മണ അധികാര വ്യവസ്ഥ കുറെക്കൂടെ സങ്കീര്‍ണ്ണവും അപകടകരവുമാണെന്ന് കാണാന്‍ സാധിക്കും. അതിന്‍റെ കാരണം ബ്രാഹ്മണ്യം നില നില്‍ക്കുന്നത് ബ്രാഹ്മണ സമുദായത്തിലൂടെ മാത്രമല്ല, അതു വിവിധങ്ങളായ പ്രബല സമുദായങ്ങളിലൂടെയും സമൂഹങ്ങളിലൂടെയും നൂറ്റാണ്ടുകളായി കരുത്താര്‍ജ്ജിച്ച അധികാര വ്യവസ്ഥയാണ്‌ എന്നത് കൊണ്ടാണത്. ഇത്തരമൊരു സവിശേഷ സ്വഭാവത്തിലൂടെയാണ് ബ്രാഹ്മണ്യം ഒരു അധീശ വ്യവഹാര രൂപമായി ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

അതേ സമയം വെളുത്ത വംശീയത, നിറം നിർമ്മിക്കുന്ന ദ്വന്ത സങ്കല്പങ്ങൾക്കുള്ളിൽ മാത്രം നിലനിൽക്കുന്നത് കൊണ്ട് തന്നെ സൈദ്ധാന്തികമായി അഭിമുഖീകരിക്കാനുംഎതിരിടാനും കുറേക്കൂടി എളുപ്പമാണെന്ന് കാണാം. ഇവിടെ സാംസ്കാരികമായ വ്യത്യസ്തതകളും വർഗ്ഗ സങ്കല്പങ്ങളും ബാധമകമാണ് എന്ന് അംഗീകരിക്കുമ്പോൾ പോലും യൂറോപ്യൻ പശ്ചാത്തലത്തിൽ മർദ്ദകരെ തിരിച്ചറിയുക എന്നുള്ളത് താരതമ്യേന സങ്കീർണ്ണതകൾ കുറഞ്ഞ ഒരു പ്രക്രിയ തന്നെയാണ്. ഈ ഒരു തിരിച്ചറിവ് സാധ്യമായത് കൊണ്ടാണ് ബ്ലാക്ക് പാന്തർ മൂവ്മെന്റ്കള ലോകവ്യാപകമായി ശ്രദ്ധ നേടുകയും നാനാ തരത്തിലുള്ള സ്വത്വ-സാമുദായിക-അപര ജനതകൾക്കിടയിൽ സ്വീകരിക്കപ്പെടുകയും ചെയ്തത്. എന്നാൽ അനേകമായിരം ജാതികളാൽ നിർമ്മിതമായ ഇന്ത്യൻ സാമൂഹിക വ്യവസ്ഥ ഉദ്‌പാദിപ്പിക്കുകയും പുന:രുദ്‌പാദിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണ്യത്തെയും അതിന്റെ അധികാര ഘടനകളെയും ഏകമാന രൂപമായി പ്രതിഷ്ഠിച്ച് നേരിടുകയെന്നത് അപ്രാപ്യമാണെന്ന് പറയേണ്ടി വരും.

“ബ്ലാക്ക് ലിവ്സ് മാറ്റര്‍” എന്നതിന് സമാനമായി “ദലിത് ലിവ്സ് മാറ്റര്‍” അല്ലെങ്കില്‍ “മുസ്ലിം ലിവ്സ് മാറ്റര്‍” എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ ഉള്ള പ്രശ്നം ഇവിടെ പ്രതിസ്ഥാനത്ത് ആരാണ് എന്ന് കൂടെ സ്വാഭാവികമായും നമുക്ക് വെളിപ്പെടുത്തേണ്ടതായി വരുന്നു.

അതുകൊണ്ടാണ് വര്‍ണ്ണ വിവേചനത്തെക്കാൾ സങ്കീർണ്ണമായ അടിച്ചമർത്തൽ സംവിധാനം ജാതി വ്യവസ്ഥയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്ന് അംബേദ്‌കര്‍ നിരീക്ഷിക്കുന്നത്. യൂറോപ്യന്‍ അധികാര ഭാഷയില്‍ പരിപൂര്‍ണ്ണ മനുഷ്യരും കുറഞ്ഞ മനുഷ്യരും എന്ന് രണ്ടു തരത്തിലുള്ള വര്‍ഗ്ഗ/ആശയ സംഘടനങ്ങളാണ് നടക്കുന്നതെങ്കില്‍, മനുഷ്യ സങ്കല്‍പ്പങ്ങള്‍ അധികമായുള്ളവര്‍, അല്പം കുറഞ്ഞ മനുഷ്യരൂപം ഉള്ളവര്‍, ഒട്ടും മനുഷ്യര്‍ അല്ലാത്തവര്‍ എന്നിങ്ങനെയുള്ള അനവധിയായ ജാതിയധിഷ്ഠിതമായ വര്‍ഗ്ഗ-സാമുദായിക സംഘര്‍ഷങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്.

കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പായി “ഐ കാണ്ട് ബ്രീത്ത്‌” എന്ന് ജോര്‍ജ്ജ് ഫ്ലോയിഡ് അതി ദയനീയമായി വിളിച്ചു പറഞ്ഞ വാചകം ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളിലെ ശക്തമായ രാഷ്ട്രീയ മുദ്രാവാക്യമായി മാറിയിട്ടുണ്ട്. ഇന്ത്യയിലും ഇത് ഏറ്റു പിടിക്കുന്ന ഒരു പൊതു സമൂഹം ഉയര്‍ന്നു വരുന്ന ഈ ഘട്ടത്തില്‍ ഇതിന്‍റെ സാമൂഹിക തലങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലും പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. “ഐ കാണ്ട് ബ്രീത്ത്‌” എന്നത് രാജ്യത്തെ ദലിത്-അധസ്ഥിത ജനത നൂറ്റാണ്ടുകളായി പല രൂപത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വാചകമാണ്. മാന്‍ ഹോളുകളില്‍ കൊല്ലപ്പെടുന്നവര്‍, തോട്ടിപ്പണി ചെയ്ത് ഉപ:ജീവനം നടത്താന്‍ നിര്‍ബന്ധിതരായവര്‍, ചത്ത മാംസം ഭക്ഷിച്ച്‌ ജീവിക്കേണ്ടി വന്നവര്‍, സ്വത്വത്തിന്‍റെ പേരില്‍ കൊല്ലപ്പെടുന്നവര്‍ എന്നിങ്ങനെ പല തരത്തിലുള്ള ജാതി ഹിംസകള്‍ക്ക് ഇരകളായി ജീവിക്കുന്ന മനുഷ്യര്‍ കാലങ്ങളായി ഉയര്‍ത്തുന്ന “ഐ കാണ്ട് ബ്രീത്ത്‌” എന്ന നിലവിളി പൊതുസമൂഹത്തിന്‍റെ കാതുകളില്‍ പ്രതിഫലിക്കാത്തതിന്‍റെ കാരണങ്ങള്‍ ഈ ഘട്ടത്തിലെങ്കിലും ആത്മ പരിശോധനക്ക് വിധേയമാക്കാന്‍ ഇന്ത്യന്‍ വരേണ്യ ലിബറല്‍ സമൂഹം തയ്യാറാകേണ്ടതുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന ജാതി ഹിംസകളാല്‍ ശ്വാസം മുട്ടുന്ന വലിയൊരു ജനതയെ നിശബ്ദമാക്കുന്ന ഇന്ത്യന്‍ വരേണ്യ-ലിബറല്‍ സമൂഹത്തിന്‍റെ കാപട്യം പ്രശ്നവത്ക്കരിക്കാതെ നടക്കുന്ന എല്ലാ രാഷ്ട്രീയ ഐക്യദാര്‍ഢ്യങ്ങളും പ്രഹസനങ്ങള്‍ മാത്രമാണെന്ന് പറയേണ്ടി വരും.

“ബ്ലാക്ക് ലിവ്സ് മാറ്റര്‍” എന്ന മുദ്രാവാക്യത്തിന്‍റെ പ്രയോഗത്തിലും ഇന്ത്യന്‍ ലിബറല്‍ സമൂഹം സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ മുഖം മൂടി നമുക്ക് ദര്‍ശിക്കാനാവും. ലോകത്തിലെ ഏറ്റവും ശക്തവും സ്വീകാര്യവുമായ സ്വത്വ രാഷ്ട്രീയ മുന്നേറ്റമായാണ് ബ്ലാക്ക് പാന്തര്‍ മൂവ്മെന്‍റിനെ നാം മനസിലാക്കേണ്ടത്. സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തെ ‘ബ്ലാക്ക്’ എന്ന രാഷ്ട്രീയ സംഞ്ജയിലൂടെ അധീശ വ്യവഹാരങ്ങള്‍ക്ക് നേരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനമായി പാന്തര്‍ മൂവ്മെന്‍റുകള്‍ നിര്‍മ്മിച്ചെടുക്കുകയാണ് ഉണ്ടായത്. നിറം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കൊളോണിയല്‍ ചരിത്രം തുടങ്ങിയ ഘടകങ്ങള്‍ ഉദ്പാദിപ്പിച്ച അധികാര വ്യവസ്ഥയെ ‘ബ്ലാക്ക്’ എന്ന സ്വത്വ നിര്‍മ്മിതിയിലൂടെ പ്രശ്നവത്ക്കരിക്കാനും ചോദ്യം ചെയ്യാനും പാന്തറുകള്‍ക്ക് സാധിച്ചു. ജ്ഞാനോല്‍പാദനം, വിവിധ അധികാര സ്ഥാപനങ്ങള്‍, ഭരണകൂട ധ്വംസനങ്ങള്‍, തുടങ്ങിയ സംവിധാനങ്ങളെ ബൗദ്ധികപരമായും രാഷ്ട്രീയപരമായും അഭിസംബോധന ചെയ്ത് കൊണ്ടാണ് സ്വത്വാധിഷ്ഠിതമായ കറുത്ത വംശജരുടെ മുന്നേറ്റം നാം ഇന്ന് കാണുന്ന തലത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളത്‌. എന്നാല്‍ ഈ ചരിത്രം മനസിലാക്കിയോ അല്ലെങ്കില്‍ നിഷേധിച്ചു കൊണ്ടോ വളരെ സൗകര്യപൂര്‍വ്വം ഇന്ത്യന്‍ വരേണ്യ-ലിബറല്‍ ജനതയ്ക്ക് “ബ്ലാക്ക് ലിവ്സ് മാറ്റര്‍” എന്ന മുദ്രാവാക്യം ഇന്ന് വളരെയെളുപ്പം ഉയര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഈ ഒരു സൗകര്യം അവര്‍ക്ക് സാധ്യമാകുന്നതിന്‍റെ സാംഗത്യം പരിശോധിക്കുമ്പോഴാണ് സത്യത്തില്‍ഇതിനു പുറകിലെ ജാതി കാപട്യങ്ങള്‍ പുറത്തു വരുക.

കറുത്ത വംശജരുടെ സ്വത്വ രാഷ്ട്രീയ ഇടപാടുകളെ ആഘോഷമാക്കുന്ന ഇന്ത്യന്‍ മുഖ്യധാരാ വ്യവഹാരങ്ങള്‍ പക്ഷേ രാജ്യത്തു നടക്കുന്ന സമാനമായദലിത്-ആദിവാസി-മുസ്‍ലിം സ്വത്വ രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രതിരോധങ്ങളും അപകടകരമായ സംഗതികളായാണ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. പൊതുവെ ഇത്തരം മുന്നേറ്റങ്ങള്‍ ജനാധിപത്യത്തെയും മതേതര സങ്കല്പങ്ങളെയും പ്രതിസന്ധിയിലാക്കും എന്നാണ് വരേണ്യ ലിബറല്‍ വ്യവഹാരങ്ങള്‍ മുന്നോട്ടു വെക്കുന്ന പ്രധാന വാദങ്ങളില്‍ ഒന്ന്. അതായത് ഇന്ത്യന്‍ സാമൂഹിക പരിസരങ്ങളിലെ കീഴാള സ്വത്വങ്ങള്‍ എല്ലാം അപകടം പിടിച്ചതും അതേസമയം യൂറോപ്പ്യന്‍ കീഴാള സ്വത്വങ്ങള്‍ ആഘോഷിക്കപ്പെടാവുന്നതുമായ സവിശേഷ രൂപങ്ങളായാണ്‌ രാജ്യത്തെ ‘പുരോഗമന’ സമൂഹം വിലയിരുത്തുന്നതെന്നു സാരം. ഈ ഒരു കാഴ്ച്ചപ്പാടില്‍ പ്രധാനമായും രണ്ട് തരം പ്രശ്നങ്ങള്‍ ഉള്ളതായി കാണാന്‍ സാധിക്കും. ഒന്ന് അടിസ്ഥാനപരമായി ബ്ലാക്ക് മൂവ്മെന്‍റ് എന്നത് തന്നെ വംശീയ വിരുദ്ധ പോരാട്ടമാണ് എന്നിരിക്കെ, അതിന്‍റെ രാഷ്ട്രീയ മാനങ്ങളെ അദൃശ്യമാക്കിക്കൊണ്ട് ആഘോഷിക്കുന്ന ഇന്ത്യന്‍ വരേണ്യ സമൂഹം, രാജ്യത്തെ കീഴാള സ്വത്വ മുന്നേറ്റങ്ങളെ നിരാകരിക്കുക വഴി വംശീയതയുടെ മറ്റൊരു രൂപം പുന:ര്‍സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ വംശീയതക്കെതിരെയുള്ള പോരാട്ടത്തെ ആഘോഷമാക്കിക്കൊണ്ട് തന്നെ വംശീയത പുന:രുദ്പാദിപ്പിക്കുകഎന്ന പ്രക്രിയയിലാണ് രാജ്യത്തെ വരേണ്യ-ലിബറല്‍ പൊതുസമൂഹം ഏര്‍പ്പെട്ടിരിക്കുന്നത്. രണ്ട്, ഇന്ത്യന്‍ കീഴാള സ്വത്വ മുന്നേറ്റങ്ങളെ അംഗീകരിക്കാന്‍ ശ്രമിച്ചാല്‍ അത് സ്വന്തം സ്വത്വത്തെയും അത് ഉദ്പാദിപ്പിക്കുന്ന സാംസ്കാരിക മൂലധനങ്ങളെയും പ്രശ്നവത്ക്കരിക്കാന്‍ ലിബറല്‍ സമൂഹത്തെ നിര്‍ബന്ധിതമാക്കും എന്നുള്ളതാണ്. നൂറ്റാണ്ടുകളായി പാരമ്പര്യ അവകാശമായി അധികാരം കൈയ്യടക്കി വരുന്ന വരേണ്യ ലിബറല്‍ ജനതയെ സംബന്ധിച്ചിടത്തോളം ഇത്തരം സ്വത്വ ഇടപാടുകള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സമൂഹത്തിന്‍റെ അധികാര ഘടനകളെ അസ്ഥിരപ്പെടുത്താനും അധീശ സമുദായങ്ങള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും രാഷ്ട്രീയ കരുത്തുള്ള ദലിത്-കീഴാള സ്വത്വ മുന്നേറ്റങ്ങളെ അധാര്‍മ്മികവത്ക്കരിച്ച് അപകടകരമായ രാഷ്ട്രീയ രൂപമായി നിര്‍മ്മിച്ചെടുക്കുക എന്നുള്ളത് അതിനാല്‍ തന്നെ വരേണ്യ ലിബറല്‍ പൊതു സമൂഹത്തിന്‍റെ പ്രത്യക്ഷ താത്പര്യം തന്നെയാണ്. ഈ ഒരു രാഷ്ട്രീയ ഉള്‍ക്കാഴ്ച്ചയാണ് സത്യത്തില്‍ ജോര്‍ജ്ജ് ഫ്ലോയിഡിന് വേണ്ടി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം സ്വന്തം സാമൂഹിക പരിസരങ്ങളിലെ വിവിധ സ്വത്വങ്ങളെ സൗകര്യപൂര്‍വ്വം റദ്ദ് ചെയ്യാനും അതേസമയം തങ്ങളുടെ പുരോഗമന ഇടം നിലനിര്‍ത്താനും ലിബറല്‍-വരേണ്യ സമൂഹത്തെ പ്രേരിപ്പിക്കുന്നത്.

അതായത് ഇന്ത്യന്‍ സാമൂഹിക പരിസരങ്ങളിലെ കീഴാള സ്വത്വങ്ങള്‍ എല്ലാം അപകടം പിടിച്ചതും അതേസമയം യൂറോപ്പ്യന്‍ കീഴാള സ്വത്വങ്ങള്‍ ആഘോഷിക്കപ്പെടാവുന്നതുമായ സവിശേഷ രൂപങ്ങളായാണ്‌ രാജ്യത്തെ ‘പുരോഗമന’ സമൂഹം വിലയിരുത്തുന്നതെന്നു സാരം. ഈ ഒരു കാഴ്ച്ചപ്പാടില്‍ പ്രധാനമായും രണ്ട് തരം പ്രശ്നങ്ങള്‍ ഉള്ളതായി കാണാന്‍ സാധിക്കും.

“ബ്ലാക്ക് ലിവ്സ് മാറ്റര്‍” എന്നതിന് സമാനമായി “ദലിത് ലിവ്സ് മാറ്റര്‍” അല്ലെങ്കില്‍ “മുസ്ലിം ലിവ്സ് മാറ്റര്‍” എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ ഉള്ള പ്രശ്നം ഇവിടെ പ്രതിസ്ഥാനത്ത് ആരാണ് എന്ന് കൂടെ സ്വാഭാവികമായും നമുക്ക് വെളിപ്പെടുത്തേണ്ടതായി വരുന്നു. ഈ ചോദ്യം ഉറപ്പായും ചെന്ന് അവസാനിക്കുക ശ്രേണീകൃത അസമത്വങ്ങള്‍ ഉദ്പാദിപ്പിക്കുന്ന സാമൂഹിക അധികാര ഘടനയുടെ ഏറ്റവും മുകള്‍ത്തട്ടില്‍ നിലനില്‍ക്കുന്ന സമുദായങ്ങളില്‍ തന്നെയാവും. ഇത് മുഖ്യധാര രാഷ്ട്രീയ പാര്‍ടികളില്‍, സ്ഥാപനങ്ങളില്‍, മുതലാളിത്ത-വ്യാവസായിക ഇടങ്ങളില്‍, ഭരണകൂടങ്ങളില്‍ അധികാരം കൈയ്യാളുന്ന വരേണ്യ-ലിബറല്‍ പൊതുസമൂഹത്തിന്‍റെ പുരോഗമന കാപട്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍ കാരണമാകും. അതുകൊണ്ട് തന്നെ ചരിത്രപരമായി വിഭാവാധികാരം നിഷേധിക്കപ്പെടുകയും അരികുവത്ക്കരിക്കപ്പെടുകയും ചെയ്ത ജനതയുടെ “ദലിത് ലിവ്സ് മാറ്റര്‍” എന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ തിരസ്ക്കരിക്കേണ്ടതും ജനാധിപത്യ വിരുദ്ധമായി ചിത്രീകരിക്കേണ്ടതും ലിബറല്‍ മുഖ്യധാരയുടെ ആവശ്യമായി തീരുന്നു. എന്നാല്‍ ഈ കാപട്യത്തെ കൂടെ തുറന്നു കാണിച്ചും പ്രശ്നവത്ക്കരിച്ചും തന്നെ വേണം ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ ദലിത്-കീഴാള ജനത മുന്നോട്ടു കൊണ്ട് പോകേണ്ടത്.

Tags:    

Similar News