എന്ത് കൊണ്ട് കഥാകൃത്ത് വില്ലനെ കണ്ടില്ല?

ഈ പുസ്തകം ടി.ഡി രാമകൃഷ്ണൻ സമർപ്പിച്ചിട്ടുള്ളത് സഖാവ് കൊണ്ടപ്പളളി സീതരാമയ്യക്കാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് മാറ്റി സമർപ്പിക്കേണ്ടതാണ്. ആർക്ക് എന്ന് ആദ്യകഥ വായിച്ചശേഷം അഭിപ്രായപ്പെടുക

Update: 2020-12-02 14:10 GMT

ഈ പുസ്തകം ടി. ഡി രാമകൃഷ്ണൻ സമർപ്പിച്ചിട്ടുള്ളത് സഖാവ് കൊണ്ടപ്പളളി സീതരാമയ്യക്കാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് മാറ്റി സമർപ്പിക്കേണ്ടതാണ്. ആർക്ക് എന്ന് ആദ്യകഥ വായിച്ച ശേഷം ഓരോരുത്തരും അഭിപ്രായപ്പെടുക.

ആദ്യത്തെ കഥയുടെ പേര് തന്നെയാണ് പുസ്തകത്തിൻ്റെ പേര്. സിറാജുന്നിസ. അത് ഒരൊറ്റകഥയല്ല എന്നാണ് കഥാകൃത്ത് കഥയുടെ തുടക്കമായി പറയുന്നത്. ആ ആമുഖമിങ്ങനെ:

"സുമാർ കാൽ നൂറ്റാണ്ടുമുമ്പ് 1991 ഡിസംബർ 15ന് പാലക്കാട് പട്ടണത്തിലെ പുതുപ്പള്ളി തെരുവിൽവെച്ച് സിറാജുന്നിസയെന്ന പതിനൊന്നുകാരി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. വെടിയേൽക്കുമ്പോൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ പാവം പെൺകുട്ടി. അവളുടെ നേതൃത്വത്തിൽ അക്രമാസക്തരായി വന്ന ഇരുന്നൂറോളം പേരെ പിരിച്ചുവിടാൻ വെടിവെക്കേണ്ടിവന്നു എന്നായിരുന്നു പൊലീസിൻ്റെ ന്യായീകരണം. ബാബറി മസ്ജിദ് പൊളിക്കലിലേക്ക് നയിച്ച ഭാരത യാത്രകളിലൊന്നിൻ്റെ രക്തസാക്ഷിയായിരുന്നു സിറാജുന്നിസ. എൻ്റെ ഓർമകളിലേക്ക് ഓടിവന്ന് അവൾ പറഞ്ഞ മൂന്ന് കഥകളാണ് താഴെ കൊടുക്കുന്നത് "

Advertising
Advertising

- എന്ന ആമുഖത്തിനു ശേഷം, കഥകൾ ആരംഭിക്കുകയാണ്. ഗുജറാത്തിലാണ് ഒന്നാം കഥ.

ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം കേരളത്തിൽ നിന്ന് ബറോഡയിലേക്ക് ഒരു സമാധാന സന്ദേശവുമായി എത്തിയ സാംസ്കാരിക സംഘത്തിൻ്റെ ഭാഗമായാണ് കഥാകൃത്ത് അവിടെയെത്തുന്നത്. അവിടെ വെച്ചാണ് സിറാജുന്നിസ ആദ്യം ഓടിയെത്തുന്നത്.

"മാഷേ, മാഷക്കെന്നെ ഓർമയില്ലേ.. ഞാൻ സിറാജുന്നിസ.."

ഞാനവളെ സൂക്ഷിച്ചുനോക്കി. പതിനൊന്നു കൊല്ലം മുമ്പ് നെറ്റിയിൽ വെടിയുണ്ടയേറ്റ് പിടഞ്ഞു മരിച്ച ആ കുഞ്ഞിൻ്റെ കണ്ണുകൾ എൻ്റെ ഓർമയിലേക്ക് വന്നു. അവളിപ്പോൾ അത്ര ചെറിയ കുട്ടിയല്ല. വലുതായിരിക്കുന്നു. പത്തിരുപത് വയസ്സ് തോന്നും. അവൾക്ക് ഏറെ ഇഷ്ടമായിരുന്ന പൂമ്പാറ്റയുടെ ചിത്രമുള്ള ഉടുപ്പും ഇളംപച്ച തട്ടവുമല്ല വേഷം. സൗന്ദര്യവും കുസൃതിയുമൊക്കെ ഒരു കറുത്ത പർദ്ദയിലേക്ക് ഒതുങ്ങിപ്പോയിരിക്കുന്നു. കണ്ണുകളിലെ പ്രകാശത്തിൽ നിന്നുമാത്രമാണ് അവളെ തിരിച്ചറിയാൻ കഴിയുന്നത്.

"സിറാ.... നീ ഇവിടെ? ഞാൻ അൽഭുതത്തോടെ ചോദിച്ചു.

"മാഷേ, അന്ന് പുതുപ്പള്ളിത്തെരുവിൽ വെച്ച് കൊല്ലപ്പെട്ട സിറാജുന്നിസ തന്നെയാണ് ഞാൻ. മരണത്തിനെന്നെ തോൽപ്പിക്കാൻ കഴിഞ്ഞില്ല"

അവൾ പറഞ്ഞത് എനിക്ക് മനസ്സിലായില്ലെങ്കിലും മനസ്സിലായതായി നടിച്ചു. ഞങ്ങൾ ബെസ്റ്റ് ബേക്കറിയുടെ മുന്നിൽ നിന്നും മരണത്തിൻ്റേയും കണ്ണീരിൻ്റേയും മണമില്ലാത്ത ഒരിടം അന്വേഷിച്ചു നടന്നു. ലക്ഷ്മി വിലാസ് കൊട്ടാരത്തിൻ്റെ പുൽത്തകിടിയിലിരുന്ന് സിറാ അവളുടെ കഥ പറയാൻ തുടങ്ങി...

അക്കഥയനുസരിച്ച്, പുതുപ്പള്ളിത്തെരുവിൽ രക്തം ചിന്തിയ സിറാജുന്നിസയിൽ നിന്ന് ടി.ഡി. രാമകൃഷ്ണൻ പുനരാഖ്യാനം ചെയ്യുന്ന ഒന്നാം കഥയനുസരിച്ച്, അവളന്ന് മരിച്ചില്ലെന്ന് വിശ്വസിക്കണം. എങ്ങനെയോ രക്ഷപ്പെട്ടെന്ന്. പിന്നെ പഠിച്ചു. പത്താം ക്ലാസ് പാസായ ഉടനെ കല്ല്യാണം കഴിച്ചു. ഭർത്താവ് ഫിറോസ് വളരെ നല്ലവനായിരുന്നു. അവന് സൂറത്തിലായിരുന്നു ജോലി. ദീനദയാൽ പട്ടേലിൻ്റെ ഫാക്ടറിയിലെ ട്രക്കിൻ്റെ ഡ്രൈവർ. അങ്ങനെയവൾ ഗുജറാത്തിലെത്തി.

അക്കഥയനുസരിച്ച്, പുതുപ്പള്ളിത്തെരുവിൽ രക്തം ചിന്തിയ സിറാജുന്നിസയിൽ നിന്ന് ടി.ഡി. രാമകൃഷ്ണൻ പുനരാഖ്യാനം ചെയ്യുന്ന ഒന്നാം കഥയനുസരിച്ച്, അവളന്ന് മരിച്ചില്ലെന്ന് വിശ്വസിക്കണം. എങ്ങനെയോ രക്ഷപ്പെട്ടെന്ന്. പിന്നെ പഠിച്ചു. പത്താം ക്ലാസ് പാസായ ഉടനെ കല്ല്യാണം കഴിച്ചു. ഭർത്താവ് ഫിറോസ് വളരെ നല്ലവനായിരുന്നു. അവന് സൂറത്തിലായിരുന്നു ജോലി. ദീനദയാൽ പട്ടേലിൻ്റെ ഫാക്ടറിയിലെ ട്രക്കിൻ്റെ ഡ്രൈവർ. അങ്ങനെയവൾ ഗുജറാത്തിലെത്തി.

ഒരു മകളുമായി. നീലോഫർ. ജീവിതമങ്ങനെ സന്തോഷഭരിതമായി വരുമ്പോൾ ഗുജറാത്ത് വല്ലാതെ മാറുകയായിരുന്നു. പുതിയ മുഖ്യമന്ത്രി അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ വളരെ മോശമായി. ഹിന്ദുത്വ വാദം ശക്തമായി. ദീൻദയാൽ പട്ടേൽ ഹിന്ദുക്കളല്ലാത്തവരെ ജോലിയിൽ നിന്നു പുറത്താക്കി. കാര്യങ്ങൾ വിഷമത്തിലായി. പിന്നാലെ കലാപവും പൊട്ടിപ്പുറപ്പെട്ടു.

അതിൽ, ഫിറോസും നീലോഫറും സിറാജുന്നിസയുടെ മുന്നിൽ വെച്ച് കൊല്ലപ്പെട്ടു. ഫിറോസിൻ്റെ തല വെട്ടിയെടുക്കുകയായിരുന്നു. നിലോഫർ ശ്വാസംകിട്ടാതെ പിടയുമ്പോൾ സിറാജു ന്നിസയെ ആക്രമികൾ ജീപ്പിലേക്ക് വലിച്ചിടുകയായിരുന്നു.

പട്ടേലിൻ്റെ ഗോഡൗണിലേക്കാണ് കൊണ്ടുപോയത്. മൂന്നു യുവതികളെ അതിനു മുമ്പേ അവിടെ എത്തിച്ചിരുന്നു. ദീനദയാൽ പട്ടേലിനു പുറമെ ഹിന്ദുത്വ പാർട്ടിയുടെ മൂന്നു നേതാക്കളും രണ്ട് പൊലീസുദ്യോഗസ്ഥരും അവിടെ കാത്തു നിന്നിരുന്നു.

"അവരിൽ ഏറ്റവും ശക്തനായ കടുവ എൻ്റെ നേരെ ചാടിവീഴുമ്പോൾ മറ്റു കടുവകൾ മാന്യമായി പുറത്തേക്കിറങ്ങിപ്പോയി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. സിറാജുന്നിസാ ഫിറോസ് എന്ന പേര് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ലിസ്റ്റിൽ ഉണ്ടാകാനിടയില്ല. അഞ്ചാമത്തെ കടുവയും കടിച്ചുകീറിയതിനുശേഷം അവർ എൻ്റെ മൃതശരീരം ഫാക്ടറിയുടെ ഫർണസിലിട്ട് കത്തിച്ചുകളയുകയായിരുന്നു."

- ഒന്നാം കഥ കഴിഞ്ഞു. സുമാർ പന്ത്രണ്ട് വർഷത്തിന് ശേഷം, 2014 ആഗസ്റ്റിലാണ് രണ്ടാം കഥ. അതിലവൾക്ക് മുപ്പത് വയസിലേറെയുണ്ടാകും. മുംബൈ നരിമാൻ പോയിൻ്റിലിരുന്ന് അറബിക്കടലിലേക്ക് നോക്കി നിർവികാരയായി അവൾ രണ്ടാം കഥ പറഞ്ഞു:

രഥയാത്രയിൽ നരേന്ദ്ര മോദി

രണ്ടാം കഥയിൽ,

വെടിയുണ്ട ഏൽപ്പിച്ച പരുക്കിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയത് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്. പിന്നീട് അവളും ഉമ്മയും താമസിച്ചതും കോയമ്പത്തൂരിൽ തന്നെ. മാമയോടൊപ്പം. 1997 മാർച്ച് 14 ന് കല്യാണം. ബഷീർ അഹമ്മദ് ഫൈസി എന്ന മതപണ്ഡിതനാണ് കെട്ടിയത്.

അദ്ദേഹത്തിന് സ്വന്തം നാട്ടിലും മറ്റു സ്ഥലങ്ങളിലുമായി മൂന്നു ഭാര്യമാർ വേറെയുമുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും അവൾക്കതൊരു പ്രശ്നമായി തോന്നിയില്ല. നിക്കാഹ് കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുമ്പേ പ്രസവിച്ചു. 1998 ഫെബ്രുവരി 14 ന്. അന്നായിരുന്നു കോയമ്പത്തൂർ സ്ഫോടനം.

അത്യാവശ്യമായ ചില കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഭർത്താവിനെ പിന്നീടവൾ കണ്ടിട്ടില്ല. കുറേക്കാലം അദ്ദേഹത്തെ അന്വേഷിച്ച് പോലീസുകാർ വീട്ടിൽ ചെന്നിരുന്നു. പീന്നീടത് നിന്നു. അതിർത്തികടന്ന് പാക്കിസ്ഥാനിലേക്ക് 'രക്ഷപ്പെടാൻ' ശ്രമിക്കുമ്പോൾ പട്ടാളക്കാർ വെടിവച്ചു കൊന്നു എന്നാണ് ഒടുവിൽ കേട്ടത്. സത്യമെന്തെന്ന് അറിയാൻ പറ്റിയില്ല!

ചെറുപ്പത്തിലേ പാട്ട് ഇഷ്ടമായിരുന്നു. പാലക്കാടായിരുന്നപ്പോൾ സംഗീതം പഠിച്ചിരുന്നു. നൂറണി അഗ്രഹാരത്തിലെ ലക്ഷ്മി മാമിയാണ് പഠിപ്പിച്ചിരുന്നത്. കർണാടക സംഗീതം. ആദ്യത്തെ വർണം പഠിച്ചു തുടങ്ങിയപ്പോഴാണ് വെടിയേറ്റ് വീണത്. പതിനേഴാം വയസ്സിൽ കൈക്കുഞ്ഞുമായി തളർന്നിരുന്നപ്പോൾ സംഗീതത്തിൽ അഭയം തേടി.

സിറാജുന്നിസ

കോയമ്പത്തൂരിലെ മാമയുടെ സുഹൃത്ത് കമാൽ ഭായി പാട്ട് പഠിപ്പിച്ചു. ഹിന്ദുസ്ഥാനി. കല്യാണങ്ങൾക്കൊക്കെ പാടിത്തുടങ്ങി. പിന്നെ കച്ചേരികൾക്ക് പാടി. പക്ഷേ അവൾക്കിഷ്ടം ലതാ മങ്കേഷ്ക്കറുടെ പാട്ടുകൾ പാടാനായിരുന്നു. ലതാജിയുടെ ശബ്ദത്തിൽത്തന്നെ പാടും. അനുകരണം എന്നു പറഞ്ഞ് കമാൽ ഭായി നിരുത്സാഹപ്പെടുത്തിയെങ്കിലും അവൾ ലതാ മങ്കേഷ്ക്കറായി പാടി. അവരുടെ എല്ലാ പാട്ടുകളും.

'സത്യം, ശിവം, സുന്ദരം' എന്ന പേരിൽ കോയമ്പത്തൂരിൽ ലതാ മങ്കേഷ്ക്കർ നൈറ്റ് നടത്തി. ആസ്വാദകർ ഏറ്റെടുത്തു. ഇന്ത്യയിലാകെ 42 വേദികളിൽ 'സത്യം ശിവം സുന്ദരം' അവതരിപ്പിച്ചു. ഏറ്റവും ഒടുവിലത്തെതാണ് മുംബൈയിൽ.

മുംബൈയിൽ ചെന്നപ്പോൾ മതതീവ്രവാദികളുടെ എതിർപ്പ്. മുസ്ലിം പെണ്ണ് 'സത്യം ശിവം സുന്ദരം' പാടരുത് എന്നാണ് വാദം.

ഷൺമുഖാനന്ദ ഹാളിൽ കടത്തില്ലെന്ന് അവരുടെ നേതാക്കൾ. കനത്ത പോലീസ് കാവലിൽ പാടിത്തുടങ്ങി. തുടക്കം മുതൽ ഗംഭീര കയ്യടി . ആറാമത്തെ പാട്ട് 'കഭീ കഭീ'. അത് നന്നായിപ്പാടിയതിൻ്റെ ആത്മവിശ്വാസത്തിൽ 'സത്യം ശിവം സുന്ദരം'. ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കേൾക്കുന്ന സദസ്സ്.

"പക്ഷേ, അവസാന വരി പാടിക്കഴിഞ്ഞപ്പോൾ കൈയ്യടിയോടൊപ്പം എവിടെ നിന്നോ ഒരു വെടിയുണ്ട എൻ്റെ നെറ്റിയെ ലക്ഷ്യമാക്കി പാഞ്ഞുവന്നു. ഈ രാജ്യത്ത്, ആര്, എന്ത്, എവിടെ പാടണമെന്ന് നിശ്ചയിക്കാൻ ആളുകളുണ്ടെന്ന് ആ വെടിയുണ്ട എൻ്റെ ചെവിയിൽ പറഞ്ഞു " - രണ്ടാമത്തെ കഥ കഴിഞ്ഞു.

മൂന്നാമത്തെ കഥ ദില്ലിയിലാണ്. ജെ.എൻ.യുവിൽ. കനയ്യകുമാറിൻ്റെ മോചനത്തിനായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ എത്തിയതാണ് കഥാകൃത്ത്. അവിടെ വെച്ചാണ് സിറാജുന്നിസയെ കാണുന്നത്:

"ഞാൻ അന്നു മരിച്ചില്ല. എങ്ങനെയോ ദില്ലിയിലെത്തി. പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെൻ്റിലാണ്. ഇതെൻ്റെ പാർട്ണർ ജാവേദ്. വരൂ മാഷേ നമുക്ക് ക്വാർട്ടേഴ്സിലേക്ക് പോകാം. അവിടെയാകുമ്പോൾ സ്വസ്ഥമായി സംസാരിക്കാം".

ആ കഥയിൽ ജെ.എൻ.യുവിൽ അദ്ധ്യാപികയാണ്. ജാവേദ് ഗവേഷണ വിദ്യാർത്ഥിയാണ്. കശ്മീരിയാണ്. പ്രണയമായി. ആ പ്രണയം പലർക്കും പ്രശ്നമായി. പോലീസിനുവരെ. അപ്പോൾ വിവാഹം രജിസ്റ്റർ ചെയ്തു.

അതോടെ ഓരോ കാരണങ്ങൾ പറഞ്ഞ് പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങി. ലഷ്ക്കർ ചാവേറാണോ എന്നുവരെ ചോദിച്ചു. എത്ര തവണ അപ്പുറത്തെ കശ്മീരിൽ പോയിട്ടുണ്ടെന്നുമൊക്കെ ചോദിച്ചു. വാശിക്ക് ഒരിക്കൽ കശ്മീരിൽ പോയി. താഴ് വാരയിൽ കറങ്ങാനായിരുന്നു പോയത്. മടങ്ങാൻ തീരുമാനിച്ചതിൻ്റെ തലേ ദിവസം രാത്രി ശ്രീനഗറിലെ ഹോട്ടൽ മുറിയിൽ നിന്ന് രണ്ടാളേയും മിലിട്ടറി പോലിസ് കസ്റ്റഡിയിലെടുത്തു.

പിന്നെ പതിമൂന്നു ദിവസത്തെ ഭേദ്യം ചെയ്യൽ. ദില്ലിയിൽ കേട്ട ചോദ്യങ്ങൾ തന്നെയാണ് ആവർത്തിച്ചത്. എന്തിനാ നാണ് കശ്മീരി മുസ്ലിമിനെ വിവാഹം ചെയ്തത്? എത്ര തവണ പാക്കിസ്ഥാനിൽ പോയി? എന്തൊക്കെ ആയുധങ്ങൾ ഉപയോഗിക്കാൻ പഠിച്ചു? ദില്ലിയിലെ ക്വോർട്ടേഴ്സിൽ ഏതൊക്കെ കശ്മീർ വിമോചന വാദികൾ താമസിച്ചിട്ടുണ്ട്?....

"ഞാൻ മറുപടിയൊന്നും പറയാതെ തല കുനിച്ചു നിന്നു. മേജർ എൻ്റെ മാറിലേക്ക് ആർത്തിയോടെ നോക്കി. അന്നത്തെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് അയാളെന്നെ കിടപ്പറയിലേക്ക് കൂട്ടികൊണ്ടുപോയി. തുടർന്നുള്ള പന്ത്രണ്ട് ദിവസങ്ങളിലും പല കേന്ദ്രങ്ങളിലായി പല ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലുകൾ ആവർത്തിച്ചു. ലൈംഗിക പീഡനങ്ങളും "

" പതിമൂന്നാം ദിവസം ഒരു വിഡ്ഢിയായ ബുദ്ധിജീവിയാണ് എന്നുറപ്പായപ്പോൾ അവർ എന്നെ ദില്ലിയിൽ എത്തിച്ചു. ജാവേദ് ഒരു ദിവസം മുമ്പേ വന്നിരുന്നു. അവന് എന്തു സംഭവിച്ചുവെന്ന് ഞാനോ, എനിക്ക് എന്ത് സംഭവിച്ചുവെന്ന് അവനോ ഇതുവരെ ചോദിച്ചിട്ടില്ല".

കഥ കഴിഞ്ഞു. സിറാജുന്നിസയുടെ ഭാഗ്യത്തിന്, പിന്നീടവൾ കഥാകൃത്തിൻ്റെ ഓർമകളിലേക്ക് ഓടിയെത്തിയിട്ടില്ല.

"സിറാജുന്നിസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിൻ്റെ യാഥാർത്ഥ്യങ്ങളുടെ അങ്കലാപ്പിൽ നിന്നാണ് " എന്ന് പുസ്തകത്തിൻ്റെ പിൻ കവറിൽ സത്യവാങ്മൂലമുണ്ട്. കഥാകൃത്തിൻ്റേതാണോ അതോ പ്രസാധകൻ്റെതാണോ എന്ന് അറിയാൻ വഴിയില്ല. എന്തായാലും അത് മുഖവിലക്കെടുക്കാം.

അതിൻ്റെ തുടർച്ചയിങ്ങനെയാണ്: "1991- ൽ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ ആ മുസ്ലിം പെൺകുട്ടിയുടെ ജീവിതം ഇന്ത്യാ മഹാരാജ്യത്തിൽ എങ്ങനെയായിരിക്കും എന്ന ചിന്തയുടെ മൂന്നു സാധ്യതകളാണ് ഈ കഥ." ആവട്ടെ. അതുമൊരു ന്യായീകരണം. അതും വകവെച്ചു കൊടുക്കാം.

സിറാജുന്നിസ ഒഴികെയുള്ള കഥാപാത്രങ്ങളെയെല്ലാം കഥാകൃത്ത് ഭാവനയിൽ നിന്ന് അണിനിരത്തുകയാണ്. എന്തുകൊണ്ടെന്നറിഞ്ഞില്ല, യഥാർത്ഥ സംഭവത്തിലെ വില്ലനെപ്പോലും അദ്ദേഹം കാണാതെ വിട്ടു.

രമൺ ശ്രീവാസ്തവ

അത് മറ്റാരുമല്ല. 1991 ഡിസംബർ 15ന് ഡി.ഐ.ജി ആയിരുന്ന ആൾ. രമൺ ശ്രീവാസ്തവ. അന്ന്, പാലക്കാട് വഴി രഥയാത്ര കടന്നു പോയ അന്ന് "എനിക്ക് വേണ്ടത് മുസ്ലിം ശവശരീരങ്ങളാണ് " - എന്ന് ഈ വില്ലൻ വയർലസ്സിലൂടെ അലറിയെന്നത് കഥയല്ല. അന്ന് മന്ത്രിയായിരുന്ന ടി.എം ജേക്കബ് ഒരു കലക്ടറേറ്റിൽ ഇരുന്ന് അത് കേട്ടതാണത്. ആ മന്ത്രി അത് കേരളത്തോട് വിളിച്ചു പറഞ്ഞതാണ്. അതിപ്പോഴും കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെട്ടുകിടക്കുന്നു.

എന്നിട്ടും ഈ കഥയിൽ ആ വില്ലൻ വരുന്നില്ല. ആ അലർച്ച വരുന്നില്ല. പക്ഷേ, പുസ്തകക്കവറിലെ സത്യവാങ്ങ്മൂലം പറയുന്നതുപോലെ, "അന്ന് ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങൾ കൂടുതൽ തീവ്രമാകുകയും ഓരോ നിമിഷവും ഒരു ചീത്ത വാർത്ത കേൾക്കാൻ തയ്യാറായി ഇരിക്കേണ്ട തലത്തിലേക്ക് കാലം മാറുകയും" ചെയ്തപ്പോൾ ആ വില്ലൻ കേരളത്തിൻ്റെ മുന്നിലുണ്ട്.

എന്നിട്ടും ഈ കഥയിൽ ആ വില്ലൻ വരുന്നില്ല. ആ അലർച്ച വരുന്നില്ല. പക്ഷേ, പുസ്തകക്കവറിലെ സത്യവാങ്ങ്മൂലം പറയുന്നതുപോലെ, "അന്ന് ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങൾ കൂടുതൽ തീവ്രമാകുകയും ഓരോ നിമിഷവും ഒരു ചീത്ത വാർത്ത കേൾക്കാൻ തയ്യാറായി ഇരിക്കേണ്ട തലത്തിലേക്ക് കാലം മാറുകയും" ചെയ്തപ്പോൾ ആ വില്ലൻ കേരളത്തിൻ്റെ മുന്നിലുണ്ട്.

അന്നത്തേക്കാൾ പ്രതാപത്തോടെ. അന്നത്തേക്കാൾ അധികാരത്തോടെ. ഇന്നും കേരളാ പോലീസിനെക്കൊണ്ട് എന്ത് ചെയ്യിക്കണം എന്ന് തീരുമാനിക്കുന്നത് അയാളാണ്. ഇന്ത്യയിൽ ആകെപ്പാടെയുള്ള ഒരേയൊരു ഇടതുപക്ഷ സർക്കാറിൻ്റെ പോലീസിനെ നയിക്കുന്നത് ആ വില്ലനാണ്.

ഇന്ന് ഇന്ത്യ ഭരിക്കുന്നതോ? ഗുജറാത്ത് വല്ലാതെ മാറിയ കാലത്ത് അധികാരത്തിൽ വന്ന പുതിയ മുഖ്യമന്ത്രി!

അന്ന്, 1991-ൽ ആ രഥയാത്രയുടെ സംഘാടകനായി പാലക്കാട് വഴി കടന്നു പോയ ആളാണ് ഈ പ്രധാനമന്ത്രി എന്നതും ഭാവനയല്ല. അയാൾ മുഖ്യമന്ത്രിയായപ്പോൾ ഗുജറാത്തിലെ കാര്യങ്ങൾ കൂടുതൽ മോശമായെങ്കിൽ പ്രധാനമന്ത്രിയായപ്പോൾ രാജ്യത്തെ കാര്യങ്ങൾ കൂടുതൽ വഷളായി. അതിൻ്റെ തെളിവുകൂടിയാണ് രമൺ ശ്രീവാസ്തവയൊക്കെ പോലീസിൻ്റെ തലപ്പത്ത് തുടരുന്നത്. അതിൻ്റെ താഴെ മാത്രമാണ് മുഖ്യമന്ത്രി.

സ്വന്തം പാർട്ടിയിലെ രണ്ടംഗങ്ങളെ അയാളുടെ പോലീസ് തീവ്രവാദികളാക്കിയെടുത്തപ്പോൾ വിപ്ലവകാരിയായ മുഖ്യമന്ത്രി അത് ന്യായീകരിച്ചു. സ്വന്തം മന്ത്രിസഭയിലെ ഒരു അംഗത്തെ അയാളുടെ വിജിലൻസ് അഴിമതിക്കാരനാക്കിയെടുത്തപ്പോൾ മഹാ കമ്യൂണിസ്റ്റായ മുഖ്യമന്ത്രി അതും ന്യായീകരിച്ചു കൊടുത്തു.

- ഇനിപ്പറയൂ, ഈ പുസ്തകം ഇപ്പോൾ ആർക്ക് സമർപ്പിക്കണം! ഇനിയും പാവം കൊണ്ടപ്പള്ളി ഈ ഭാവനയുടെ ഭാരം പേറണോ?

Tags:    

Similar News