നാണംകെട്ട് വിന്‍ഡീസ്; വമ്പന്‍ ജയവുമായി ബംഗ്ലാദേശ് 

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ബംഗ്ലാദേശ് തൂത്തുവാരുകയായിരുന്നു. 

Update: 2018-12-02 10:10 GMT
Advertising

ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിനോടും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി വെസ്റ്റ്ഇന്‍ഡീസ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ബംഗ്ലാദേശ് തൂത്തുവാരുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് വെസ്റ്റ്ഇന്‍ഡീസിനെതിരെ പരമ്പര വിജയിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 184 റണ്‍സിനുമായിരുന്നു ബംഗ്ലാദേശിന്റെ വിജയം. രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ മെഹദി ഹസനാണ് വെസ്റ്റ്ഇന്‍ഡീസിന്റെ കഥ കഴിച്ചത്. മെഹദി ഹസന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഇത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 508 എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. 136 റണ്‍സ് നേടിയ മഹ്മൂദുള്ളാ, ഷദ്മാന്‍ ഇസ്ലാം(76) ഷാക്കിബ് അല്‍ ഹസന്‍(80) ലിറ്റന്‍ ദാസ്(54) എന്നിവരുടെ മികവാണ് ബംഗ്ലാദേശിനെ രക്ഷിച്ചത്. മറുപടി ബാറ്റിങില്‍ വിന്‍ഡീസ് 111ന് പുറത്തായി. ഫോളോ ഓണ്‍ വഴങ്ങി ബാറ്റിങ് തുടര്‍ന്ന വിന്‍ഡീസിന് പിന്നെയും രക്ഷയില്ലായിരുന്നു, 213 റണ്‍സിന് പുറത്ത്. ഷിംറോണ്‍ ഹെറ്റ്മയറിന്റെ 93 റണ്‍സാണ് വിന്‍ഡീസിന് അല്‍പമെങ്കിലും ആശ്വാസമായത്. 92 പന്തില്‍ നിന്ന് ഒമ്പത് സിക്‌സറുകളുടെയും ഒരു ഫോറിന്റെയും ബലത്തിലാണ് ഹെറ്റ്മയര്‍ 93 റണ്‍സ് നേടിയത്.

ഹെറ്റ്മയര്‍ പുറത്തായതോടെ അവരുടെ പോരാട്ടവും നിലച്ചു. ആദ്യ ടെസ്റ്റില്‍ 64 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ഇനി മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന-ടി20 പരമ്പരയാണ് വിന്‍ഡീസും ബംഗ്ലാദേശും തമ്മില്‍ കളിക്കാനുള്ളത്.

Tags:    

Similar News